- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സിനിമയിലെ ആളുകളെ വിശ്വസിക്കാന്‍ കൊള്ളില്ല; നല്ല അനുഭവങ്ങളല്ല ഉണ്ടായിട്ടുള്ളത്; ഇതിനെ മാഫിയ സംഘം എന്ന് വിളിക്കാം; അന്ന് ഉഷ പറഞ്ഞത്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ 1992ലെ ഒരു അഭിമുഖത്തില്‍ നടി ഉഷ ഹസീന പറഞ്ഞ വാക്കുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. സിനിമയില്‍ ഉള്ള ആളുകളെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ല. മലയാള സിനിമ എന്നാല്‍ മാഫിയ സംഘമാണെന്നും സിനിമ ലോകത്ത് നിന്നും തനിക്ക് മോശം അനുഭവം നേരിട്ടിട്ടുണ്ടെന്നും ഉഷ പറയുന്നു. അഭിമുഖത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. തനിക്ക് നല്ല അനുഭവങ്ങളല്ല സിനിമയില്‍ നിന്നും ഉണ്ടായിട്ടുള്ളത് എന്നും, വരാനിരിക്കുന്ന കുട്ടികള്‍ ശ്രദ്ധിക്കണം എന്നും ഉഷ വീഡിയോയില്‍ പറയുന്നു. ഇവിടെയുള്ളത് മാഫിയ […]
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ 1992ലെ ഒരു അഭിമുഖത്തില്‍ നടി ഉഷ ഹസീന പറഞ്ഞ വാക്കുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. സിനിമയില്‍ ഉള്ള ആളുകളെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ല. മലയാള സിനിമ എന്നാല്‍ മാഫിയ സംഘമാണെന്നും സിനിമ ലോകത്ത് നിന്നും തനിക്ക് മോശം അനുഭവം നേരിട്ടിട്ടുണ്ടെന്നും ഉഷ പറയുന്നു. അഭിമുഖത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.
തനിക്ക് നല്ല അനുഭവങ്ങളല്ല സിനിമയില്‍ നിന്നും ഉണ്ടായിട്ടുള്ളത് എന്നും, വരാനിരിക്കുന്ന കുട്ടികള്‍ ശ്രദ്ധിക്കണം എന്നും ഉഷ വീഡിയോയില്‍ പറയുന്നു. ഇവിടെയുള്ളത് മാഫിയ സംഘം എന്ന് വേണമെങ്കില്‍ പറയാം എന്നും എവിഎം ഉണ്ണി ആര്‍ക്കൈവ്സിന് 1992 നല്‍കിയ അഭിമുഖത്തില്‍ നടി പറയുന്നു. പല സ്ത്രീകളും പരാതി പറയാന്‍ മടിക്കുന്നു. താന്‍ പോലും ഒരു അവസരത്തില്‍ അഭിനയം നിര്‍ത്തേണ്ട സാഹചര്യത്തില്‍ എത്തി എന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തില്‍ ഉഷ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
'സിനിമയില്‍ നിന്ന് നല്ല അനുഭവല്ല എനിക്കുണ്ടായത്. സിനിമയിലുള്ള ആളുകളെ വിശ്വസിക്കാന്‍ കൊള്ളില്ല. ഇനി വരാന്‍പോകുന്ന കുട്ടികളോടും ഇപ്പോള്‍ അപകടം പറ്റാതെ തുടരുന്ന കുട്ടികളോടും എനിക്ക് പറയാനുള്ളത്, ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്നാണ്. സിനിമ എന്നുപറയുന്നത് മാഫിയ സംഘമാണ്. ബര്‍മുഡ ട്രയാങ്കിളില്‍ പെട്ടുപോകാന്‍ സാധ്യതയുണ്ട്. ഞാന്‍ പെട്ടുപോയി. എന്റെ അനുഭവം വച്ചാണ് പറയുന്നത്. എനിക്ക് അപകടം പറ്റി. അതിന്റെ അനുഭവത്തില്‍ പറയുകയാണ്. കുട്ടികള്‍ വളരെ ശ്രദ്ധിച്ച് നില്‍ക്കണം'.
ഉഷയുടെ അന്നത്തെ വാക്കുകള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴും ഉഷ പ്രതികരണവുമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയിരുന്നു. മൊഴി നല്‍കിയ പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ തയാറാകണമെന്നും പ്രതികരിച്ചതിന്റെ പേരില്‍ തനിക്കും ഒരുപാട് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും ഉഷ പറഞ്ഞു. ലൈംഗിക ചൂഷണം എന്നതിലുപരി അഭിപ്രായം രേഖപ്പെടുത്തിയ സന്ദര്‍ഭങ്ങളില്‍ ശത്രുക്കളും അപ്രഖ്യാപിത വിലക്കുകളും ഉണ്ടായിട്ടുണ്ടെന്നും ഉഷ കൂട്ടിച്ചേര്‍ത്തു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മമ്മൂട്ടിയും മോഹന്‍ലാലും എന്താണ് പ്രതികരിക്കാന്‍ മുന്നോട്ടുവരാത്തതെന്ന് അറിയില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വനിതകളെ പ്രതിനിധീകരിച്ച് വരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളെ ചുമതലപ്പെടുത്തുമ്പോള്‍ വനിതകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും കുറച്ചുകൂടി കാര്യഗൗരവത്തോടെയും മുഖം നോക്കാതെയും സംസാരിക്കുന്നവരെ കൊണ്ടുവരണമെന്നാണ് എപ്പോഴും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് ഉഷ വ്യക്തമാക്കി. അറിവില്ലായ്മകൊണ്ടോ എന്തോ ആ കുട്ടി കഴിഞ്ഞദിവസം സംസാരിച്ചത് തീരെ ശരിയായില്ല എന്നാണ് തോന്നിയതെന്നും അവര്‍ പറഞ്ഞു
'പക്ഷേ ജഗദീഷേട്ടന്‍ സംസാരിച്ചത് വളരെ പോസിറ്റീവായിട്ടാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഒത്തിരി സന്തോഷംതോന്നി. അധ്യാപകനായതിന്റെയും രണ്ട് പെണ്‍മക്കളുള്ളതിന്റെയും പക്വതയും ആ വാക്കുകളിലുണ്ടായിരുന്നു. ഏത് പ്രശ്‌നംവന്നാലും അദ്ദേഹം അങ്ങനെതന്നെയാണ് പ്രതികരിക്കാറ്.
എന്റെ മുറിയില്‍ ആരെങ്കിലും വന്ന് തട്ടിയിട്ടല്ലല്ലോ ഞാന്‍ വന്ന് സംസാരിക്കുന്നത്. എനിക്കൊപ്പം ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടെന്ന് ഒരു കമ്മിഷന്‍ തന്നെയാണ് പറഞ്ഞിരിക്കുന്നത്. എനിക്കങ്ങനെ സംഭവിച്ചിട്ടില്ല, അതുകൊണ്ട് എന്ന ആ വാക്കാണ് ഉള്‍ക്കൊള്ളാനേ പറ്റാത്തത്', ഉഷ പറഞ്ഞു
സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. സര്‍ക്കാരും സാംസ്‌കാരിക വകുപ്പും ശക്തമായി ഇടപെടണം. ഒറ്റപ്പെട്ട മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ശക്തമായി പ്രതികരിച്ചിട്ടുണ്ടെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരുപാട് സ്ത്രീകളാണ് മുന്നോട്ട് വരുന്നത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും സംവിധായകന്‍ രഞ്ജിത്ത് രാജി വയ്ക്കുകയുണ്ടായി. മറ്റൊരു യുവനടിയുടെ പരാതിയിന്മേല്‍ നടന്‍ സിദ്ദിഖ് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വയ്ച്ചിരുന്നു.