- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലചന്ദ്രകുമാറിന്റെ മൊഴികളില്‍ വൈരുദ്ധ്യം; പള്‍സര്‍ സുനി- ദിലീപ് കൂടിക്കാഴ്ചയെ കുറിച്ചുള്ള വെളിപ്പെടുത്തലുകളില്‍ സംശയം; ദിലീപ് ഫോണില്‍ നിന്ന് ചാറ്റ് വിവരങ്ങള്‍ നീക്കം ചെയ്തത് തെളിവ് നശിപ്പിക്കാനെന്ന വാദവും തള്ളി; നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിന്യായത്തിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെ
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിന്യായത്തിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധിപ്പകര്‍പ്പ് പുറത്ത് വന്നപ്പോള്‍, ദിലീപിനെതിരായ ഗൂഢാലോചനാ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായി പരാജയപ്പെട്ടുവെന്നാണ് വ്യക്തമാകുന്നത്. പ്രതി പള്‍സര്‍ സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ഉത്തരവില്‍ പറയുന്നു.
1711 പേജുകളുള്ള വിധിന്യായത്തില്‍ 300 പേജുകളില്‍ എന്തുകൊണ്ട് ദിലീപിനെ വെറുതെവിട്ടുവെന്ന് വിശദീകരിക്കുന്നു. കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ തെറ്റില്ലെന്നും അത് അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, കേസില്‍, സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ വിശ്വാസ്യതയിലും, തെളിവുകള്‍ നശിപ്പിച്ചു എന്ന പ്രോസിക്യൂഷന്‍ വാദങ്ങളിലും കോടതി സംശയം പ്രകടിപ്പിച്ചു.
ബാലചന്ദ്ര കുമാറിന്റെ മൊഴികളിലെ വൈരുദ്ധ്യം
അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴികളിലെ വൈരുദ്ധ്യമാണ് കോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയത്. പള്‍സര്‍ സുനിയും ദിലീപുമായി നടന്ന എല്ലാ കൂടിക്കാഴ്ചകളും സുനി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഡിസംബര്‍ 26-ന് നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് സുനി ഒരിടത്തും പറഞ്ഞിട്ടില്ല. ബാലചന്ദ്ര കുമാര്‍ മാത്രമാണ് ഈ കൂടിക്കാഴ്ചയെക്കുറിച്ച് മൊഴി നല്‍കിയത്.
ദിലീപിനെ കാണാന്‍ എത്തിയത് സിനിമാ ചര്‍ച്ചകള്‍ക്കായാണ് എന്നാണ് ബാലചന്ദ്ര കുമാര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, കോടതിയില്‍ ഈ മൊഴി 'ഗൃഹപ്രവേശത്തിനായി എത്തിയതായിരുന്നു' എന്ന് മാറ്റിപ്പറഞ്ഞു. ഇങ്ങനെ ഒരു ഗൃഹപ്രവേശം നടന്നതിന് ഒരു തെളിവും ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്നും കോടതി വിധിന്യായത്തില്‍ എടുത്തുപറയുന്നു.
പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അതീവ രഹസ്യ സ്വഭാവത്തിലുള്ള ബന്ധമായിരുന്നു എന്ന് അന്വേഷണ സംഘം തന്നെ സമ്മതിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍, ബാലചന്ദ്ര കുമാറിന്റെ മുന്നില്‍ വെച്ച് ദിലീപ് എങ്ങനെയാണ് സുനിയുമായി ഇടപഴകുക എന്നതിലും വിധിന്യായത്തില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
തെളിവ് നശിപ്പിച്ചു എന്ന വാദം തള്ളി
ദിലീപ് ഫോണില്‍ നിന്ന് വിവരങ്ങള്‍ നീക്കം ചെയ്തു (Chat Deletion) എന്നത് തെളിവ് നശിപ്പിക്കാനാണ് എന്ന പ്രോസിക്യൂഷന്‍ വാദവും കോടതി തള്ളി. ചാറ്റ് ഡിലീറ്റുകള്‍: ഫോണില്‍ നിന്ന് വിവരങ്ങള്‍ നീക്കം ചെയ്തു എന്നത് ശരിയാണെങ്കിലും, അത് തെളിവുകള്‍ നശിപ്പിക്കാനാണ് എന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഡിലീറ്റ് ചെയ്ത ചാറ്റുകളുടെ ഉള്ളടക്കം കേസിന് എത്രത്തോളം പ്രാധാന്യമുള്ളതായിരുന്നു എന്ന് തെളിയിക്കാനും കഴിഞ്ഞില്ല. ഒരാള്‍ സ്വകാര്യ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യുന്നത് സ്വാഭാവികമാണ്. ഇത് കേസിലെ തെളിവ് നശിപ്പിക്കാന്‍ വേണ്ടിയല്ല എന്ന് കോടതി നിരീക്ഷിച്ചു.
ഡാറ്റ നശിപ്പിക്കാന്‍ ഉപയോഗിച്ചു എന്ന് പറയുന്ന ഉപകരണം കോടതിയില്‍ ഹാജരാക്കിയില്ല. ഉപകരണം പരിശോധിക്കാതെ ഡാറ്റ നശിപ്പിച്ചു എന്ന ആരോപണം നിലനില്‍ക്കില്ലെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി വിവരങ്ങള്‍ കൈമാറി എന്നതിന് തെളിവായി ഹാജരാക്കിയ സ്‌ക്രീന്‍ഷോട്ടുകള്‍ കോടതി തള്ളിക്കളഞ്ഞു. ഈ സ്‌ക്രീന്‍ഷോട്ട് അയച്ച വ്യക്തിയെ വിസ്തരിക്കാന്‍ പോലും പ്രോസിക്യൂഷന്‍ തയ്യാറായില്ല എന്നതും കോടതി ചൂണ്ടിക്കാട്ടി.
പഴയ ഫോണ്‍ മാറ്റി പുതിയത് വാങ്ങിയത് തെളിവ് നശിപ്പിക്കാനാണെന്ന് പറയാനാവില്ലെന്നും വിധിന്യായത്തില്‍ പറയുന്നു. ഈ നിരീക്ഷണങ്ങളാണ് ദിലീപിനെതിരെയുള്ള പല ആരോപണങ്ങളെയും ദുര്‍ബലമാക്കിയതെന്നും, കേസില്‍ അദ്ദേഹത്തെ വെറുതെ വിടാന്‍ കാരണമായതെന്നും വ്യക്തമാകുന്നു.




