- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിരാമിയുടെ മരണം ചികിത്സാ പിഴവ് മൂലമല്ല; കണ്ണിനുസമീപത്തെ മുറിവിലൂടെ വൈറസ് അതിവേഗം തലച്ചോറിനെ ബാധിച്ചുവെന്നും മരുന്ന് പ്രവർത്തിച്ചുതുടങ്ങും മുൻപ് വൈറസ് ബാധിച്ചിരിക്കാം എന്നും കെ ജി എം ഒയും പത്തനംതിട്ട ജില്ല ആശുപത്രിയും; അനാസ്ഥ എന്ന് ബന്ധുക്കൾ
പത്തനംതിട്ട: പത്തനംതിട്ടയിൽ പേവിഷബാധയേറ്റ് വിദ്യാർത്ഥിനിയായ അഭിരാമി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് കെജിഎംഒഎ. ആരോപണം അടിസ്ഥാനരഹിതമാണെന്നും സംഘടന അറിയിച്ചു. കണ്ണിനുസമീപത്തെ മുറിവിലൂടെ വൈറസ് അതിവേഗം തലച്ചോറിനെ ബാധിച്ചുവെന്നും മരുന്ന് പ്രവർത്തിച്ചുതുടങ്ങും മുൻപ് വൈറസ് ബാധിച്ചിരിക്കാമെന്നും ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കി.
അതേസമയം, പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയാണ് അഭിരാമിയുടെ ജീവനെടുത്തത് എന്നാരോപിച്ച് കുടുംബം രംഗത്തെത്തി. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണോ എന്ന് ചോദിച്ചപ്പോൾ വേണ്ടെന്നും എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞതായും ബന്ധുക്കൾ ആരോപിച്ചു.
അഭിരാമിയെ ആദ്യം പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. രാവിലെ എട്ടര സമയത്ത് ആശുപത്രി അടഞ്ഞു കിടക്കുകയായിരുന്നു. തുടർന്നാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്. നാലു മണിക്കൂറിന് ശേഷമാണ് കുത്തിവയ്പെടുത്തത്. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ ഗൗരവത്തോടെ സമീപിച്ചില്ലെന്ന് കുടുംബം പറയുന്നു.
അതേസമയം, ചികിത്സാ വീഴ്ച ഉണ്ടായെന്നത് വ്യാജപ്രചാരണമെന്ന് പത്തനംതിട്ട ജനറൽ ആശുപത്രി അധികൃതർ. കുട്ടിയുടെ ജീവൻ നഷ്ടമായത് അത്യന്തം ദൗർഭാഗ്യകരവും വേദനാജനകവും ആണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ കേരളത്തിലെ ഓരോ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും പങ്കുചേരുന്നുവെന്നും അറിയിച്ചു.
പേവിഷബാധയേറ്റ് പത്തനംതിട്ടയിൽ കുട്ടി മരിക്കാൻ ഇടയായ സംഭവത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രി അധികൃത ഭാഗത്തുനിന്നും അനാസ്ഥയും ചികിത്സാ പിഴവും ഉണ്ടായി എന്ന തരത്തിൽ ആരോപണം ഉയരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് തികച്ചും വസ്തുതാ വിരുദ്ധമാണ്. കൃത്യമായ ചികിത്സ ലഭ്യമാക്കിയതിനു ശേഷവും സംഭവിക്കാൻ സാധ്യതയുള്ള അപൂർവ്വം സാഹചര്യങ്ങളിൽ ഒന്നായിരുന്നു അത്. ഈ സംഭവത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ഭാഗത്ത് നിന്നും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു തരത്തിലുള്ള വീഴ്ചയോ പിഴവോ ഉണ്ടായിട്ടില്ല എന്ന വസ്തുത ജനങ്ങളെ അറിയിക്കുവാൻ താല്പര്യപ്പെടുന്നുവെന്നും ആശുപത്രി അധികൃതർ.
പതിമൂന്നാം തീയതി രാവിലെ പട്ടിയുടെ കടിയേറ്റ കുട്ടിയെ ഏകദേശം ഒൻപത് മണിയോട് കൂടി ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിയതിനു ശേഷം കുട്ടിക്ക് വേണ്ട എല്ലാവിധ പ്രതിരോധ ചികിത്സാ നടപടികളും താമസം വിന ലഭ്യമാക്കിയിട്ടുണ്ട്. ആശുപത്രിയിൽ എത്തിയ ഉടനെ മുറിവുകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിക്കുകയും പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുകയും ചെയ്തു. പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പും മുറിവിന് ചുറ്റും നൽകുന്ന ഇമ്മ്യൂണോഗ്ലോബുലിനും ആശുപത്രിയിൽ ലഭ്യമായിരുന്നതുകൊണ്ട് ഉടനെ തന്നെ നൽകുവാൻ സാധിച്ചിട്ടുണ്ട്.
കണ്ണിലും കൺപോളകളിലും ഉള്ള മുറിവുകൾ യഥാസമയം നേത്രരോഗ വിദഗ്ദ്ധർ കണ്ടു വിദഗ്ധ ചികിത്സ നൽകുകയും മുറിവുകളുടെ കാഠിന്യം നിമിത്തം രോഗാണുബാധ തടയുന്നതിന് ആശുപത്രിയിൽ മൂന്ന് ദിവസം കിടത്തി ആന്റിബയോട്ടിക്ക് ഇഞ്ചക്ഷനുകൾ നൽകുകയും ചെയ്തിട്ടുണ്ട്. മുറിവുകളിലെ അണുബാധ കുറഞ്ഞു തുടങ്ങിയ സാഹചര്യത്തിൽ കുട്ടിയെ വീട്ടിലേക്ക് ഡിസ്ചാർജ് ചെയ്യുകയും തുടർ ചികിത്സക്കായി അടുത്ത ആശുപത്രിയെ സമീപിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. വീടിന് അടുത്തുള്ള ആശുപത്രിയിൽ നിന്നും തുടർ ചികിത്സ ലഭ്യമാക്കുകയും പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കുകയും ചെയ്തിരുന്നുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഭാരതത്തിലും ലോകത്തിൽ മറ്റെല്ലായിടത്തും ഒരുപോലെ അംഗീകരിക്കപ്പെട്ടിട്ടുള്ള വിദഗ്ധ ചികിത്സാരീതികൾ തന്നെയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും ലഭ്യമാക്കിയിട്ടുള്ളത്. പേവിഷ ബാധക്കെതിരെയുള്ള അത്യാധുനിക ശാസ്ത്രീയ ചികിത്സ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 24 മണിക്കൂറും ലഭ്യമാണ്. ശരിയായ ചികിത്സ ലഭ്യമാക്കിയതിനു ശേഷവും കുട്ടിയുടെ ജീവൻ നഷ്ടമായത് അത്യന്തം ദൗർഭാഗ്യകരവും വേദനാജനകവും ആണ്. ഇത്തരം സംഭവങ്ങളിൽ മരണം ഉണ്ടാവുന്നതിന്റെ യഥാർത്ഥ കാരണം നാം മനസ്സിലാക്കേണ്ടതുണ്ട്.
മുഖത്തും കണ്ണിലും കൺപോളകളിലും ഏറ്റ മാരകമായ മുറിവുകളിലൂടെ രോഗാണുക്കൾ വളരെ വേഗം തലച്ചോറിലേക്ക് പടരുകയും പ്രതിരോധ മരുന്നുകൾക്ക് പ്രവർത്തിക്കാൻ ആകും മുമ്പേ നാഡീവ്യൂഹത്തെ ബാധിക്കുകയും ചെയ്യാം. ഇതുകൊണ്ടായിരിക്കാം രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ ആകാതെ വന്നത്. മുറിവുകളുടെ വലിപ്പം, മുറിവേറ്റ ഭാഗത്ത് ഉള്ള നാഡീ ഞരമ്പുകളുടെ സാന്ദ്രത, മുറിവേറ്റ സ്ഥലവും തലച്ചോറും തമ്മിലുള്ള സാമീപ്യം, നേരിട്ട് നാഡികൾക്ക് ഏൽക്കുന്ന മുറിവുകൾ എന്നിവയാണ് പലപ്പോഴും രോഗപ്രതിരോധ മാർഗ്ഗങ്ങളെ തോൽപ്പിച്ച് മാരകമായി തീരാറുള്ളതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ