കൊച്ചി: ആറാട്ടണ്ണന്‍ എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയും ചെകുത്താന്‍ എന്ന് വിളിക്കുന്ന അജു അലക്‌സും ചെയ്യുന്നത് ഒരേകാര്യമാണെന്ന് നടന്‍ ബാല. ഇവരെപ്പോലെയുള്ള നെഗറ്റീവ് യൂട്യൂബര്‍മാരെ തടയണമെന്നും ബാല പറഞ്ഞു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു നടന്റെ പ്രതികരണം.

"ചെകുത്താന്‍ ചെയ്തത് തെറ്റാണെങ്കില്‍ ആറാട്ടണ്ണന്‍ ചെയ്തതും തെറ്റാണ്. നടിമാരെക്കുറിച്ചും എന്നെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും വളരെ വൃത്തികേടാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള നെഗറ്റിവ് യൂട്യൂബേഴ്‌സിനു ഫുള്‍സ്റ്റോപ്പ് ഇടണം."ബാലയുടെ വാക്കുകള്‍.

"മോഹന്‍ലാല്‍ സാറിന്റെ അമ്മയുടെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. അമ്മയ്ക്കു പിറന്നാള്‍ ആശംസകള്‍ നേരാന്‍ ഞാനും വിളിച്ചു. അദ്ദേഹത്തിന്റെ കോസ്റ്റ്യൂമര്‍ മുരളിച്ചേട്ടനെ വിളിച്ചാണ് ലാലേട്ടനോട് സംസാരിച്ചത്. ഞാന്‍ എവിടെയാണ് ഉള്ളതെന്നും കൊച്ചിയില്‍ വരുമ്പോള്‍ നേരിട്ടു കാണണമെന്നൊക്കെ പറഞ്ഞു. പറയേണ്ട നല്ല കാര്യങ്ങളൊക്കെ പറഞ്ഞ ശേഷം ചെകുത്താന്റെ കാര്യവും അദ്ദേഹത്തോട് പറയുകയുണ്ടായി.

അദ്ദേഹത്തിന്റെ ക്വാളിറ്റിയെക്കുറിച്ചാണ് പറയുന്നത്. ഇത്രയും തരംതാഴ്ന്ന ചെകുത്താനെപ്പോലുള്ള ആളുകളെക്കുറിച്ച് ഒരു നെഗറ്റീവോ മോശമോ ഒന്നും പറഞ്ഞില്ല. എല്ലാം ദൈവം നോക്കിക്കോളൂം എന്ന രീതിയിലാണ് അദ്ദേഹം ഇതെല്ലാം എടുക്കുന്നത്.

ചെകുത്താന്റെ വിഡിയോ ഞാന്‍ കണ്ടു. എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അവഹേളിക്കുക മാത്രമല്ല ചീത്ത കാര്യങ്ങളടക്കം എത്ര വിഷം നിറഞ്ഞ കാര്യങ്ങളാണ് പറയുന്നത്. എന്തൊരു ക്വാളിറ്റിയാണ് ലാലേട്ടന്റേത്. ഇനിയും നന്മ ചെയ്യണമെന്ന രീതിയാലാണ് അദ്ദേഹമൊക്കെ നില്‍ക്കുന്നത്.

സത്യം എന്തായാലും ജയിക്കും, അതിനു കുറച്ച് സമയമെടുക്കും. കള്ളത്തരം പെട്ടന്നു വൈറലാകും, പക്ഷേ അതിന് അധികം ആയുസ്സില്ല. നല്ല മനസ്സുള്ള ഒരാളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍വന്നാല്‍ ആ കണക്ക് മനുഷ്യനല്ല, ദൈവം തീര്‍ക്കും. ഇതുപോലുള്ള നെഗറ്റിവ് ആളുകള്‍ക്ക് നമുക്കൊരു ഫുള്‍ സ്റ്റോപ്പ് വയ്ക്കണം.

ആറാട്ടണ്ണന്റെ ഒരഭിമുഖം കണ്ടു. പേടിച്ചാണ് അയാള്‍ അതിനു നില്‍ക്കുന്നതു തന്നെ. ലാലേട്ടനെ ചെകുത്താന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ചീത്ത പറയുന്നുണ്ട്. അത് ഭയങ്കര മോശം കാര്യമാണെന്നൊക്കെയാണ് അയാള്‍ പറയുന്നത്. അഭിമുഖം നടത്തുന്ന ആള്‍ക്ക് മനസാക്ഷിയുണ്ടെങ്കില്‍ ചോദിക്കാം, ഇതല്ലേ പുള്ളിയും ചെയ്തുകൊണ്ടിരുന്നത്. സന്തോഷ് വര്‍ക്കി ലാേലട്ടനെ മാത്രമല്ല എല്ലാ നടിമാരെയും അവഹേളിക്കുകയാണ്. എന്നിട്ടാണ് ഇന്നു ജനിച്ച കുട്ടിയെപ്പോെല ചെകുത്താന്‍ ചെയ്തത് തെറ്റാണെന്നു പറയുന്നത്.

ചെകുത്താന്‍ ചെയ്തത് തെറ്റാണെങ്കില്‍ നിങ്ങള്‍ ചെയ്തതും തെറ്റാണ്. നടിമാരെക്കുറിച്ചും എന്നെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും വളരെ വൃത്തികേടാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള നെഗറ്റിവ് യൂട്യൂബേഴ്‌സിനു ഫുള്‍സ്റ്റോപ്പ് ഇടണം. കിടക്ക് നിങ്ങളൊക്കെ അടത്തുകിടക്ക്. നീ ജയിലിനകത്തു കിടക്കുന്നത് ഞാന്‍ കണ്ടില്ല. ഈ സാത്താന് സാത്താന്‍ തന്നെ കുഴിതോണ്ടിയതാ."ബാല പറയുന്നു.

നേരത്തെ സിനിമ നിരൂപണത്തിന്റെ മറവില്‍ അഭിനേതാക്കള്‍ക്കെതിരെ അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നുവെന്ന പരാതിയില്‍ യുട്യൂബര്‍ ആറാട്ട് അണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിയെയും പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചിരുന്നു. നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുന്നുവെന്ന് കാണിച്ച് നടന്‍ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ 'അമ്മ'യിലും പാലാരിവട്ടം പൊലീസിലും പരാതി നല്‍കിയിരുന്നു.

ബാലയുടെ പരാതി 'അമ്മ' ജനറല്‍ സെക്രട്ടറി സിദ്ദീഖ് ഗൗരവമായി എടുക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ സന്തോഷ് വര്‍ക്കിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് എഴുതി ഒപ്പുവപ്പിച്ചു. ഇനിയും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ കേസെടുക്കുമെന്ന് പൊലീസ് ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരൂപണത്തിന്റെ മറവില്‍ സിനിമാ പ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനാണ് 'അമ്മ'യുടെ തീരുമാനം.