- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക താത്പര്യം കൊണ്ട്; കേസുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ല; മൊഴിയുടെ പേരില്‍ സംഭവവുമായി ബന്ധമില്ലാത്തവരെ പോലും എസ്ഐടി ബുദ്ധിമുട്ടിക്കുന്നു'; അന്വേഷണത്തിനെതിരെ നടി സുപ്രീം കോടതിയില്‍
ഹേമ കമ്മിറ്റി: കേസുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് നടി
ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിന് എതിരെ മൊഴി നല്‍കിയ നടി സുപ്രീംകോടതിയില്‍. മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധമില്ലാത്തവരെ പോലും എസ്ഐടി ബുദ്ധിമുട്ടിക്കുന്നുവെന്നും കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്നും നടി സുപ്രീം കോടതിയെ അറിയിച്ചു. ഭാവിയില്‍ അതിക്രമങ്ങളുണ്ടാകരുതെന്ന താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഹേമ കമ്മിറ്റിക്ക് മുന്നില്‍ അന്ന് മൊഴി നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി.
ഹേമ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി മൊഴി നല്‍കിയത് അക്കാദമിക താത്പര്യം കാരണമാണെന്നും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യം ഇല്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ നടി വ്യക്തമാക്കി. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടും തുടര്‍നടപടിയെടുത്തില്ലെന്നും നടി ചൂണ്ടിക്കാണിച്ചു.
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെയാണ് നടി സുപ്രീംകോടതിയെ സമീപിച്ചത്. താന്‍ ഹേമ കമ്മറ്റിയോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം സ്വീകരിക്കുന്ന തുടര്‍നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. എന്നിട്ടും തന്റെ മൊഴിയുമായി നേരിട്ട് ബന്ധമില്ലാത്ത ആളുകളെ പോലും പൊലീസ് ചോദ്യം ചെയ്യലിന്റെ പേരില്‍ വിളിച്ചു വരുത്തുന്നു എന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതിന് വേണ്ടി മാത്രമാണ് താന്‍ ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത്. അല്ലാതെ ക്രിമിനല്‍ കേസിന് വേണ്ടി അല്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഭിഭാഷകന്‍ ആബിദ് അലി ബീരാന്‍ ആണ് നടിയുടെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഹൈക്കോടതി വിധിക്ക് എതിരെ സിനിമാ മേഖലയിലെ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് നല്‍കിയ ഹര്‍ജിയും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത് ആബിദ് അലി ബീരാന്‍ ആണ്.
ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ട് പോകാന്‍ ഇരകള്‍ക്ക് താത്പര്യം ഇല്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാന്‍ ആകില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിയിരുന്നു. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത 18 കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.
മറ്റ് എട്ടു കേസുകളിലെ പ്രതികളുടെ പേര് എഫ്ഐആറില്‍ ഉള്‍പെടുത്തിയിട്ടുണ്ട് എന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ നാല്‍പത് സംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്തുവാന്‍ ആണ് പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നതിനിടെയാണ് നടി സുപ്രീം കോടതിയെ സമീപിച്ചത്.
നിര്‍മ്മാതാവായ സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ ഒരു അതിജീവിത നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി ഒപ്പം പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന ബി വരാലെ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.