തിരുവനന്തപുരം: ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന നടന്‍ ഷൈന്‍ ടോം ചാക്കോയെ പിന്തുണച്ചു കൊണ്ട് പ്രസ്താവന നടത്തിയത് നടി മാലാ പാര്‍വതിക്കെതിരെ വിമര്‍ശനം കടുക്കുന്നു. ഷൂട്ടിംഗ് സൈറ്റുകളിലെ അതിക്രമങ്ങളെ നിസ്സാരവല്‍ക്കരിച്ചു കൊണ്ടാണ് മാല പാര്‍വതി രംഗത്തുവന്നത്. ഇതോടയാണ് ഇവര്‍ക്കെതിരെ വിമര്‍ശനവും കടുക്കുന്നത്. ആക്ടിവിസ്റ്റായിരുന്ന പാര്‍വതി ഇപ്പോള്‍ സിനിമയില്‍ അവസരം കൂടുമ്പോള്‍ വന്ന വഴി മറക്കുന്നു എന്ന വിമര്‍ശനമാണ് ശക്തമാകുന്നത്.

വിവാദങ്ങളില്‍ മാലാ പാര്‍വതിയെ വിമര്‍ശിച്ച് നടി രഞ്ജിനിയും രംഗത്തുവന്നു. പരിശീലനം ലഭിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമായിട്ടും ഇതുപോലുള്ള കുറ്റവാളികളെയാണ് നടി പിന്തുണയ്ക്കുന്നത് എന്നായിരുന്നു രഞ്ജിനിയുടെ വിമര്‍ശനം. മാലാ പാര്‍വതി അവസരവാദിയാണെന്നും നടിയുടെ നിലപാടില്‍ ദുഃഖിതയാണെന്നും രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു. ഷൈനിന്റെയും മാലാ പാര്‍വതിയുടെയും ഫോട്ടോകള്‍ക്കൊപ്പമായിരുന്നു കുറിപ്പ്.

'മാലാ പാര്‍വതി, നാണക്കേട് തോന്നുന്നു! പരിശീലനം ലഭിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമായിട്ടും ഇതുപോലുള്ള കുറ്റവാളികളെയാണല്ലോ പിന്തുണയ്ക്കുന്നത്! നിങ്ങള്‍ ഒരു അവസരവാദിയാണെന്നാണ് ഇത് കാണിക്കുന്നത്... വളരെ ദുഃഖിതയാണ്, എനിക്ക് നിങ്ങളോട് ഒരു ബഹുമാനവുമില്ല', രഞ്ജിനി കുറിച്ചു.

സിനിമാ സെറ്റിലെ നടന്റെ ലഹരി ഉപയോഗത്തെപ്പറ്റിയുള്ള വിന്‍സിയുടെ തുറന്നുപറച്ചിലില്‍ വിന്‍സിയെ തള്ളിപ്പറഞ്ഞ്, ഷൈനിനെ വെള്ളപൂശി എന്നായിരുന്നു മാലാ പാര്‍വതിക്കെതിരെ ഉയര്‍ന്ന ആരോപണം. എന്നാല്‍ ഇത് ചാനലുകള്‍ പെട്ടെന്ന് ടെലി വിളിച്ചപ്പോള്‍ തനിക്ക് പറ്റിയ പിഴയായി കാണണമെന്നായിരുന്നു മാലാ പാര്‍വതിയുടെ പ്രതികരണം. ഈ വിശദീകരണം അവര്‍ ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തിരുന്നു.

'മാലാ പാര്‍വതി, ഷൈന്‍ ടോം ചാക്കോയേ വെള്ള പൂശുകയും, വിന്‍സിയേ തള്ളി പറയുകയും ചെയ്തു എന്നാണ് ആരോപണം. പ്രിയപ്പെട്ടവരെ, ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. പക്ഷേ നിങ്ങള്‍ അങ്ങനെ വിചാരിച്ചതില്‍ തെറ്റ് പറയാന്‍ പറ്റില്ല. കാലത്ത്, ഒന്നിന് പുറമേ ഒന്നായി ഫോണ്‍ കോളുകള്‍ വരുകയായിരുന്നു. ചോദ്യങ്ങള്‍ക്കാണ് ഞാന്‍ ഉത്തരം പറഞ്ഞ് കൊണ്ടിരുന്നത്. ഷൈന്‍ സെറ്റില്‍ എങ്ങനെയാണ് എന്ന് ചോദിച്ചതിന്, ഞാന്‍ എന്റെ അനുഭവം പറഞ്ഞു.

ഈ ഇന്റര്‍വ്യൂസിലൊക്കെ, ഷൈന്‍ കാണിക്കുന്ന കാര്യങ്ങള്‍, സെറ്റില്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. ഏഴെട്ട് പടം ചെയ്തിട്ടുണ്ട്. സ്വാസികയും ഷൈനിനെ കുറിച്ച് അങ്ങനെ തന്നെ പറയുന്നത് കേട്ടു. സെറ്റില്‍, ഷോട്ടിന്റെ സമയത്തെ പരസ്പരം കാണുന്നുള്ളൂ. ഷോട്ട് കഴിഞ്ഞാല്‍ ഷൈന്‍ കാരവനിലേക്ക് പോവുകയും ചെയ്യും. പക്ഷേ ആ രീതികള്‍ ഞാന്‍ വിശദമായി, ഈ contextല്‍ പറയാന്‍ പാടില്ലായിരുന്നു, എന്ന് ഞാന്‍ മനസ്സിലാക്കുന്നു '- ഇങ്ങനെ പോകുന്നു മാലാ പാര്‍വതിയുടെ വിശദീകരണം.

അതേസമയം ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സിനിമാ ഷൂട്ടിംഗ് സെറ്റുകളില്‍ സ്ത്രീകള്‍ നേരിടുന്ന മോശം പെരുമാറ്റങ്ങളെ നിസാരവത്കരിച്ചു കൊണ്ട് നടി രംഗത്തുവന്നിരുന്നു. ജോലിസ്ഥലത്തുണ്ടാകുന്ന അതിക്രമങ്ങള്‍ മാനേജ് ചെയ്യാന്‍ സ്ത്രീകള്‍ പഠിക്കണമെന്നാണ് നടിയുടെ ഉപദേശം. കമന്റുകള്‍ അടക്കമുള്ള പരാമര്‍ശങ്ങള്‍ കാര്യമാക്കി എടുക്കേണ്ടതില്ലെന്നും മാലാ പാര്‍വതി പറഞ്ഞു. നടി വിന്‍സി അലോഷ്യസ് സിനിമാ സെറ്റില്‍ നേരിട്ട മോശം പെരുമാറ്റത്തെക്കുറിച്ച് അടുത്തിടെ നടത്തിയ വെളിപ്പെടുത്തലിനെ അധികരിച്ചായിരുന്നു മാലാ പാര്‍വതിയുടെ പരാമര്‍ശം.

സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് പരാതിപ്പെട്ടവര്‍ക്കെതിരെയാണ് നടിയുടെ വാക്കുകള്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വിവാദ പരാമര്‍ശങ്ങള്‍. പലരും കളിതമാശ പോലും മനസിലാകാത്തവരാണെന്ന് അവര്‍ പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ വലിയ വിഷയമായി മനസില്‍ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ച മാലാ പാര്‍വതി ഇതൊക്കെ മാനേജ് ചെയ്യാന്‍ സ്ത്രീകള്‍ പഠിക്കണമെന്നും പറഞ്ഞു.

സിനിമയില് നോക്കിയേ, ഒരു കളിതമാശ പോലും മനസിലാകാത്തവരാണ്. ഇന്നാളാരോ പറയുന്നതുകേട്ടു, ബ്ലൗസൊന്ന് ശരിയാക്കണം, ഞാനങ്ങോട്ട് വരട്ടേ എന്ന് ചോദിച്ചുകഴിഞ്ഞാല്‍ ഭയങ്കര സ്‌ട്രെസ്സായിപ്പോയി, എല്ലാമങ്ങ് തകര്‍ന്നുപോയി. അങ്ങനെയൊക്കെ എന്താ.. പോടാ എന്ന് പറഞ്ഞാല്‍ പോരേ. പോടാ എന്ന് പറഞ്ഞാല്‍ കഴിയുന്ന കാര്യമല്ലേ. അതൊക്കെ മനസില്‍ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ? അങ്ങനെയാണെങ്കില്‍ സ്ത്രീകള്‍ക്ക് ഒരിക്കലും ഈ മേഖലയിലൊന്നും നിലനില്‍ക്കാനേ പറ്റില്ല.' -മാലാ പാര്‍വതി പറഞ്ഞു.

'നമ്മള്‍ റോഡില്‍ ഇറങ്ങുമ്പോള്‍ ലോറി വരും, ബസ്സ് വരും. അപ്പൊ ലോറി വന്നതിന്റെ പേരില്‍ റോഡ് ക്രോസ് ചെയ്തില്ലാ, നമ്മള്‍ ഇറങ്ങി നടന്നില്ലാ എന്ന് പറഞ്ഞാല്‍ ആര്‍ക്കാ നഷ്ടം വരിക? സ്ത്രീകള്‍ ജോലി ചെയ്യുമ്പൊ സ്ത്രീകളുടെ ഒരു പ്രത്യേകത വെച്ച് ആള്‍ക്കാര്‍ വന്ന് കൂടെ വരുമോ, കിടക്കുമോ, അവിടെ വരുമോ, ഇവിടെ വരുമോ എന്നെല്ലാം ചോദിക്കും. ഇത് മാനേജ് ചെയ്യാന്‍ പഠിക്കേണ്ടത് ഒരു സ്‌കില്ലാണ്.' -മാലാ പാര്‍വതി തുടര്‍ന്നു. ലൈംഗികാതിക്രമങ്ങളോട് വഴക്കല്ലാതെ, കളിതമാശയായി പ്രതികരിക്കാമെന്നും മാലാ പാര്‍വതി പറഞ്ഞു. എങ്ങനെയാണോ റോഡ് ക്രോസ് ചെയ്യുമ്പോള്‍ വലിയ വാഹനങ്ങള്‍ വരുമ്പോള്‍ അതൊന്നും തട്ടാതെ അപ്പുറമെത്തുന്നത് പോലെ ഇതിനെല്ലാമിടയിലൂടെ പോകാന്‍ പറ്റും.

അതിനെ വലിയൊരു വിഷയമാക്കി കഴിഞ്ഞാല്‍ ഞാനെങ്ങനെ ജോലി ചെയ്യും, എന്നെ എല്ലാവരും അറ്റാക്ക് ചെയ്യുകയാണ് എന്ന മൂഡിലേക്ക് പോകുമെന്നും മാലാ പാര്‍വതി പറഞ്ഞു.