തിരുവനന്തപുരം: വയനാട് ജില്ലാ സ്‌കൂൾ കായികമേളയിൽ മുള ഉപയോഗിച്ച് പോൾവോൾട്ടിൽ ഒന്നാം സ്ഥാനം നേടിയ പത്താം ക്ലാസുകാരൻ അഭിനവിന് സംസ്ഥാന കായികമേളയിൽ മത്സരിക്കാൻ മന്ത്രിയുടെ സമ്മാനം. കായികമന്ത്രി ഒ.ആർ. കേളുവിന്റെ വകയായാണ് താരത്തിന് പുതിയ പോൾ കൈമാറിയത്. തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ സ്വന്തം പോളുമായി മത്സരിക്കാനാണ് അഭിനവിന്റെ ഒരുക്കം.

കൽപ്പറ്റയിൽ നടന്ന ജില്ലാ കായികമേളയിൽ പോളിന് പകരം മുള ഉപയോഗിച്ചാണ് അഭിനവ് മത്സരിച്ചത്. ശക്തരായ എതിരാളികൾക്കിടയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയം നേടിയതോടെ ഈ സംഭവം മാധ്യമശ്രദ്ധ നേടി. അഭിനവിന്റെ കായിക മികവിനെ പ്രശംസിച്ച മന്ത്രി, താരത്തിന് പുതിയ പോൾ വാങ്ങി നൽകാമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ, മന്ത്രിയുടെ സമ്മാനത്തിനായി കാത്തുനിൽക്കാതെ സ്വന്തമായി മുള ഉപയോഗിച്ച് പോൾ നിർമ്മിച്ച് സംസ്ഥാന മീറ്റിൽ മത്സരിക്കാനായിരുന്നു അഭിനവിന്റെ ആദ്യ തീരുമാനം. ഇതിനിടെയാണ് മന്ത്രിയുടെ സമ്മാനം താരത്തിന് ലഭിച്ചത്.

ചെറുപ്പം മുതലേ പോൾവോൾട്ട് വീഡിയോകളിൽ ആകൃഷ്ടനായിരുന്ന അഭിനവ്, കരുത്തുള്ള മുളങ്കമ്പുകൾ ഉപയോഗിച്ച് പരിശീലനം നടത്തിയിരുന്നു. വിവിധ കായികയിനങ്ങളിൽ പങ്കെടുത്തുവെങ്കിലും പോൾവോൾട്ടാണ് തന്റെ മേഖലയെന്ന് സ്വയം തിരിച്ചറിയുകയായിരുന്നു. കോച്ച് സജിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് അഭിനവ് പരിശീലനം നടത്തിയത്. ജില്ലാതലത്തിൽ മത്സരിക്കാൻ പോൾ ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ കോച്ച് സജിയുടെ സഹായത്തോടെ സ്കൂളിന് സമീപത്ത് നിന്ന് മുള വെട്ടി പോൾ തയ്യാറാക്കി അത് ഉപയോഗിച്ചാണ് അഭിനവ് വിജയം നേടിയത്.

അഭിനവിന്റെ വിജയത്തിൽ കോച്ച് സജിയുടെ പരിശീലന രീതികളും വലിയ പങ്കുവഹിച്ചു. കുട്ടിയുടെ കായികവും മാനസികവുമായ വളർച്ചക്ക് അനുസരിച്ചുള്ള പ്രത്യേക പരിശീലന പദ്ധതികളാണ് സജി തയ്യാറാക്കിയത്. ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിലേക്ക് സെലക്ഷനും നേടിയ അഭിനവിന് കഴിഞ്ഞ സംസ്ഥാന കായികോത്സവത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. മറ്റൊരു സ്‌കൂളില്‍ നിന്നെത്തിയ താരത്തില്‍ നിന്ന് പോള്‍ വാങ്ങി മത്സരിച്ചാണ് അഭിനവ് നാലാം സ്ഥാനത്ത് എത്തിയത്.