തിരുവനന്തപുരം:തനിക്കെതിരായ ലൈംഗികാതിക്രമം അവിര റബേക്ക സംവിധാനം ചെയ്ത പിഗ്മാന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആണെന്ന് പരാതിക്കാരിയായ നടി. ശുചിമുറിയില്‍ പോയി തിരികെ വരുമ്പോഴായിരുന്നു ജയസൂര്യയില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായതെന്നും നടി മാധ്യമങ്ങളോട് വ്യക്തമാക്കി. ഇപ്പോള്‍ ആരും കണ്ടിട്ടില്ല, ഇത് സംവിധായകനോട് പറഞ്ഞ് വിഷയം ആക്കുമോയെന്ന് നടന്‍ ചോദിച്ചുവെന്നും നടി വെളിപ്പെടുത്തി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

നടിയുടെ വാക്കുകള്‍ ഇങ്ങനെയാണ്: അവിര റബേക്ക സംവിധാനം ചെയ്ത പിഗ്മാന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. 2013 ലാണ് സിനിമ റിലീസ് ചെയ്തിട്ടുള്ളത്. ഒരു പന്നിവളര്‍ത്തല്‍ കേന്ദ്രമായിരുന്നു ലൊക്കേഷന്‍. പഴയ കെട്ടിടമായിരുന്നു അവിടെയുണ്ടായിരുന്നത്. രമ്യ നമ്പീശന്‍ ആയിരുന്നു സിനിമയിലെ നായിക. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊന്നും സാധാരണഗതിയില്‍ വലിയ പരിഗണനയൊന്നും ലൊക്കേഷനില്‍ കിട്ടാറില്ല.'

'എന്നാല്‍ സോഷ്യല്‍ വര്‍ക്കര്‍ കൂടിയായതിനാല്‍ ഞാന്‍ ലൊക്കേഷനില്‍ ചെന്നപ്പോള്‍ സംവിധായകന്‍ വന്ന്, ജയസൂര്യയെയും രമ്യ നമ്പീശനെയും പരിചയപ്പെടുത്തി. അതിനിടെ താങ്കളുടെ സീന്‍ ആകാറായെന്നും, മേക്കപ്പ് ചെയ്യാനും ആവശ്യപ്പെട്ടു. ഡ്രസ് ചേഞ്ച് ചെയ്ത് മേക്കപ്പും ചെയ്തശേഷം, വാഷ് റൂമില്‍ പോയി തിരിച്ചു വരുമ്പോഴാണ് ജയസൂര്യ തന്നെ പിന്നില്‍ നിന്നും കയറിപ്പിടിച്ചത്. തിരിഞ്ഞുനോക്കിയപ്പോഴാണ് ഇത്രയും വലിയ നടനാണ് ഇത്തരത്തില്‍ പെരുമാറിയതെന്ന് മനസ്സിലായത്.'

'അപ്രതീക്ഷിതമായ സംഭവത്തില്‍ പേടിച്ചു കരഞ്ഞ ഞാന്‍ നടനെ തള്ളിമാറ്റി. നിങ്ങള്‍ എത്ര വലിയ നടനാണെങ്കിലും നിങ്ങള്‍ ചെയ്തത് ഇഷ്ടപ്പെട്ടില്ലെന്ന് അയാളോട് പറഞ്ഞു. വെരി സോറി, പെട്ടെന്ന് പറ്റിപ്പോയതാണെന്ന് നടന്‍ മറുപടി നല്‍കി. നിങ്ങളുടെ സോഷ്യല്‍ സര്‍വീസും നല്ല മനസ്സും ഇഷ്ടമാണെന്നും പറഞ്ഞു. ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നവരുണ്ട്, എല്ലാവരോടും ഇങ്ങനെയാണോ ചെയ്യുകയെന്ന് താന്‍ ചോദിച്ചു. ഇപ്പോള്‍ ആരും കണ്ടിട്ടില്ല, ഇത് സംവിധായകനോട് പറഞ്ഞ് വിഷയം ആക്കുമോയെന്ന് ചോദിച്ചു.' നടി വെളിപ്പെടുത്തി

'എനിക്ക് ഭയപ്പെടേണ്ട ഒരു കാര്യവുമില്ല. സെറ്റ് കംഫര്‍ട്ട് ആണെന്ന് ഉറപ്പു കിട്ടിയാല്‍ കഥ കേട്ട് പറ്റുന്നതാണെങ്കില്‍, ചെറിയ പ്രതിഫലത്തിനാണെങ്കിലും അഭിനയിക്കും. മുന്‍ അനുഭവം വെച്ച് സെറ്റില്‍ വേറെ എന്തെങ്കിലും ഉപദ്രവം ഉണ്ടാകുമോയെന്ന് ചോദിക്കാറുണ്ട്. ഞാന്‍ കഷ്ടപ്പെട്ട് കടം വാങ്ങിയാലും വേറെയാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യത്തിനും നില്‍ക്കാറില്ല'. 12 വര്‍ഷമായി തിരുവനന്തപുരത്തുണ്ടെന്നും നടി പറഞ്ഞു.

അതേസമയം നടിയുടെ പരാതിയില്‍ കരമന പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2013ല്‍ തൊടുപുഴയിലെ സിനിമാ ലൊക്കേഷനില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 'ശുചിമുറിയിലേക്ക് പോയി തിരികെ വരുമ്പോള്‍ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു. ഈ നടനെ ഞാന്‍ പിടിച്ച് തള്ളി. ശേഷം സെറ്റിലുള്ളവരോട് ഇക്കാര്യം പറഞ്ഞെങ്കിലും ആരും അംഗീകരിച്ചില്ല.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിരവധി നടിമാര്‍ ഇത്തരത്തിലുള്ള പരാതികളുമായി രംഗത്തെത്തി. അവര്‍ക്ക് പിന്തുണയായിട്ടാണ് എനിക്ക് നേരിട്ട ദുരനുഭവം ഇപ്പോള്‍ തുറന്നുപറയാന്‍ തയ്യാറായത്.'- നടി വ്യക്തമാക്കി. ജയസൂര്യയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.നേരത്തെ ആലുവയിലെ നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ജയസൂര്യയ്‌ക്കെതിരെ കേസെടുത്തിരുന്നു.