കൊച്ചി: കേരളത്തിന്റെ നിയമചരിത്രത്തില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുകയും മലയാള ചലച്ചിത്ര ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയും ചെയ്ത കേസായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ്. ഇപ്പോഴിതാ, എട്ടാം പ്രതിയായ നടന്‍ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. നീണ്ട എട്ട് വര്‍ഷത്തെ വിചാരണക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവിലാണ് കേസിന്റെ വിധി വരുന്നത്. അതുകൊണ്ട് തന്നെ കേരള സമൂഹം വലിയ ആകാംക്ഷയോടെയാണ് ഈ വിധി കേട്ടത്. ഇന്ന് രാവിലെ 11 മണിയോടെ വിധി പ്രഖ്യാപനം ഉണ്ടായത്.

കേസിന്റെ തുടക്കം 2017 ഫെബ്രുവരി 17-നായിരുന്നു. ഒരു ഷൂട്ടിംഗ് കഴിഞ്ഞ് തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ പ്രമുഖ നടി സഞ്ചരിച്ച കാറില്‍ അതിക്രമിച്ച് കയറിയ സംഘം താരത്തെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെടുക്കുകയും ചെയ്തു. കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ എന്ന 'പള്‍സര്‍ സുനി' യാണ് ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. സംഭവത്തിന് പിന്നാലെ പോലീസ് ശക്തമായ അന്വേഷണം നടത്തുകയും പള്‍സര്‍ സുനിയെയും മറ്റ് പ്രതികളെയും അതിവേഗം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ദിലീപിന്റെ അറസ്റ്റും ഗൂഢാലോചന കുറ്റവും

സംഭവം നടന്ന് മാസങ്ങള്‍ക്കുശേഷം, കേസിന് പിന്നില്‍ ഒരു ഗൂഢാലോചന ഉണ്ടെന്ന കണ്ടെത്തലാണ് അന്വേഷണത്തില്‍ ഏറ്റവും നിര്‍ണ്ണായകമായത്. പ്രമുഖ നടനായ ദിലീപിന്റെ പേര് ഈ ഗൂഢാലോചനയില്‍ ഉയര്‍ന്നുവന്നു. നടി ആക്രമിക്കപ്പെട്ട സംഭവം ക്വട്ടേഷനാണെന്നും, ഇതിന് പിന്നില്‍ ദിലീപാണെന്നും പോലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്, 2017 ജൂലൈ 10-ന് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. ക്രിമിനല്‍ ഗൂഢാലോചന (120 ബി), കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ദിലീപിനെതിരെ ചുമത്തിയിട്ടുള്ളത്. 85 ദിവസത്തെ ജയില്‍വാസത്തിനുശേഷം കര്‍ശന വ്യവസ്ഥകളോടെയാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. കേസില്‍ പള്‍സര്‍ സുനി ഒന്നാം പ്രതിയും ദിലീപ് എട്ടാം പ്രതിയുമാണ്. കേസില്‍ ആകെ 10 പ്രതികളാണുള്ളത്.

അന്ന് ദിലീപ് പ്രസംഗിച്ചത് ഇങ്ങനെ...

''പ്രിയമുള്ളവരേ, ഇന്നലെ രാവിലെ ആന്റോ വിളിച്ചുപറയുമ്പോളാണ് വളരെ ഷോക്കിങ്ങായിട്ടുള്ള ഈ വാര്‍ത്ത അറിയുന്നത്. എന്റെകൂടെ ഏറ്റവും കൂടുതല്‍ സിനിമചെയ്തിട്ടുള്ള കുട്ടി കൂടിയാണ്. ശരിക്കുപറഞ്ഞാല്‍ നമ്മള്‍ ഉടനെ നമ്മുടെ വീടിന്റെ അകത്തേക്ക് തന്നെയാണ് നോക്കിപോകുന്നത്. വളരെ ഭയക്കുന്നത്. ഇത് സിനിമയില്‍ സംഭവിച്ചു എന്നതിനെക്കാള്‍ അപ്പുറം നമ്മുടെ നാട്ടില്‍ സംഭവിച്ചു എന്നതാണ് ഏറ്റവും ദാരുണമായ, നമ്മളെ വിഷമിപ്പിക്കുന്ന ഒന്ന്. സത്യസന്ധമായ രീതിയിലാണ് പോലീസ് അതിന്റെ അന്വേഷണമെല്ലാം മുന്നോട്ടുകൊണ്ടുപോകുന്നത്. എല്ലാവരും വളരെ സജീവമായി ഇതിന്റെ പിന്നിലുള്ള ആളുകളുടെ പിറകെത്തന്നെയുണ്ട്. മീഡിയക്കാരോട് പ്രത്യകിച്ച് പറയാനുള്ളത്, വാര്‍ത്തകള്‍ വളച്ചൊടിക്കാനല്ല ശ്രമിക്കേണ്ടത്. ഇത് സിനിമയില്‍ സംഭവിച്ചു എന്ന് പറയുമ്പോള്‍ അതില്‍ ഇത്രയും കൂട്ടായ്മയുണ്ടായി.

പക്ഷേ, നമ്മുടെ ഒരു സാധാരണക്കാരന്റെ വീട്ടില്‍ നടക്കുന്ന സംഭവമായി എടുത്ത്, ഇനി ഈ നാട്ടില്‍ ഇത് സംഭവിക്കാതിരിക്കാന്‍, അതിനുവേണ്ടി നമുക്ക് ഒരുമിച്ച് കൂട്ടായിട്ട് നില്‍ക്കാം. അതിന്റെ ഭാഗത്ത് ഞാനും ഉണ്ടാകും എന്ന് ഉറപ്പിച്ച് പറയുന്നു. മമ്മൂക്ക വിളിച്ചപ്പോള്‍ എല്ലാവരും ഇവിടെ ഓടിവരികയുണ്ടായി. മലയാള സിനിമാ കുടുംബത്തിലെ ഒരു അംഗത്തിന് സംഭവിച്ചു എന്നതിനെക്കാള്‍ അപ്പുറം കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇങ്ങനെയൊന്നും സംഭവിക്കാന്‍ പാടില്ല എന്ന ഉറച്ച തീരുമാനത്തോടെ, എല്ലാത്തിനും എല്ലാവരും ഒറ്റക്കെട്ടായി ഉണ്ടാകുമെന്ന ഉറച്ചവിശ്വാസത്തോടെ, വന്നിരിക്കുന്ന എല്ലാവര്‍ക്കും എല്ലാ ഐശ്വര്യങ്ങളും നേര്‍ന്നുകൊണ്ട്, നന്ദി.''

നീണ്ട വിചാരണയുടെ വഴികള്‍

കോവിഡ് മഹാമാരിയുടെ വെല്ലുവിളികള്‍ ഉള്‍പ്പെടെ അതിജീവിച്ചാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്. സാക്ഷികളുടെ സുരക്ഷ ഉറപ്പുവരുത്തി, മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രവേശനമില്ലാത്ത അടച്ചിട്ട കോടതിമുറിയിലായിരുന്നു വിചാരണ നടന്നത്. പ്രമുഖ അഭിഭാഷകര്‍ പ്രോസിക്യൂഷനും പ്രതിഭാഗത്തിനും വേണ്ടി ഹാജരായി. കേസില്‍ 200-ല്‍ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതില്‍ പലരും കോടതിയില്‍ മൊഴി മാറ്റിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

നിര്‍ണ്ണായക വഴിത്തിരിവുകളും തുടരന്വേഷണവും

കേസില്‍ വിധി പ്രഖ്യാപനം അടുത്തിരിക്കെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവായി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും, കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നെന്നും, തെളിവ് നശിപ്പിക്കാന്‍ നീക്കം നടത്തിയെന്നുമുള്ള വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കോടതി അനുമതിയോടെ കേസില്‍ തുടരന്വേഷണം നടത്തുകയും ദിലീപിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.