കൊച്ചി: കുംഭമേള ചിത്രങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ ഉത്തരേന്ത്യൻ സുന്ദരി മൊണാലിസ ഭോസ്ലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി സംവിധായകൻ സനോജ് മിശ്ര തന്നോട് അപമര്യാദയായി പെരുമാറിയെന്നും സെറ്റിൽ വച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചെന്നും മൊണാലിസ ആരോപിച്ചു. കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് താരം താൻ നേരിട്ട ദുരനുഭവങ്ങൾ വിവരിച്ചത്.

തനിക്ക് 18 വയസ്സ് തികയുന്നതിന് മുൻപാണ് സനോജ് മിശ്രയിൽ നിന്ന് ദുരനുഭവം ഉണ്ടായതെന്ന് മൊണാലിസ പറഞ്ഞു. "ആദ്യത്തെ സിനിമയല്ലേ എന്ന് കരുതി വീട്ടുകാർ പോലും അന്ന് ഈ പരാതി കാര്യമായെടുത്തില്ല. അതുകൊണ്ട് ആരോടും പറയാൻ പറ്റിയില്ല," താരം വ്യക്തമാക്കി. സംവിധായകനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ഭർത്താവ് ഫർമാൻ ഖാനൊപ്പമാണ് മൊണാലിസ വാർത്താസമ്മേളനത്തിന് എത്തിയത്.

മൊണാലിസയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം അടുത്തിടെയാണ് കേരളത്തിൽ നടന്നത്. സനോജ് മിശ്ര സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് വിഴിഞ്ഞം, പൂവാർ ഭാഗങ്ങളിൽ നടന്നപ്പോഴാണ് ഇരുവരും പ്രണയത്തിലായത്. ഈ ചിത്രത്തിലെ നായകനായിരുന്നു ഫർമാൻ ഖാൻ. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ ഇവർ സംരക്ഷണം തേടിയിരുന്നു. തുടർന്ന് പൂവാറിനടുത്തെ അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി ശിവൻകുട്ടി, വി ജോയ്, എ എ റഹിം എംപി തുടങ്ങിയ പ്രമുഖ നേതാക്കൾ വിവാഹത്തിൽ പങ്കെടുത്തത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇരുവരുടെയും വിവാഹത്തിന് പിന്നാലെ ലൗ ജിഹാദ് ആരോപണവും മൊണാലിസയ്ക്ക് പ്രായപൂർത്തിയായില്ലെന്ന പ്രചാരണവും ഉയർന്നിരുന്നു. എന്നാൽ തന്റെ ആധാർ കാർഡ് ഉയർത്തിക്കാട്ടി ഈ ആരോപണങ്ങളെ താരം തള്ളി. "കേരളം നല്ല സ്ഥലമാണ്, ഇവിടുത്തെ മനുഷ്യർ സ്നേഹമുള്ളവരാണ്.

നാട്ടിലേക്ക് പോകാൻ ആഗ്രഹമുണ്ടെങ്കിലും അത് വലിയ വെല്ലുവിളിയാണ്. ഞങ്ങളുടെ ജീവന് ഭീഷണിയുണ്ട്," മൊണാലിസ പറഞ്ഞു. മൊണാലിസയെ മറ്റൊരു ബന്ധുവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു വീട്ടുകാരുടെ താല്പര്യമെന്നും ഇതാണ് എതിർപ്പിന് കാരണമായതെന്നും ഇവർ വെളിപ്പെടുത്തി. നിലവിൽ കേരളത്തിൽ തന്നെ താമസിക്കുന്ന ഇവർ നിയമപോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്.