റോം: ഇറ്റലിയിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ നാഗ്പൂർ സ്വദേശികളായ ഹോട്ടൽ വ്യവസായി ജാവേദ് അക്തറും ഭാര്യ നാദിറ ഗുൽഷനും മരണപ്പെട്ടു. ഔറേലിയ ഹൈവേയിൽ ഗ്രോസെറ്റോയ്ക്ക് സമീപമുണ്ടായ അപകടത്തിൽ ഇവർ സഞ്ചരിച്ചിരുന്ന ഒമ്പത് സീറ്റർ മിനിബസ്സിലേക്ക് ഒരു ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ മിനിബസ് ഡ്രൈവർക്കും ജീവൻ നഷ്ടപ്പെട്ടു. ഇറ്റലിയിലെ ഇന്ത്യൻ എംബസി മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

സെപ്റ്റംബർ 22-ന് ഫ്രാൻസിൽ നിന്ന് അവധിക്കാലം ആഘോഷിക്കാൻ ഇറ്റലിയിലെത്തിയതായിരുന്നു കുടുംബം. ഇവർ മക്കളായ അർസൂ അക്തർ (21), ഷിഫ അക്തർ, മകൻ ജാസൽ അക്തർ എന്നിവരോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. അപകടത്തിൽ മകൾ അർസൂ അക്തറിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

ഇവരെ സിയാനയിലെ ലീ സ്കോട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മറ്റു മക്കളായ ഷിഫയും ജാസലും ഫ്ലോറൻസ്, ഗ്രോസെറ്റോ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലാണെന്നും ഇവർ സുഖം പ്രാപിച്ചു വരുന്നതായും വിവരമുണ്ട്.

അപകടത്തെത്തുടർന്ന് രക്ഷാപ്രവർത്തനം വൈകിയതായി പ്രാദേശിക വാർത്താ പോർട്ടലായ ഇറ്റാലിയൻ.ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങളിൽ നിന്ന് രണ്ട് ഫയർഫോഴ്‌സ് ടീമുകളാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് എത്തിക്കാൻ ഹെലികോപ്റ്ററുകൾ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്.

നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോട്ടൽ വ്യവസായിയാണ് മരണപ്പെട്ട ജാവേദ് അക്തർ. അപകടത്തെത്തുടർന്ന് ഇറ്റലിയിലെ ഇന്ത്യൻ എംബസി ദമ്പതികളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. കൂടാതെ, മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാവിധ സഹായങ്ങളും നൽകുന്നുണ്ടെന്നും എംബസി അറിയിച്ചിട്ടുണ്ട്. ഇറ്റലിയിലെ അധികൃതരുമായും ബന്ധപ്പെട്ട സ്ഥാപനങ്ങളുമായും മരണവിവരം സ്ഥിരീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അപകടത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.