പത്തനംതിട്ട: ബണ്ട് നിർമ്മാണത്തിന്റെ പേരിൽ ഫണ്ട് ഊറ്റുന്ന പരിപാടി പുരോഗമിക്കുന്നു. അച്ചൻകോവിലാറിന് കുറുകേ കുടിവെള്ളപദ്ധതിയുടെ കിണറ്റിലേക്ക് വെള്ളമെത്തിക്കാനെന്ന പേരിലാണ് ഫണ്ട് അടിച്ചു മാറ്റാനുള്ള നീക്കം നടക്കുന്നത്. നിലവിലുള്ള കോൺക്രീറ്റ് തടയണയ്ക്ക് ചുറ്റും ജലസമൃദ്ധിയുള്ളപ്പോഴാണ് മണൽച്ചാക്ക് നിരത്തി താൽക്കാലിക തടയണ നിർമ്മാണം നടക്കുന്നത്. അഞ്ചു വർഷം മുൻപ് 85 ലക്ഷം രൂപ മുടക്കി കോൺക്രീറ്റ് തടയണ നിർമ്മിച്ചത് നില നിൽക്കേ ജലസേചന പദ്ധതിയുടെ കിണറിനോട് ചേർന്നാണ് മണൽച്ചാക്കെന്ന പേരിൽ മണ്ണ് നിറച്ച് താൽക്കാലിക തടയണ നിർമ്മിക്കുന്നത്. ചെലവ് കേട്ട് ഞെട്ടരുത്. 75 ലക്ഷം രൂപ! എന്നാൽ ഇത് നിർമ്മിക്കുന്നതാര് എന്ന ചോദ്യത്തിന് ഉത്തരമില്ല. തടയണ നിർമ്മിക്കുന്നത് നഗരസഭയുടെ അമൃത് 2.0 പദ്ധതിയുടെ ഭാഗമായിട്ടാണെന്നും അതിനായി 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നുമാണ് അധികൃതർ പറയുന്നത്. എന്നാൽ, പദ്ധതി തുടങ്ങാറായിട്ടില്ലെന്ന് നഗരസഭാധികൃതർ പറയുന്നു.

വേനൽ കടുത്തതോടെ നദികളിലെ നിരൊഴുക്ക് കുറഞ്ഞു. നദികൾ മെലിഞ്ഞൊഴുകുമ്പോൾ അത് ഏറ്റവുമധികം ബാധിക്കുന്നത് കുടിവെള്ള പദ്ധതികളെയാണ്. നദീ ജലം ആശ്രയിച്ചാണ് കുടിവെള്ളപദ്ധതികൾ പ്രവർത്തിക്കുന്നത്. നദിയിൽ തന്നെ ആഴത്തിൽ കിണർ നിർമ്മിച്ച് ജലം ഇതിലേക്ക് ഇറക്കി ഇവിടെ നിന്ന് പമ്പ് ചെയ്ത് ശുദ്ധീകരിച്ചാണ് കുടിവെള്ളമായി വിതരണം ചെയ്യുന്നത്. വേനൽ കടുത്തതോടെ നദികളിലെ നീരൊഴുക്കും കുടിവെള്ള പദ്ധതിയുടെ കിണറുകളിലെ ജലനിരപ്പും കുറഞ്ഞു. കിണറ്റിൽ ജലനിരപ്പുയർത്താൻ താൽക്കാലിക ബണ്ട് നിർമ്മിക്കുകയാണ് പോംവഴി. എന്നാൽ, നേരത്തേ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ബണ്ട് നിലനിൽക്കേ വീണ്ടും തടയണ (ബണ്ട്) താൽക്കാലിക അടിസ്ഥാനത്തിൽ നിർമ്മിക്കേണ്ട കാര്യമുണ്ടോ എന്നാണ് നാട്ടുകാരുടെ ചോദ്യം.

പത്തനംതിട്ട നഗരത്തിൽ കുടിവെള്ളം എത്തിക്കുന്നത് അച്ചൻ കോവിലാറ്റിൽ കല്ലറക്കടവിൽ നിർമ്മിച്ചിട്ടുള്ള കിണറിൽ നിന്നാണ്. വേനൽക്കാലം രൂക്ഷമായതോടുകൂടി ആറ്റിലെ ജലനിരപ്പ് വളരെയധികം താഴ്ന്നു അതിനനുസരിച്ച് ആറിന്റെ നടുക്ക് സ്ഥിതി ചെയ്യുന്ന കിണറിലെ വെള്ളവും താഴും പമ്പിങ് മുടങ്ങാതിരിക്കാൻ വേണ്ടി മണൽ ചാക്ക് നിറച്ച് ബണ്ട് നിർമ്മിക്കുന്ന (കിണറിന് ചുറ്റും വെള്ളം തടഞ്ഞുനിർതുന്നതിനായി) പണികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇവിടെ എപ്പോഴും ജലലഭ്യത ഉറപ്പു വരുത്താൻ അഞ്ചു വർഷം മുൻപ് ജലസേചന വകുപ്പ് ലക്ഷങ്ങൾ മുടക്കി സ്ഥിരം തടയണ നിർമ്മിച്ചിരുന്നു. ഇതിന് അൽപ്പം മാറി മുകളിലേക്കാണ് നിലവിൽ താൽക്കാലിക തടയണ നിർമ്മിക്കുന്നത്. നേരത്തേ ലക്ഷങ്ങൾ മുടക്കിയ തടയണ നോക്കുകുത്തിയായി മാറിയെന്നാണ് ഇത് തെളിയിക്കുന്നതെന്ന് വിവരാവകാശ പ്രവർത്തകൻ മനോജ് കാർത്തിക പറയുന്നു.

ലക്ഷങ്ങൾ മുടക്കി കോൺക്രീറ്റ് ബണ്ട് നിർമ്മിച്ചതു കൊണ്ട് പ്രയോജനം ലഭിക്കാതെ വന്നതാണ് താൽക്കാലിക തടയണ നിർമ്മിക്കാൻ കാരണമായിരിക്കുന്നതെന്ന് മനോജ് പറയുന്നു. ഇതിന്റെ പേരിൽ അഴിമതി നടന്നുവെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഒന്നുകിൽ നേരത്തേ തടയണ കെട്ടിയത് അസ്ഥാനത്താവണം. അല്ലെങ്കിൽ താൽക്കാലിക തടയണ നിർമ്മാണത്തിലൂടെ കീശ വീർപ്പിക്കാൻ ശ്രമിക്കുന്നു. രണ്ടായാലും സർക്കാരിന്റെ പണം വെള്ളത്തിലൊഴുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.

പത്തനംതിട്ട നഗരസഭയുടെ അമൃത് പദ്ധതിയുടെ പേരാണ് ജലഅഥോറിറ്റി അധികൃതർ പറയുന്നത്. 75 ലക്ഷം രൂപ ഇതിന്റെ പേരിലാണോ മണൽ ചാക്ക് അടുക്കുന്നതിന് കൊടുക്കുന്നതെന്ന കാര്യത്തിനും വ്യക്തതയില്ല. ജലഅഥോറിറ്റി അധികൃതരുടെ വാക്കുകൾ പാടേ നിഷേധിക്കുകയാണ് നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ. അമൃത് 2.0 പദ്ധതിയുടെനടത്തിപ്പിനായുള്ള മണ്ണു പരിശോധന കഴിഞ്ഞു. ടെണ്ടർ വിളിച്ചിരിക്കുകയാണ്. ഇതിന്റെ മറ്റു നടപടികളൊന്നും ആയിട്ടില്ലെന്നും കല്ലറക്കടവിലെ തടയണ നിർമ്മാണം നഗരസഭയുടെ അറിവോടെയല്ലെന്നും അദ്ദേഹം അറിയിച്ചു കഴിഞ്ഞു.

അപ്പോൾ പിന്നെ ആരാണിതിന് പിന്നിലെന്ന് പറയണമെന്നാണ് മനോജ് കാർത്തിക പറയുന്നത്. നിലവിൽ 85 ലക്ഷം മുടക്കിയ തടയണയുണ്ട്. അതിൽ ആവശ്യത്തിന് വെള്ളമുണ്ട്. ഇതിൽ നിന്ന് പമ്പ് ചെയ്യുന്നതിന് യാതൊരു സാങ്കേതിക തടസവും നിലവിലില്ല. പിന്നെന്തിനാണ് 75 ലക്ഷം മുടക്കി ഒരു തടയണ. ഏറെ രസകരമായ ഒരു വസ്തുത കൂടി മനോജ് ചൂണ്ടിക്കാണിക്കുന്നു. ഈ തടയണയ്ക്ക് നാഥനില്ല.

നഗരസഭയുടെ അക്കൗണ്ടിലെഴുതാനുള്ള നീക്കം ചെയർമാന്റെ നിഷേധക്കുറിപ്പോടെ പൊളിഞ്ഞിരിക്കുന്നു. പിന്നെ ഇതിന് ഉത്തരവാദികൾ ആര്? മണൽച്ചാക്ക് എന്ന പേരിൽ ഇവിടെ അടുക്കിയിരിക്കുന്നത് ചെളിയാണ്. ചെളി ചാക്കിൽ നിറച്ചാൽ വെള്ളം നനയുന്നതോടെ അത് ഒലിച്ചു പോകും. ഫണ്ടിന്റെ പേരിലുള്ള ഈ കൊള്ള വെളിച്ചത്തു കൊണ്ടുവരാനായി പോരാടുമെന്നും മനോജ് പറഞ്ഞു.