- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിക്ക് മൊത്തം കിട്ടിയ വോട്ടിനേക്കാള്‍ കൂടുതലാണ് കോണ്‍ഗ്രസിന്റെ ഈ യുവ പോരാളിക്ക് ലഭിച്ച ഭൂരിപക്ഷം; 28 വയസ്സുകാരന് കോണ്‍ഗ്രസിന്റെ 'ബിഗിലി' റാന്നിയില്‍ നടത്തിയത് സര്‍ജിക്കല്‍ സ്ട്രൈക്ക്! പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് തൂത്തുവാരുമ്പോള്‍ കൂടുതല്‍ കൈയ്യടി ആരോണ്‍ ബിജിലി പനവേലിന്
പത്തനംതിട്ട : കേരള രാഷ്ട്രീയത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് ഒരു തിരഞ്ഞെടുപ്പ് വിജയം. കോണ്‍ഗ്രസിന്റെ യുവതുര്‍ക്കി ആരോണ്‍ ബിജിലി പനവേലില്‍ നേടിയത് ഒരു സാധാരണ വിജയമല്ല, മറിച്ച് ചരിത്രമെഴുതിയ തകര്‍പ്പന്‍ റെക്കോഡ് ഭൂരിപക്ഷമാണ്.
ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ റാന്നി അങ്ങാടി ഡിവിഷന്‍ ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പുകള്‍ ആവേശത്തില്‍ അലതല്ലി. എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന മണ്ഡലത്തില്‍ 28 വയസ്സുകാരന്‍ ആരോണ്‍ നടത്തിയ പ്രകടനം കണ്ട് രാഷ്ട്രീയ നിരീക്ഷകര്‍ പോലും അമ്പരന്നുപോയി. ഇടതു മുന്നണിയുടെ ശക്തികേന്ദ്രമാണ് ഇവിടം.
പോള്‍ ചെയ്ത വോട്ടുകളുടെ 65 ശതമാനം നേടിയാണ് ഈ യുവനേതാവ് ചരിത്രം കുറിച്ചത്. 34,411 വോട്ടുകളാണ് ഡിവിഷനില്‍ പോള്‍ ചെയ്തത്. അതില്‍ ആരോണിന് ലഭിച്ചത് 21,226 വോട്ടുകള്‍. ഇത് ഒരു കൊടുങ്കാറ്റുപോലെ എല്‍ഡിഎഫിനെ റാന്നിയില്‍ കടപുഴക്കിയെറിഞ്ഞു. തോല്‍വിയുടെ ആഴം കൂട്ടുന്നതായിരുന്നു ഭൂരിപക്ഷത്തിന്റെ കണക്ക്. 11,859 വോട്ടിന്റെ ഭൂരിപക്ഷമാണ് ആരോണ്‍ നേടിയെടുത്തത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത് എന്നതും ശ്രദ്ധേയമാണ്.
തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിക്ക് മൊത്തം കിട്ടിയ വോട്ടിനേക്കാള്‍ കൂടുതലാണ് കോണ്‍ഗ്രസിന്റെ ഈ യുവ പോരാളിക്ക് ലഭിച്ച ഭൂരിപക്ഷം എന്നത് സിപിഎമ്മിന് മറുപടിയില്ലാത്ത പ്രഹരമായി മാറി.
എല്‍ഡിഎഫിലെ പ്രശാന്ത് ബി മോളിയ്ക്കലിന് ആകെ ലഭിച്ചത് 9,367 വോട്ടുകള്‍ മാത്രമാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അനുകുമാറിന് 3,818 വോട്ടും നേടാനേ സാധിച്ചുള്ളൂ. ഈ കണക്കുകള്‍ എല്‍ഡിഎഫ് നേരിട്ട വലിയ തിരിച്ചടിയുടെ ആഴം വ്യക്തമാക്കുന്നു.
ആരോണ്‍ ബിജിലി പനവേലിലിന്റെ ആദ്യ തിരഞ്ഞെടുപ്പ് മത്സരം കൂടിയായിരുന്നു ഇത്. ആദ്യ പോരാട്ടത്തില്‍ തന്നെ ചരിത്ര വിജയം കുറിച്ചത് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ തരംഗമായി മാറിയിരിക്കുകയാണ്.
ആരോണ്‍്‌റെ വിജയം യുഡിഎഫിന് ജില്ലയില്‍ അധികാരം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായി. 17 അംഗ പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ 12 സീറ്റുകള്‍ നേടിയാണ് ഐക്യജനാധിപത്യ മുന്നണി ഭരണം പിടിച്ചെടുത്തത്.
അങ്ങാടി, പഴവങ്ങാടി, നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് ആരോണ്‍ വിജയം നേടിയ ഈ അങ്ങാടി ഡിവിഷന്‍. നാല് പഞ്ചായത്തുകളില്‍ നിന്ന് ലഭിച്ച ഈ വന്‍ പിന്തുണയാണ് ആരോണിന്റെ വിജയം ഇത്രയേറെ മധുരമാക്കിയത്.
രാഷ്ട്രീയ പാരമ്പര്യത്തിന്റെ പിന്‍ബലവുമുണ്ട് ഈ 28 വയസ്സുകാരന്. ആരോണ്‍്‌റെ മുത്തച്ഛന്‍ സണ്ണി പനവേലിയും മുത്തശ്ശി റേച്ചല്‍ സണ്ണിയും റാന്നിയിലെ എംഎല്‍എമാര്‍ ആയിരുന്നു എന്നത് ഈ വിജയത്തിന് ഇരട്ടിമധുരം നല്‍കുന്നു.
പിതാവ് ബിജിലി പനവേലില്‍ 2001-ല്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. ആ കുറവ് മകന്‍ പതിന്മടങ്ങ് തിളക്കത്തോടെ മാറ്റിയിരിക്കുകയാണ്. കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോളജില്‍ നിന്ന് ആര്‍ക്കിടെക്ചറില്‍ ബിടെക് ബിരുദം നേടിയ വ്യക്തിയാണ് ആരോണ്‍.
നിലവില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് ഈ യുവനേതാവ്. ഈ തകര്‍പ്പന്‍ വിജയം കേരളത്തിലെ യുവ രാഷ്ട്രീയത്തിന് നല്‍കുന്ന സന്ദേശം വളരെ വലുതാണ്.




