- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്കറ്റിൽ നിന്ന് മൊബൈൽ വീണപ്പോൾ റഹീംകുട്ടി പാളത്തിൽ ഇറങ്ങി; പാസഞ്ചർ വരുന്നത് കണ്ട് പ്ലാറ്റ്ഫോമിലേക്ക് കയറാൻ സഹായിച്ച് സജീനയും; ആവണീശ്വരം സ്റ്റേഷനിൽ രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തം സംഭവിച്ചത് ഇങ്ങനെ
കൊല്ലം: ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിടിച്ച് രണ്ടു പേർ മരിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അപകടം ഉണ്ടായത് പാളത്തിൽ വീണ മൊബൈൽ എടുക്കാനുള്ള ശ്രമത്തിനിടെയാണെന്ന് വ്യക്തമായി. വിളക്കുടി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ രണ്ടാം വാർഡ് അംഗവുമായ എം.റഹീംകുട്ടി (59), ആവണീശ്വരം കാവൽപുര പുത്തൻവീട് ഷാഹുൽ ഹമീദിന്റെ മകൾ സജീന (40) എന്നിവരാണ് മരിച്ചത്. പാളത്തിൽ വീണ മൊബൈൽ ഫോൺ എടുക്കാൻ റഹിംകുട്ടിയാണ് ശ്രമിച്ചത്. റഹിംകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പാളത്തിൽ വീണ സജീനയെയും ട്രെയിൻ ഇടിക്കുകയായിരുന്നു.
ഇരുവരും ട്രെയിൻ കയറാനായി ആവണീശ്വരം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ കാത്തുനിൽക്കുമ്പോഴാണ് അപകടമുണ്ടായത്. ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കൊല്ലത്തേക്കു പോകാനായി ട്രെയിൻ കാത്തു നിൽക്കുമ്പോൾ റഹിംകുട്ടിയുടെ പോക്കറ്റിൽനിന്നും മൊബൈൽ ഫോൺ താഴെ വീണു. ഇതെടുക്കാനായി റഹിംകുട്ടി പാളത്തിൽ ഇറങ്ങിയ സമയത്താണ് ചെങ്കോട്ട കൊല്ലം പാസഞ്ചർ വന്നത്. പാളത്തിൽനിന്ന് പ്ലാറ്റ്‌ഫോമിലേക്കു ചാടിക്കയറാൻ ശ്രമിച്ച റഹിംകുട്ടിയെ പ്ലാറ്റ്‌ഫോമിൽനിന്ന സജീന സഹായിക്കാൻ ശ്രമിച്ചു.
വലിച്ചുകയറ്റാനുള്ള ശ്രമത്തിൽ സജീന പാളത്തിൽ വീണു. കയറാൻ ശ്രമിച്ച റഹിംകുട്ടിക്ക് പൂർണമായും മുകളിലെത്താനുമായില്ല. ഇതോടെ സജീന, പാഞ്ഞെത്തിയ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിൽ കുടുങ്ങി. സജീന തൽക്ഷണം മരിച്ചു. ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിൽ കുടുങ്ങി റഹിംകുട്ടിയുടെ കാൽ അറ്റുപോയി. ഗുരുതരമായി പരുക്കേറ്റ റഹിംകുട്ടിയെ ഉടൻ തന്നെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മറുനാടന് മലയാളി ബ്യൂറോ