തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ മൊഴിയെടുത്ത് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. അന്‍വറിന്റെ ആരോപണങ്ങളില്‍ ആര്‍ എസ് എസുമായി ബന്ധപ്പെട്ടത് അജിത് കുമാറിനെ കുഴയ്ക്കും. ഈ കൂടിക്കാഴ്ച എല്ലാം വ്യക്തിപരമനെ് നിലപാട് എഡിജിപി എടുക്കും. മൊഴി രേഖപ്പെടുത്തുന്നത് വീഡിയോയിലും എടുക്കുന്നുവെന്നാണ് സൂചന. നേരത്തെ ഈ ആവശ്യം അജിത് കുമാര്‍ മുമ്പോട്ട് വച്ചിരുന്നു. ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ പോലീസ് മേധാവിയുടെ ചോദ്യം നിര്‍ണ്ണായകമാകും.

എഡിജിപി മൊഴി നല്‍കുന്നതിന് പോലീസ് ആസ്ഥാനത്തെത്തിയത് പന്ത്രണ്ടു മണിയോടെയാണ്. എഡിജിപിയുടെ മൊഴിയെടുക്കുന്നതിന് നോട്ടീസ് നല്‍കുമെന്നും ഓണത്തിന് ശേഷമായിരിക്കും മൊഴിയെടുക്കുകയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസം ഐജി റാങ്കിലെ ഉദ്യോഗസ്ഥന്‍ മൊഴി രേഖപ്പെടുത്താന്‍ അജിത് കുമാറിനെ വിളിച്ചിരുന്നു. എന്നാല്‍ സഹകരിച്ചില്ല. അതിന് ശേഷം തന്നെ തനിക്ക് മുകളിലെ റാങ്കിലെ ഉദ്യോഗസ്ഥനായ പോലീസ് മേധാവി തന്നെ ചോദ്യം ചെയ്താല്‍ മതിയെന്ന നിലപാട് അജിത് കുമാര്‍ എടുത്തു. ഈ സാഹചര്യത്തിലാണ് പോലീസ് മേധാവി മൊഴിയെടുക്കുന്നത്. തീര്‍ത്തും അസാധാരണമാണ് ഇത്. പോലീസ് മേധാവി നേരിട്ട് അന്വേഷണ നടപടികളില്‍ സാധാരണ പങ്കെടുക്കാറില്ല.

ഡിജിപി നേരിട്ടാണ് മൊഴിയെടുക്കുന്നതെന്നാണ് വിവരം. യൂണിഫോമില്‍ ഔദ്യോ?ഗിക വാഹനത്തിലാണ് അജിത്കുമാര്‍ പോലീസ് ആസ്ഥാനത്തെത്തിയത്. കീഴുദ്യോഗസ്ഥര്‍ മൊഴിയെടുപ്പില്‍ ഉണ്ടാവരുതെന്ന് എഡിജിപി ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച് ഡിജിപി മാത്രമാണ് മൊഴിയെടുക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസം പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. മൊഴിയെടുപ്പ് മണിക്കൂറുകള്‍ നീണ്ടുനിന്നിരുന്നു. അന്വേഷണം വളരെ ഗൗരവത്തോടെ മുന്നോട്ട് കൊണ്ടുപോകാനാണ് ഡിജിപിയുടെ തീരുമാനം. ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയ വിവാദമായിട്ടുണ്ട്. അതുകൊണ്ട് തന്നെ അതില്‍ വ്യക്തിപരമെന്ന വിശദീകരണം പോലീസ് മേധാവി മുഖവിലയ്‌ക്കെടുക്കില്ല.

തട്ടികൊണ്ടുപോകല്‍, കൊലപാതകമടക്കമുള്ള ആരോപണങ്ങളാണ് ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുന്നത്. അനധികൃത സ്വത്തു സമ്പാദനമുള്‍പ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നും ഡിജിപി ശുപാര്‍ശ ചെയ്തിരുന്നു. ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. കേസിന്റെ അന്വേഷണ ചുമതലയിലുള്ള ഐജി സ്പര്‍ജന്‍ കുമാര്‍, എസ്പിമാരായ മധുസൂദനന്‍ എന്നിവരും അജിത് കുമാറിന്റെ മൊഴി എടുക്കുമ്പോള്‍ പോലീസ് ആസ്ഥാനത്തുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു എഡിജിപിയുടെ മൊഴി പോലീസ് ആസ്ഥാനത്ത് പോലീസ് മേധാവി രേഖപ്പെടുത്തുന്നത്.

ആദ്യം ഐജി സ്പര്‍ജന്‍ കുമാര്‍ എഡിജിപിയുടെ മൊഴിയെടുക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ തനിക്കെതിരായ അന്വേഷണത്തില്‍ തന്നേക്കാള്‍ ജൂനിയറായ ഐജി സ്പര്‍ജന്‍ കുമാറിനെ മൊഴിയെടുക്കാന്‍ നിയമിച്ചതിനെതിരെ ഡിജിപിക്ക് എഡിജിപി കത്ത് നല്‍കിയിരുന്നു. ഐജി സ്പര്‍ജന്‍ കുമാറിന് മുന്നില്‍ മൊഴി നല്‍കില്ലെന്നും ഡിജിപി നേരിട്ട് മൊഴിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. പിന്നീടാണ് അജിത് കുമാറിന്റെ മൊഴി നേരിട്ട് രേഖപ്പെടുത്താന്‍ ഡിജിപി തീരുമാനിച്ചത്.

അതേസമയം അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിനും ഡിജിപി ശുപാര്‍ശ ചെയ്തു. പി.വി.അന്‍വര്‍ എംഎല്‍എ ആരോപിച്ച അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം തുടങ്ങി, അന്‍വര്‍ മൊഴി നല്‍കിയ അഞ്ചു കാര്യങ്ങളിലാണ് അന്വേഷണ ശുപാര്‍ശ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇന്ന് തീരുമാനം എടുത്തേക്കും.

ഡിജിപി സര്‍ക്കാരിന് സമര്‍പ്പിച്ച ശുപാര്‍ശയും വിജിലന്‍സിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാല്‍ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാകും കേസ് അന്വേഷിക്കുക എന്നാണ് വിവരം.