ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനവുമായി അദാനി ഗ്രൂപ്പ്. ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച പ്രസ്താവനയില്‍ വ്യക്തിഗത ലാഭം കൊയ്യുന്നതിനായി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട നിഗമനങ്ങളില്‍ എത്തിച്ചേരുകയാണ് ഹിന്‍ഡന്‍ബര്‍ഗ് ചെയ്തതെന്നും കുറ്റപ്പെടുത്തുന്നുണ്ട്. പൊതുവായി ലഭിക്കുന്ന വിവരങ്ങളില്‍ കൃത്രിമത്വം ഉണ്ടാക്കി റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നും ഹിന്‍ഡെന്‍ബര്‍ഗിനെതിരേ അദാനി ഗ്രൂപ്പ് ആരോപിച്ചു.

നേരത്തെ ആരോപിച്ച കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഹിന്‍ഡെന്‍ബര്‍ഗ് പുറത്തുവിട്ടതെന്നും ഇത് അടിസ്ഥാനരഹിതമെന്ന് സുപ്രീം കോടതി തന്നെ കണ്ടെത്തി തള്ളിക്കളഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്തവാനയില്‍ അറിയിച്ചു. ഹിന്‍ഡെന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് ഇന്ത്യന്‍ നിയമങ്ങളെ പൂര്‍ണ്ണമായും അവഹേളിക്കുന്നതും വസ്തുതകളെ അവഗണിച്ച് വ്യക്തിഗതലാഭത്തിനായി നേരത്തെ നിശ്ചയിച്ച നിഗമനങ്ങളോടെ തയ്യാറാക്കിയതാണെന്നും പ്രസ്താവനയില്‍ ആരോപിച്ചു.

തങ്ങളുടെ വിദേശ സ്ഥാപനങ്ങളുടെ ഘടന പൂര്‍ണമായും സുതാര്യമാണ്. എല്ലാ വിശദാംശങ്ങളും പൊതുരേഖകളില്‍ പലപ്പോഴായി രേഖപ്പെടുത്തിയിട്ടുള്ളതാണ്.
സെബി മേധാവി മാധുബി പുരി ബുച്ചുമായോ അവരുടെ ഭര്‍ത്താവ് ധവല്‍ ബുചുമായോ അദാനി ഗ്രൂപ്പിന് വാണിജ്യ ബന്ധമില്ല. തങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് അമേരിക്കന്‍ കമ്പനി നടത്തുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 'ഇന്ത്യന്‍ നിയമങ്ങളെ പൂര്‍ണ്ണമായും അവഹേളിക്കുന്ന, വസ്തുതകളെ അവഗണിച്ച് വ്യക്തിഗത ലാഭത്തിനായി മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള നിഗമനങ്ങളില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചു.

തങ്ങളുടെ കമ്പനിയിലേക്ക് പണമെത്തിയ വിദേശ കമ്പനികളുടെ ഇടപാടുകള്‍ പൂര്‍ണ്ണമായും സുതാര്യമാണെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു, ആരോപണങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന അനില്‍ അഹൂജ മുമ്പ് നോമിനി ഡയറക്ടറായും പിന്നീട് അദാനി കമ്പനികളില്‍ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്, എന്നാല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന മറ്റ് വ്യക്തികളുമായും കാര്യങ്ങളുമായും ഗ്രൂപ്പിന് നിലവില്‍ വാണിജ്യ ബന്ധമില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു.

അദാനി ഗ്രൂപ്പ് കമ്പനികളില്‍ വിദേശത്തുനിന്ന് വന്‍തോതിലുള്ള നിക്ഷേപത്തിന് ഉപയോഗിച്ച വിദേശനിക്ഷേപകസ്ഥാപനങ്ങളില്‍ സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും നിക്ഷേപമുണ്ടായിരുന്നുവെന്നായിരുന്നു ഹിന്‍ഡെന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട്. ഇവര്‍ക്ക് നിക്ഷേപമുണ്ടായിരുന്നതിന്റെ തെളിവായി വിസില്‍ബ്ലോവര്‍ രേഖകളും പുറത്തുവിട്ടു.

2023 ജനുവരി 24-ന് ഗ്രൂപ്പിനുനേരേ ഉന്നയിച്ച ആരോപണങ്ങള്‍ അദാനി നിഷേധിച്ചിരുന്നു. അന്വേഷണം നടത്തുന്നതിനുപകരം ഹിന്‍ഡെന്‍ബെര്‍ഗിനുനേരേ സെബി നോട്ടീസ് അയക്കുകയായിരുന്നു. ബെര്‍മുഡയിലും മൗറീഷ്യസിലും പ്രവര്‍ത്തിക്കുന്ന ഫണ്ട് കമ്പനികളിലാണ് ബുച്ചിനും ഭര്‍ത്താവിനും ഓഹരികളുള്ളതായി വ്യക്തമായത്. ഈ ഫണ്ടുകളിലൂടെയാണ് ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് നിക്ഷേപം നടത്തിയിട്ടുള്ളതെന്നും ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് പറയുന്നു.

സെബി ചെയര്‍പേഴ്സണ്‍ മാധബി ബുച്ചിനും അവരുടെ ഭര്‍ത്താവിനും അദാനി പണമിടപാട് അഴിമതിയില്‍ ഉള്‍പ്പെട്ട വിദേശ സ്ഥാപനങ്ങളില്‍ ഓഹരിയുണ്ടെന്നാണ് ഹിന്‍ഡന്‍ ബര്‍ഗ് കണ്ടെത്തല്‍. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നില്‍ ഈ ബന്ധമെന്നും ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിലുണ്ട്