ന്യൂഡല്‍ഹി: രേണുകാസ്വാമി കൊലക്കേസില്‍ കന്നഡ നടന്‍ ദര്‍ശന് വന്‍ തിരിച്ചടി. നടന് കര്‍ണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഹൈക്കോടതിയുടെ ഉത്തരവിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഹൈക്കോടതി തലതിരിഞ്ഞതെന്നും തികച്ചും അനാവശ്യവുമായ ഒന്ന് എന്നുമാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്.

2024 ഡിസംബര്‍ 13-നാണ് ദര്‍ശന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നത്. ഇത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കൂടാതെ ഇത് വിവേചനാധികാരത്തിന്റെ യുക്തിരഹിതമായ പ്രയോഗമാണെന്നും കോടതി വ്യക്തമാക്കി. ജാമ്യം നല്‍കാന്‍ നിയമപരമായ കാരണങ്ങളൊന്നുമില്ല, എന്ന് നിരീക്ഷിച്ച ബെഞ്ച്, ദര്‍ശന്റെ സ്വാതന്ത്ര്യം നീതിനിര്‍വഹണത്തെ വഴിതെറ്റിക്കാന്‍ സാധ്യതയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

നിയമത്തിന് മുകളിലല്ല ഒരു മനുഷ്യനും എന്നും നിയമം അനുസരിക്കുന്നത് ഔദാര്യമല്ല എന്നും ജസ്റ്റിസ് പര്‍ദിവാല ഊന്നിപ്പറഞ്ഞു. കസ്റ്റഡിയില്‍ ദര്‍ശന് പ്രത്യേക പരിഗണനയൊന്നും നല്‍കരുതെന്ന് ബെഞ്ച് സംസ്ഥാന, ജയില്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പ്രതിക്ക് ജയിലിനുള്ളില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍, അന്നുതന്നെ ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ജസ്റ്റിസ് പര്‍ദിവാല പറഞ്ഞു. ജയിലില്‍ പുകവലിക്കാനോ മദ്യപിക്കാനോ അനുവദിക്കുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ദര്‍ശനെ അടിയന്തരമായി കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവിട്ട കോടതി, ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും നിയമത്തിന് മുന്നില്‍ തുല്യതയുണ്ട് എന്ന് ആവര്‍ത്തിച്ചു. നടനെതിരായ ആരോപണങ്ങളും ഫോറന്‍സിക് തെളിവുകളും ജാമ്യം റദ്ദാക്കേണ്ടതിന്റെ ആവശ്യകത ഊട്ടിയുറപ്പിക്കുന്നുവെന്നും ബെഞ്ച് പറഞ്ഞു. ജൂലൈ 24-ന് കേസ് പരിഗണിക്കവെ, ഇത്രയും ഗൗരവമേറിയ ഒരു കേസില്‍ ജാമ്യം അനുവദിക്കുന്നതിന് മുന്‍പ് ഹൈക്കോടതി 'വിവേകപൂര്‍വ്വം ചിന്തിച്ചിട്ടുണ്ടോ' എന്ന് സുപ്രീംകോടതി ചോദിച്ചുരുന്നു.

രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണ് ദര്‍ശന്‍. ചിത്രദുര്‍ഗയിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ ജീവനക്കാരന്‍ ആയിരുന്നു കൊല്ലപ്പെട്ട രേണുക സ്വാമി. 2024 ജൂണ്‍ 9നാണ് ബെംഗളൂരുവിലെ സോമനഹള്ളിയില്‍ ഒരു പാലത്തിന്റെ താഴെ അഴുക്കുചാലില്‍ നിന്നും രേണുക സ്വാമിയുടെ മൃതദേഹം ലഭിച്ചത്. ആദ്യം പൊലീസ് ആത്മഹത്യയാണ് എന്നാണ് കരുതിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണ് എന്ന് തെളിയുകയായിരുന്നു.

ദര്‍ശനും സംഘവും രേണുക സ്വാമിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം തടഞ്ഞുവെച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്നും ദര്‍ശന്റെ കുടുംബ ജീവിതത്തെ ബാധിക്കും വിധമുള്ള ഇടപെടല്‍ നടത്തിയെന്നതുമാണ് കൊലപാതക കാരണമായി കണ്ടെത്തിയത്. നടി പവിത്രയും കേസില്‍ പ്രതിയാണ്.