അബുദാബി: നാട്ടില്‍ വീടുപണി നടക്കുന്നു. കാശ് ഏറ്റവും അത്യാവശ്യമുള്ള സമയം. സാമ്പത്തിക ഞെരുക്കം കാരണം രണ്ട് ആണ്‍മക്കളെയും ഷാര്‍ജയില്‍ നിന്ന് നാട്ടിലേക്ക് അയച്ചിരിക്കുന്നു. അങ്ങനെ ആകെ വിഷമിച്ചിരിക്കുന്ന സമയത്താണ് ആണ് സുഹൃത്ത് ആ വിവരം പറയുന്നത്. അടിച്ചുമോനേ അടിച്ചു. ഇത്തവണത്തെ അബുദബി ബിഗ് ടിക്കറ്റ് അടിച്ചു. 46 കോടി.

പ്രവാസി മലയാളിയായ പ്രിന്‍സ് കോലശ്ശേരി സെബാസ്റ്റ്യന്‍ സുഹൃത്തിന്റെ വാക്കുകള്‍ തരിമ്പും വിശ്വസിച്ചില്ല. തന്നെ പറ്റിക്കുകയാണെന്നാണ് ആദ്യം കരുതിയത്. മറ്റൊരു സഹപ്രവര്‍ത്തകന്‍ കൂടി വിളിച്ചതോടെ ചെറിയ രീതിയില്‍ വിശ്വാസം വന്ന് തുടങ്ങി. പിന്നീട് ബിഗ് ടിക്കറ്റ് ഷോ അവതാരകരായ റിച്ചഡില്‍ നിന്നും ബൗച്രയില്‍ നിന്നും ഫോണ്‍ കോള്‍ ലഭിച്ചപ്പോഴാണ് ഉറപ്പിച്ചത്. 20 മില്യന്‍ ദിര്‍ഹം (46 കോടിയോളം ഇന്ത്യന്‍ രൂപ) ആണ് പ്രിന്‍സിന് ലഭിച്ചത്. അപ്രതീക്ഷിതമായി ഭാഗ്യം കൈവന്നതിന്റെ വിസ്മയത്തിലാണ് ഇപ്പോഴും പ്രിന്‍സ്.

എട്ട് വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന പ്രിന്‍സ്, സ്‌മൈലിങ് ഫെസിലിറ്റീസ് എഞ്ചിനീയറാണ്. ഷാര്‍ജയില്‍ ഭാര്യക്കൊപ്പമാണ് ഇദ്ദേഹം താമസിക്കുന്നത്. 2015ലാണ് ഇദ്ദേഹം യുഎഇയിലെത്തിയത്. 197281 എന്ന ടിക്കറ്റ് നമ്പരാണ് പ്രിന്‍സിന് ഭാഗ്യം കൊണ്ടുവന്നത്. ഒക്ടോബര്‍ നാലിനാണ് ഈ ടിക്കറ്റ് വാങ്ങിയത്.

തന്റെ ഒമ്പത് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് പ്രിന്‍സ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക പത്ത് പേരും പങ്കിട്ടെടുക്കും. ഓരോരുത്തരും 100 ദിര്‍ഹം വീതം ഷെയറിട്ടാണ് ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി തങ്ങള്‍ ടിക്കറ്റ് വാങ്ങാറുണ്ടെന്നും ഇത്തവണത്തെ സമ്മാനത്തുക 2 മില്യന്‍ ദിര്‍ഹം വീതം ഓരോരുത്തരും പങ്കിട്ടെടുക്കുമെന്നും പ്രിന്‍സ് പറഞ്ഞു. ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ രണ്ട് ടിക്കറ്റുകളാണ് സംഘം ഇക്കുറി വാങ്ങിയത്. മൂന്നാമത് ഒരു ടിക്കറ്റ് സൗജന്യമായി ലഭിച്ചു.

പണം എന്ത് ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഇപ്പോളും ഈ സമ്മാനവാര്‍ത്ത വിശ്വസിക്കാനാകുന്നില്ലെന്നും പ്രിന്‍സ് പ്രതികരിച്ചു. ഒരു ഭാഗം ജീവകാരുണ്യപ്രവര്‍ത്തനത്തിന് മാറ്റിവെക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃത്യസമയത്താണ് സമ്മാനം ലഭിച്ചത്. 'സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മക്കളെ നാട്ടിലേക്ക് അയച്ചിരുന്നു. ആദ്യം ചെയ്യാന്‍ പോകുന്നത് തന്റെ രണ്ട് ആണ്‍മക്കളെയും തിരികെ യുഎഇയിലെത്തിക്കും, ഇവിടെ പഠിക്കാനുള്ള സൗകര്യമൊരുക്കും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മാനം ലഭിച്ച വിവരം നാട്ടിലെ കുടുംബത്തോട് പറഞ്ഞപ്പോള്‍ അവര്‍ക്കും വിശ്വസിക്കാനായില്ലെന്ന് പ്രിന്‍സ് പറഞ്ഞു.