കണ്ണൂർ: കാട്ടാനയും കടുവയും വിഹരിക്കുന്ന കണ്ണൂരിലെ ആറളംഫാം അടച്ചുപൂട്ടലിലേക്ക്. കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന ആറളം ഫാമിൽ തൊഴിലാളികൾ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പണിമുടക്ക് പ്രഖ്യാപിച്ചതോടെ സർക്കാർ ഉടമസ്ഥതയിലുള്ള ഫാം അടച്ചുപൂട്ടലിന്റെ വക്കിലായി.

കഴിഞ്ഞ അഞ്ചുമാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ആറളം ഫാമിലെ തൊഴിലാളികൾ വീണ്ടും പണിമുടക്കിലേക്ക് നീങ്ങുന്നതോടെ ഫാമിന്റെ പ്രവർത്തനം മുൻപോട്ടുകൊണ്ടുപോവാൻ കഴിയാത്ത അവസ്ഥയിലാണ്. കൂടുതൽ വേതനം ലഭിക്കുന്നതിന് അടുത്തൊന്നും സാധ്യത ഇല്ലെന്നു വന്നതോടെ ഈ മാസം ഇരുപത് മുതൽ പണിമുടക്കാൻ തീരുമാനിച്ച് ഫാമിലെ തൊഴിലാളി യൂണിയനുകൾ സംയുക്തമായി ഫാം അധികൃതർക്ക് പണിമുടക്കിന് നോട്ടീസ് നൽകുകയായിരുന്നു.

ജനുവരി 20ന് സൂചന പണിമുടക്കും അതിന് പിന്നാലെ അനിശ്ചിത കാല പണിമുടക്കിനുമാണ് യൂണിയനുകൾ തയ്യാറെടുക്കുന്നത്. മുടങ്ങിക്കടിക്കുന്ന വേതന കുടിശ്ശിക മുഴുവൻ അനുവദിക്കുക, ഫാമിലെ ജീവനക്കാർക്കും തൊഴിലാളികൾക്കുമുള്ള വേതന വിതരണം സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള അഞ്ചുമാസങ്ങളിൽ 150-ൽ അധികം ദിവസം ജോലിചെയ്ത തൊഴിലാളികൾക്ക് ആകെ ലഭിച്ചത് 5000രൂപ മാത്രമാണ്.

സ്ഥിരം തൊഴിലാളികളും താല്ക്കാലിക തൊഴിലാളികളും ജീവനക്കാരുമാടക്കം ഫാമിൽ 390പേരാണ് ഉള്ളത്. ഇതിൽ താല്ക്കാലിക തൊഴിലാളികളും സ്ഥിരം തൊഴിലാളികളുമായി 200ഓളം പേർ പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗത്തിൽപെട്ടവരാണ്. നിത്യചെലവിനുള്ള വഴികണ്ടെത്താനാകാതെ വിഷമിക്കുകയാണ് ഇവർ. ഒരുമാസത്തെ ശബളം മാത്രം നൽകാൻ 70ക്ഷത്തോളം രൂപ വേണം.അഞ്ചുമാസത്തെ വേതന കുടിശ്ശിക തീർക്കണമെങ്കിൽ 3.5 കോടിയിലധികം രൂപ വേണം.

പിരിഞ്ഞുപോയ സ്ഥിരം തൊഴിലാളികൾക്കും ജീവനക്കർക്കുമായി നൽകാനുള്ള ബാധ്യത രണ്ട് കോടിയിലധികംവരും . ഇതിനുള്ള വരുമാനമൊന്നും ഫാമിൽ നിന്നും ലഭിക്കുന്നുമില്ല. ജീവനക്കാർക്കുള്ള പി എഫ് വിഹിതവും പിരിഞ്ഞ ജീവനക്കാർക്കുള്ള ആനുകൂല്യ വിതരണവും നടക്കുന്നില്ല. ഇതിനുമാത്രമായി മൂന്ന് കോടിയോളം രൂപ വേണ്ടി വരുമെന്നാണ് ഫാം മാനേജ്‌മെന്റ് പറയുന്നത്.

ഇതിനിടയിൽ ധനകാര്യ വകുപ്പിന്റെ ഉത്തരവും തൊഴിലാളികളിൽ വൻ അമർഷവും പ്രതിഷേധവും ഉയർത്തിയിട്ടുണ്ട്. ഫാമിൽ ശമ്പളം നൽകാൻ പണം ചോദിച്ചുകൊണ്ടുള്ള ഒരപേക്ഷയും അയക്കേണ്ടെന്നതായിരുന്നു ധനകാര്യ വകുപ്പിന്റെ ഉത്തരവ്. ഫാമിന് വേണ്ട വരുമാനം ഫാമിൽ നിന്നും കണ്ടെത്തണമെന്ന നിർദ്ദേശമാണ് ധകാര്യ വകുപ്പ് നൽകിയിരിക്കുന്നത്. മുൻകാലങ്ങളിലൊക്കെ പ്രതിസന്ധ തരണം ചെയ്യാൻ സർക്കാറിൽ നിന്നും അടിയന്തിര സഹായം അനുവദിച്ചിരുന്നു. ആറു മാസം മുന്മ്പ് നാലു കോടി പ്രഖ്യാപിച്ചിരുന്നെങ്കിലും അനുവദിച്ചത് രണ്ട് കോടി മാത്രമായിരുന്നു. ഈ പണം കൊണ്ടാണ് ഓണക്കാലത്ത് ശബള കുടിശ്ശിക അനുവദിച്ചത്.

കാര്യമായ വരുമാനമൊന്നും ഇപ്പോൾ ഫാമിൽ നിന്നും ലഭിക്കുന്നില്ല. പന്ത്രണ്ടായിരത്തിലേറെ തെങ്ങ് ഉണ്ടായിരുന്ന ഫാമിൽ ഇപ്പോൾ രണ്ടായിരം പോലുമില്ല. ആയിരക്കണക്കിന് തെങ്ങുകളാണ് കാട്ടാന കൂട്ടം കുത്തി നശിപ്പിച്ചത്. അവശേഷിക്കുന്ന തെങ്ങിൽ നിന്ന് കുരങ്ങ് ശല്യം കൂടിയായപ്പോൾ ഒരു ലക്ഷം വരുമാനം പോലും ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോൾ.

നേരത്തെ മഴക്കാലത്തെ പഞ്ഞമാസം കഴിഞ്ഞാൽ തെങ്ങിൽ നിന്നും റബറിൽ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു ശമ്പളം ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തിയിരുന്നത്. റബർ ടാപ്പിംങ്ങും ശരിയായ രീതിയിൽ നടക്കുന്നില്ല. ടാപ്പ് ചെയ്യേണ്ട 30,000ത്തോളം റബർ മരങ്ങളിൽ 5000-ൽ താഴെ മാത്രമാണ് ടാപ്പ് ചെയ്യുന്നത്. തൊഴിലാളി ക്ഷാമവും കാട്ടാന ശല്യവുമെല്ലാം ടാപ്പിംങ്ങിന് തടസമാകുന്നുവെന്നാണ് ഫാം അധികൃതർ പറയുന്നത്. റബർ ലാറ്റെക്‌സ് ആയിട്ടാണ് വിൽപ്പന നടത്തുന്നത്. ലാറ്റെക്‌സിന് തീരെ വിലയില്ലാഞ്ഞതിനാൽ ഉത്പ്പാദന ചെലവ് പോലും ലഭിക്കാത അവസ്ഥയാണ്.

കശുവണ്ടിയിൽ നിന്നുള്ള പ്രതീക്ഷ അസ്ഥാനത്താകുന്ന നിലയിലാണ് ഇപ്പോഴത്തെ സൂചനകൾ. കാട്ടാനയുടേയും കടുവയുടേയും ഭീഷണി കാരണം പല ബ്ലോക്കുകളിലും കാട് വെട്ട് പോലും ആരംഭിച്ചിട്ടില്ല. 618 ഹെക്ടറിലാണ് കശുമാവ് കൃഷിയുള്ളത്. ഇതിൽ കുറെ കൃഷി കാട്ടാന നശിപ്പിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന ഭാഗങ്ങളിൽ കാട് വെട്ട് നടക്കാഞ്ഞതിനാൽ വിളവ് ശേഖരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. മൂന്ന് കോടിയെങ്കിലും വരുമാനം കശുവണ്ടിയിൽ നിന്നും ലഭിച്ചാൽ മാത്രമെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമാകുമെന്നാണ് ഫാം അധികൃതരുടെ പ്രതീക്ഷ.

ഫാമിലെ തൊഴിലാളികളെ സർക്കാർ നിയന്ത്രണത്തിലൂള്ള മറ്റ് ഫാമുകളിലെ തൊഴിലാളികളെ പോലെ പരിഗണിച്ചു കൊണ്ടു തൊഴിലാളികളുടെ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് കാണിച്ച് വിവിധ തൊഴിലാളി സംഘടനാ നേതാക്കളും ജീവനക്കാരുടെ പ്രതിനിധികളും കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഇനിയും വെള്ളാനയായി ആറളം ഫാമിനെ നിലനിർത്താൻകഴിയില്ലെന്ന നിലപാടിലാണ് വനംവകുപ്പ്. ഇതിനിടെവന്യമൃഗശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ ജൈവസങ്കേതമായി ആറളം വനമേഖലയെ നിലനിർത്തി ഫാം അടച്ചുപൂട്ടണമെന്ന് പരിസ്ഥിതി സംഘടനകളും വിവിധ ആദിവാസി നേതാക്കളും ആവശ്യപ്പെടുന്നുണ്ട്.