തിരുവനന്തപുരം: സ്‌പോര്‍ട്‌സ് ക്വാട്ട നിയമന നീക്കത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ പൊലീസിലെ കായിക ചുമതലയില്‍ മാറ്റമെത്തുമ്പോള്‍ ചര്‍ച്ചയാകുന്നത് എഡിജിപി എംആര്‍ അജിത് കുമാറിന്റെ നിലപാട്. കേരള പൊലീസ് സെന്‍ട്രല്‍ സ്‌പോര്‍ട് ഓഫീസര്‍ ചുമതലയില്‍ നിന്ന് എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റിയത് പോലീസില്‍ തന്നെ ചര്‍ച്ചയാണ്. എഡിജിപി എസ് ശ്രീജിത്തിനാണ് പുതിയ ചുമതല. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായിരുന്നു അജിത് കുമാര്‍. എന്നാല്‍ അഴിമതി കുരുക്കില്‍ വീഴാന്‍ താന്‍ തയ്യാറല്ലെന്ന നിലപാട് അജിത് കുമാര്‍ എടുത്തതാണ് സ്‌പോര്‍ട്‌സ് ഓഫീസര്‍ ചുമതല മാറ്റത്തിലും പ്രതിഫലിക്കുന്നത്.

കണ്ണൂര്‍ സ്വദേശിയായ വോളിബോള്‍ താരത്തെ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയില്‍ ചട്ടവിരുദ്ധമായി നിയമിക്കാനുള്ള നീക്കത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ചുമതല മാറ്റത്തില്‍ കലാശിച്ചത്. ഒളിമ്പിക്‌സിലോ ദേശീയ ഗെയിംസിലോ പങ്കെടുത്തിട്ടില്ലാത്ത കായിക താരത്തിന് നിയമനം നല്‍കണമെന്നായിരുന്നു ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശം. വിവാദം ഭയന്ന് അജിത് കുമാര്‍ റിക്രൂട്ട്‌മെന്റിന് തയ്യാറായിരുന്നില്ല. അവധിയില്‍ പോയ അജിത് കുമാര്‍ സ്‌പോര്‍ട്‌സ് ഓഫീസര്‍ ചുമതല മാറ്റണമെന്നാവശ്യപ്പെട്ട് കത്തും നല്‍കി. അഴിമതിയും മറ്റ് ക്രമക്കേടുകളും തന്റെ മേല്‍ പതിക്കാതിരിക്കാനായിരുന്നു ഈ മുന്‍ കരുതല്‍.

ഇതോടെ എസ് ശ്രീജിത്ത് താല്‍ക്കാലിക ചുമതല നല്‍കിയെങ്കിലും അദ്ദേഹവും റിക്രൂട്ട്മന്റ് നടത്തിയില്ല. രണ്ട് ബോഡി ബില്‍ഡിങ് താരങ്ങള്‍ക്ക് അംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായി സൂപ്പര്‍ ന്യൂമറി തസ്തികയില്‍ നിയമനം നല്‍കാനുള്ള മന്ത്രിസഭ തീരുമാനവും വിവാദമായി. ഒളിമ്പിക്‌സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളില്‍ മെഡലുകള്‍ നേടിയ താരങ്ങള്‍ക്കാണ് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പൊലീസില്‍ നിയമനം നല്‍കുന്നത്. ഇതിന് വിരുദ്ധമായിട്ടായിരുന്നു ശുപാര്‍ശ. ഭാവിയില്‍ തനിക്ക് പ്രശ്‌നമാകുന്നതൊന്നും ചെയ്യില്ലെന്ന നിലപാടിലാണ് അജിത് കുമാര്‍. നിലമ്പൂരിലെ മുന്‍ എംഎല്‍എ പിവി അന്‍വര്‍ ഉയര്‍ത്തിയ ആരോപണവും അന്വേഷണവുമെല്ലാം കാരണമാണ് അജിത് കുമാര്‍ ഈ നിലപാടിലേക്ക് പോകുന്നതെന്നും സൂചനയുണ്ട്.

പോലീസ് മേധാവിയായി പരിഗണിക്കാന്‍ സര്‍വ്വീസിലെ ആരോപണങ്ങള്‍ ഭാവിയില്‍ വെല്ലുവിളിയാകും. അന്‍വറുയര്‍ത്തിയ ആരോപണങ്ങളില്‍ തെളിവൊന്നുമില്ല. അതുകൊണ്ട് തന്നെ കുറ്റവിമുക്തി ഉറപ്പാണ്. എന്നാല്‍ ഇനിയൊരു വിവാദത്തില്‍ കുടുങ്ങിയാല്‍ പ്രശ്‌നങ്ങള്‍ പുതിയ തലത്തിലെത്തും. ഇത് മനസ്സിലാക്കിയാണ് വിവാദ നിയമനങ്ങളില്‍ തീരുമാനം എടുക്കാതെ അജിത് കുമാര്‍ പതിയെ പിന്‍വാങ്ങിയത്. മുമ്പ് പോലീസിലെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങള്‍ വിവാദത്തിലായിട്ടുണ്ട്. ജോലി കിട്ടാത്തവര്‍ കോടതിയെ സമീപിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് അജിത് കുമാറിന്റെ കരുതല്‍ എടുക്കല്‍.

ബോഡി ബില്‍ഡിങ് താരങ്ങള്‍ക്കു പുറമെ വോളിബോള്‍ താരത്തിനും പൊലീസില്‍ പിന്‍വാതില്‍ നിയമനം നല്‍കാന്‍ നീക്കം നടന്നിരുന്നു. കണ്ണൂര്‍ സ്വദേശിയെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനാക്കാനായിരുന്നു സമ്മര്‍ദം. ഇതിനു തയാറാകാതിരുന്ന അജിത് കുമാര്‍ ചുമതല മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഉത്തരവും സ്‌പോര്‍ട്‌സ് ക്വോട്ട നിയമന ചട്ടങ്ങളും ഡിജിപിയുടെ ശുപാര്‍ശയും അട്ടിമറിച്ച്, സര്‍ക്കാര്‍ അംഗീകരിക്കാത്ത കായിക ഇനമായ ബോഡി ബില്‍ഡിങ്ങിലെ രണ്ടു താരങ്ങളെ പൊലീസില്‍ ആംഡ് ബറ്റാലിയന്‍ ഇന്‍സ്‌പെക്ടര്‍മാരായി നിയമിക്കാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനമാണു വിവാദത്തിലായത്.

രാജ്യാന്തര ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പുകളില്‍ വിജയം നേടിയ കണ്ണൂര്‍ സ്വദേശി ഷിനു ചൊവ്വയെയും കൊച്ചി സ്വദേശി ചിത്തരേഷ് നടേശനെയും പൊലീസില്‍ ഗസറ്റഡ് റാങ്കില്‍ നിയമിച്ചതാണു വിവാദത്തിലായത്. ഫുട്‌ബോള്‍ താരങ്ങളായ അനസ് എടത്തൊടികയും റിനോ ആന്റോയും ഉള്‍പ്പെടെ അംഗീകൃത കായിക ഇനങ്ങളിലെ രാജ്യാന്തര താരങ്ങളടക്കം സ്‌പോര്‍ട്‌സ് ക്വോട്ട വഴിയുള്ള സര്‍ക്കാര്‍ ജോലിക്കായി വര്‍ഷങ്ങളായി കാത്തിരിക്കുമ്പോഴാണ് ഈ പിന്‍വാതില്‍ നിയമനം.

ഏഷ്യന്‍ ഗെയിംസിലെയും കോമണ്‍വെല്‍ത് ഗെയിംസിലെയും മെഡല്‍ ജേതാവായ ഒളിംപ്യന്‍ എം.ശ്രീശങ്കറിനെ പൊലീസ് നിയമനത്തിനു പരിഗണിക്കണമെന്ന ഡിജിപിയുടെ ശുപാര്‍ശ വ്യവസ്ഥയില്ലെന്നു ചൂണ്ടിക്കാട്ടി തള്ളിയ ആഭ്യന്തര വകുപ്പാണ് സ്‌പോര്‍ട്‌സ് ക്വോട്ട നിയമനത്തിനു പോലും പരിഗണിക്കാത്ത ഇനമായ ബോഡി ബില്‍ഡിങ്ങിലെ താരങ്ങള്‍ക്കു വളഞ്ഞ വഴിയില്‍ നിയമനം നല്‍കിയത്. ബോഡി ബില്‍ഡിങ് താരങ്ങളെ പൊലീസിലെടുക്കാനാവില്ലെന്നും ഇന്‍സ്‌പെക്ടറായി നിയമിക്കുന്നത് ചട്ടവിരുദ്ധമാണെന്നും ഡിജിപി വിയോജനക്കുറിപ്പ് എഴുതിയെങ്കിലും അതും അവഗണിച്ചു. ഇതിനു ചുക്കാന്‍ പിടിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസ് ആണെന്നും കണ്ണൂരുകാരനായ താരത്തിന്റെ സിപിഎം ബന്ധമാണു കാരണമെന്നും ആരോപണം ഉയര്‍ന്നു.

ആംഡ് ബറ്റാലിയന്‍ ഇന്‍സ്‌പെക്ടര്‍മാരായി കായികതാരങ്ങളെ നിയമിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവും ഇതിനായി അട്ടിമറിച്ചു. സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് ക്വോട്ട നിയമനത്തിന് ബോഡി ബില്‍ഡിങ് പരിഗണിക്കാറില്ലെങ്കിലും രാജ്യാന്തര നേട്ടങ്ങളും കുടുംബ പശ്ചാത്തലവും പരിഗണിച്ചു പ്രത്യേക കേസായി പരിഗണിക്കാമെന്ന ന്യായത്തോടെയാണു മന്ത്രിസഭാ തീരുമാനം. ഇവരെ നിയമിക്കാന്‍ വ്യവസ്ഥയില്ലെന്നായിരുന്നു ആഭ്യന്തര വകുപ്പ് ആദ്യം നിലപാടെടുത്തത്. എന്നാല്‍ മന്ത്രിസഭ നിര്‍ദേശിച്ചതോടെ പ്രത്യേക കേസായി പരിഗണിച്ചു നിലവിലെ ചട്ടങ്ങളില്‍ ഇളവു വരുത്തി നിയമന ഉത്തരവ് ആഭ്യന്തര സെക്രട്ടറി പുറത്തിറക്കി.

എം ആര്‍ അജിത് കുമാര്‍, എഡിജിപി