മുംബൈ: ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ചുകയറി മോഷണ ശ്രമത്തിനിടെ ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി ഷരീഫുള്‍ ഇസ്ലാം കൊല്‍ക്കത്തയ്ക്കടുത്തുള്ള ഹൗറയിലേക്കും അവിടെ നിന്ന് ബംഗ്ലാദേശിലേക്കും രക്ഷപ്പെടാനായിരുന്നു ശ്രമമെന്ന് പോലീസ്. പക്ഷെ, ഹൗറയിലേക്കുള്ള ട്രെയിന്‍ ടിക്കറ്റിനായി ഷരീഫുള്‍ ഒരു ട്രാവല്‍ ഏജന്റിനെ സമീപിച്ചില്ലെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ ടിക്കറ്റ് കിട്ടണമെങ്കില്‍ കൂടുതല്‍ പണം നല്‍കണമെന്ന് ഏജന്‍സി അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. പണം കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് പ്രതി പോലീസിന്റെ പിടിയിലായത്.

ഷരീഫുള്‍ സമീപിച്ചുവെന്ന് കരുതുന്ന എല്ലാ ട്രാവല്‍ഏജന്റുമാരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. നിരവധി പ്രമുഖര്‍ താമസിക്കുന്ന ഇടമെന്നതുകൊണ്ടുതന്നെ ഭാവിയില്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളും പോലീസ് സ്വീകരിക്കുന്നുണ്ട്. തെളിവെടുപ്പിനും സംഭവം പുനരാവിഷ്‌ക്കരിക്കാനും പ്രതിയെയുംകൊണ്ട് കഴിഞ്ഞദിവസം പോലീസ് സെയ്ഫ് അലിഖാന്റെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് എ.സിയുടെ ഭാഗംവഴിയും കോണിപ്പടിവഴിയും താന്‍ അകത്തേക്ക് കടന്നതും രക്ഷപ്പെട്ടതും എങ്ങനെയെന്ന് ഇയാള്‍ പോലീസിന് വിവരിച്ചുകൊടുത്തു.

മുറിയിലേക്ക് കടക്കുമ്പോഴുള്ള കാലടിശബ്ദം കേള്‍ക്കാതിരിക്കാന്‍ ഷൂസഴിച്ച് ബാഗിലിട്ടതായും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായും ഷരീഫുള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. മുഖാവരണവും ധരിച്ചിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഷരീഫുള്‍ ഉപേക്ഷിച്ച മുഖാവരണം പോലീസ് മുറിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇത് ഫോറന്‍സിക് പരിശോധനയക്ക് അയക്കുമെന്നും പോലീസ് വ്യക്തമാക്കി.

രാത്രിയില്‍നടന്ന അക്രമത്തേക്കുറിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായകമായത് സെയ്ഫിന്റെ മക്കളുടെ ആയയും മലയാളിയുമായ ഏലിയാമ്മയുടെ മൊഴിയാണ്. കുട്ടികളുടെ മുറിയില്‍ കയറിയ ആക്രമിയെ ആദ്യം കണ്ടത് താനാണെന്ന് ഏലിയാമ്മ പോലീസിനോട് പറഞ്ഞിരുന്നു. രാത്രി രണ്ട്മണിയോടെ എന്തോ ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. മുറിയിലെ ബാത്റൂം വാതില്‍ തുറന്നിട്ടതും ലൈറ്റിട്ടതും ശ്രദ്ധയില്‍പെട്ടു. മക്കളെ നോക്കാന്‍ കരീന ഉണര്‍ന്നതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. വീണ്ടും കിടന്നെങ്കിലും എന്തോ അസ്വാഭാവികമായി തോന്നിയതോടെ വീണ്ടും പോയിനോക്കിയപ്പോഴാണ് ആക്രമിയെ കണ്ടത്. തന്നെ കണ്ടതോടെ കൈവിരലുകള്‍ ചൂണ്ടോട് ചേര്‍ത്തുവെച്ച് ഒച്ചയുണ്ടാക്കരുതെന്നും ആരും പുറത്തുപോവരുതെന്നും ഹിന്ദിയില്‍ ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു.

കുട്ടിയെ എടുക്കാന്‍ ഞാന്‍ ഓടിയതോടെ തന്നെ അക്രമിക്കാനൊരുങ്ങി. മരവടിയും ആക്സോബ്ലെയ്ഡും കൊണ്ടായിരുന്നു ആക്രമിക്കാന്‍ ശ്രമിച്ചത്. കൈകൊര്‍ത്തുവെച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ തന്റെ രണ്ട് കണങ്കൈയിലും ബ്ലെയ്ഡ് കൊണ്ടെന്നും ഏലിയാമ്മ പറഞ്ഞു. ഇതിനിടെ നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് അക്രമിയോട് ചോദിച്ചിരുന്നു. ഒരുകോടി രൂപ വേണമെന്ന് അക്രമിപറഞ്ഞതായി ഏലിയിമ്മ മൊഴി നല്‍കിയിട്ടുണ്ട്. ഈ ബഹളം കേട്ടാണ് സെയ്ഫും കരീനയും എത്തുന്നുതും അക്രമിയെ നേരിടാന്‍ ശ്രമിച്ചതും സെയ്ഫിന് ഗുരുതരമായി പരിക്കേറ്റതും. മരത്തടികൊണ്ടും ആക്സോബ്ലൈഡുകൊണ്ടും കത്തികൊണ്ടുമാണ് നടനെ ആക്രമിച്ചത്.

പിന്‍ഭാഗത്തെ ഏണിപ്പടികളും എയര്‍കണ്ടിഷണിങ് ഡക്ടും വഴിയാണ് അക്രമി മുകളിലെത്തിയത്. തുടര്‍ന്ന് ശൗചാലയത്തിന്റെ ജനാല വഴി ഉള്ളില്‍ക്കടക്കുകയായിരുന്നു. ഏറ്റുമുട്ടലിനു ശേഷം അക്രമിയെ മുറിയില്‍ പൂട്ടിയിട്ട് തങ്ങള്‍ പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഏലിയാമ്മ മൊഴിനല്‍കിയിട്ടുള്ളത്. അക്രമിയില്‍നിന്ന് രക്ഷപ്പെട്ട് സെയ്ഫ് പുറത്തുകടക്കുകയും അക്രമിയെ മുറിക്കുള്ളില്‍ പൂട്ടിയിടുകയും ചെയ്തു. ഈ മുറിയിലെ ശൗചാലയത്തിന്റെ ജനാലവഴി ഇയാള്‍ പുറത്തുകടക്കുകയായിരുന്നു. തുടര്‍ന്ന് കയറിവന്നതുപോലെതന്നെ എ.സി ഡക്ടും പിന്നിലെ ഗോവണിപ്പടിയും വഴി രക്ഷപ്പെടുകയുമായിരുന്നുവെന്നും ഏലിയാമ്മ പോലീസിനോട് പറഞ്ഞു.

പ്രതി സെയ്ഫിന്റെ താമസസ്ഥലത്തുനിന്ന് രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്നാണ് ഒരാള്‍ ബൈക്കില്‍നിന്ന് ഇറങ്ങുന്ന സി.സി.ടി.വി ദൃശ്യം പോലീസിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഇതിന്റെ നമ്പര്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവില്‍ പ്രതി വാടകയ്ക്ക് താമസിക്കുന്ന വോര്‍ലി കോലിവാഡയിലെ സ്ഥലത്ത് പോലീസ് എത്തുകയും ചെയ്തു. ഇവിടെ മറ്റ് മൂന്നുപേര്‍ക്കൊപ്പമാണ് പ്രതി താമസിച്ചിരുന്നത്. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് പ്രതിയുടെ പേരും മറ്റ് വിവരവുമെല്ലാം പോലീസിന് ലഭിച്ചത്.

ഫോണ്‍നമ്പര്‍ പിന്തുടര്‍ന്നുള്ള അന്വേഷണവും പോലീസ് നടത്തി. പ്രദേശത്തെ കുറ്റിക്കാട്ടില്‍ മണിക്കൂറുകളോളം ഒളിച്ച പ്രതിയെ പോലീസ് പിന്നീട് വളയുകയായിരുന്നു. പ്രതി അനധികൃതമായി അതിര്‍ത്തികടന്ന് വന്നതാണെന്നും ബംഗ്ലാദേശ് പൗരനാണെന്നും പോലീസിന് വ്യക്തമാവുകയും ചെയ്തിരുന്നു.

മോഷ്ടാവിനെ പിടികൂടാനായി പോലീസ് മുപ്പതംഗ അന്വേഷണ സംഘത്തെയാണ് രൂപവത്കരിച്ചത്. സിസിടിവിയടക്കം പരിശോധിച്ചുള്ള പഴുതടച്ച അന്വേഷണത്തിനിടെ ബംഗ്ലാദേശ് പൗരന്‍ ഷരീഫുള്‍ ഇസ്ലാം പിടിയിലാവുകയായിരുന്നു. ആദ്യം കൊല്‍ക്കത്തിയിലേക്ക് കടക്കാനും അവിടെ നിന്ന് ബംഗ്ലാദേശിലേക്ക് രക്ഷപ്പെടാനുമുള്ള ശ്രമത്തിനിടെയാണ് താനെയില്‍നിന്ന് ഷരീഫുള്‍ ഇസ്ലാം പിടിയിലായത്.