- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി ഉഗ്ര ശബ്ദത്തിൽ കൂട്ടിയിടി; നിലവിളി കേട്ട് ആളുകൾ ഓടിയെത്തി; മദീനയെ നടുക്കി വാഹനാപകടം; മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം; ഇനി അവർ നാട്ടിലെത്തുന്നത് ചേതനയറ്റ ശരീരങ്ങളായി; ഹൃദയവേദനയിൽ ബന്ധുക്കൾ
റിയാദ്: സൗദി അറേബ്യയിലെ മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലപ്പുറം മഞ്ചേരി വെള്ളില സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിന് പോകുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. മഞ്ചേരി വെള്ളില നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ നടുവത്ത് കളത്തിൽ ആദിൽ (14), ജലീലിെൻറ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരാണ് മരണപ്പെട്ടത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർ മദീനയിലെ കിങ് ഫഹദ്, സൗദി ജർമൻ എന്നീ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.
ശനിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ജിദ്ദ-മദീന റോഡിൽ വാദി ഫറഹ എന്ന സ്ഥലത്ത് വെച്ച് തീറ്റപ്പുല്ല് കയറ്റിവന്ന ഒരു ലോറിയുമായി ജലീലിന്റെ കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനം കൂട്ടിയിടിക്കുകയായിരുന്നു. വാഹനത്തിൽ ആകെ ഏഴ് പേരാണ് ഉണ്ടായിരുന്നത്.
വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്ദുൽ ജലീലിെൻറ കുടുംബം സന്ദർശന വിസയിലാണ് സൗദിയിലെത്തിയത്. ഉമ്മ മൈമൂനത്ത് ഉംറ വിസയിലാണ് എത്തിച്ചേർന്നത്. സകുടുംബം മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനായി പുറപ്പെട്ടതായിരുന്നു ഇവർ.
അപകടത്തെ തുടർന്നുള്ള തുടർനടപടികൾക്ക് മദീന കെ.എം.സി.സി നേതാക്കളായ ഷഫീഖ്, ജലീൽ, ഹഫ്‌സി, റഫീഖ്, മുബാറക്ക് എന്നിവർ നേതൃത്വം നൽകിവരികയാണ്.




