തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജില്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേറ്റു മരിച്ച അഭിമന്യു എന്ന വിദ്യാര്‍ഥി സിപിഎമ്മിന്റെ യുവരക്തസാക്ഷികളില്‍ ഒരാളാണ്. കേരളത്തെ നടുക്കിയ കൊലപാതകമായിരുന്നു അഭിമന്യൂവിന്റേത്. എന്നാല്‍, ഈ കേസിലെ പ്രധാന പ്രതിയെ അടക്കം ഇനിയും പിടികൂടാനുണ്ട്. സിപിഎം ഭരിക്കുമ്പോള്‍ കേരളാ പോലീസിന്റെ ഈ ഉദാസീനത ഏറെ ചര്‍ച്ചകളില്‍ നിറഞ്ഞ കാര്യവുമാണ്. ഇപ്പോഴിതായ അഭിമന്യുവിന്റെ സ്മാരകമായി നിര്‍മിച്ച ബഹുനിലമന്ദിരം സി.പി.എം. വാടകയ്ക്കുനല്‍കിയെ്‌ന വാര്‍ത്ത കൂടി പുറത്തുവരികയാണ്.

അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിനാണ് ഒരുനില പ്രവര്‍ത്തിക്കാന്‍ വിട്ടുകൊടുത്തത്. മറ്റൊരുനില സാമൂഹികമാധ്യമ വിഭാഗത്തിന്റെ പ്രവര്‍ത്തനത്തിനായി പാര്‍ട്ടിയും കൈയടക്കിയെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ പ്രശ്‌നത്തില്‍ സി.പി.എം. ജില്ലാസെക്രട്ടറി സി.എന്‍. മോഹനന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നുണ്ട്. എസ്എഫഐക്കുള്ളിലും വിഷയത്തില്‍ ഭിന്ന സ്വരമാണ് ഉള്ളത്. വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍ തേടിയിരിക്കയാണ് ഒരു വിഭാഗം. സ്മാരകത്തിന്റെ ലക്ഷ്യം പാളിയതില്‍ പാര്‍ട്ടിയിലുള്ള ചര്‍ച്ചയും ചോദ്യങ്ങളുമൊക്കെ ജില്ലാനേതൃത്വം അവഗണിച്ചെന്നാണ് പരാതി.

ബ്രാഞ്ചുതലം മുതല്‍ ജനങ്ങളില്‍ നിന്ന് പണംപിരിച്ച് സി.പി.എം. നിര്‍മിച്ചതാണ് അഭിമന്യു സ്മാരക മന്ദിരം. ധനസമാഹരണവും സ്മാരകത്തിന്റെ നിര്‍മാണവും ജില്ലാകമ്മിറ്റിയുടെ പൂര്‍ണനിയന്ത്രണത്തിലായിരുന്നു. 2020 ഡിസംബറില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് സ്മാരകം ഉദ്ഘാടനംചെയ്തത്. അഭിമന്യുവിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങില്‍ 'അഭിമന്യു പഠനകേന്ദ്ര'ത്തിന്റെ ഉദ്ഘാടനവും നടന്നു.

പഠനം, തൊഴില്‍ പരിശീലനം, ഗ്രന്ഥശാല, പി.എസ്.സി. ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പ് എന്നിങ്ങനെ വിദ്യാര്‍ഥികളുടെ സൗകര്യത്തിനായി സ്മാരകമന്ദിരം വിനിയോഗിക്കാനാണ് ലക്ഷ്യമിട്ടത്. വിവിധ ആവശ്യങ്ങള്‍ക്കായി കൊച്ചിയിലെത്തുന്ന പിന്നാക്കവിഭാഗം വിദ്യാര്‍ഥികള്‍ക്ക് സൗജന്യതാമസം ഒരുക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതൊന്നും നടപ്പായില്ല. മന്ദിരം ആദ്യം ജൈവപച്ചക്കറി സ്റ്റാളിന് നല്‍കുകയും ചെയ്തിരുന്നു.

കലൂര്‍-കതൃക്കടവ് റോഡിലെ ആറരസെന്റിലാണ് സ്മാരകം. നഗരത്തിലെ കണ്ണായ സ്ഥലമായതിനാല്‍ സെന്റിന് 27 ലക്ഷം നല്‍കി വാങ്ങിയെന്നാണ് വിശദീകരണം. അതേസമയം സി.പി.എം ആഹ്വാനം ചെയ്ത അഭിമന്യു രക്തസാക്ഷി ഫണ്ടിലേക്ക് ലഭിച്ചത് മൂന്ന് കോടിയിലേറെ രൂപയായിരുന്നു. വട്ടവടയില്‍ വിലയ്ക്കു വാങ്ങിയ പത്തുസെന്റ് സ്ഥലത്ത് അഭിമന്യുവിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ചിരുന്നു. സഹോദരിയുടെ പേരില്‍ 10 ലക്ഷം രൂപയും, അച്ഛന്റേയും അമ്മയുടേയും പേരിലുള്ള അക്കൗണ്ടില്‍ 25 ലക്ഷം രൂപയും നിക്ഷേപിക്കുകയും ചെയ്തിരുന്നു.

2018 ജൂലൈ രണ്ടിനാണ് എസ്.എഫ്.ഐ പ്രവര്‍ത്തകനും കോളജിലെ രണ്ടാം വര്‍ഷ രസതന്ത്ര വിദ്യാര്‍ഥിയുമായ അഭിമന്യു കൊല്ലപ്പെട്ടത്. കോളജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു സംഭവം. എസ്.എഫ്.ഐ ബുക്ക് ചെയ്ത മതിലില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ചുവരെഴുത്ത് നടത്തി. ഇതിന് മുകളില്‍ അഭിമന്യു വര്‍ഗീയത തുലയട്ടെ എന്നെഴുതിയത് എതിരാളികളെ പ്രകോപിപ്പിച്ചു. ഇതിന്റെ വൈരാഗ്യത്തില്‍ അഭിമന്യുവിനെ തിരഞ്ഞുപിടിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

അഭിമന്യു കൊല്ലപ്പെട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് മഹാരാജാസ് ക്യാമ്പസില്‍ സ്മാരകം സ്ഥാപിച്ചത്. ഇതിന് പിന്നാലെയാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ ഹരജിയുമായി ഹൈകോടതിയെ സമീപിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ഹരജിയാണ് വ്യാഴാഴ്ച ഡിവിഷന്‍ ബെഞ്ച് തള്ളിയത്.