ശബരിമല: പമ്പയില്‍നിന്ന് ശബരിമല സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറില്‍ യാത്ര ചെയ്ത എഡിജിപി എം.ആര്‍. അജിത് കുമാറിനെ കുടുക്കിയത് ഒരു ഫോട്ടോ. സിസിടിവി ഒഴിവാക്കിയിട്ടും ഒരാള്‍ എടുത്ത ഫോട്ടോ വിനയായി. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് എഡിജിപി പമ്പയിലെത്തിയത്. പമ്പ ഗണപതിക്ഷേത്രത്തില്‍ തൊഴുതശേഷം സ്വാമി അയ്യപ്പന്‍ റോഡ് വഴി കുറച്ചുദൂരം നടന്നു. ഈ റോഡിനെ മുറിച്ചുകടക്കുന്ന ചെറിയ അരുവി കഴിഞ്ഞ് ഒന്നാംവളവിന് അടുത്തുവെച്ചാണ് പോലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലേക്ക് കയറിയത്. ഇവിടെനിന്ന് സന്നിധാനം വരെയുള്ള ഭാഗത്ത് സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് സൂചന. ഇത് മനസ്സിലാക്കിയാണ് ഇവിടെ നിന്നും കയറിയത്.

സന്നിധാനത്ത് യു ടേണിനു മുമ്പ് ചെരിപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് ട്രാക്ടര്‍ നിര്‍ത്തി. അവിടെ ഇറങ്ങി. പിന്നീട് നടന്നു. യു ടേണ്‍ മുതല്‍ ദേവസ്വംബോര്‍ഡിന്റെ സിസിടിവി ക്യാമറയുണ്ട്. ഞായറാഴ്ച നവഗ്രഹ പ്രതിഷ്ഠാച്ചടങ്ങുകളില്‍ പങ്കെടുത്തശേഷം എഡിജിപി, വൈകീട്ടോടെ ചെരിപ്പ് സൂക്ഷിക്കുന്ന സ്ഥലത്ത് എത്തി ട്രാക്ടറില്‍ പമ്പയിലേക്ക് തിരിച്ചു. ക്യാമറയില്ലാത്ത സ്വാമി അയ്യപ്പന്‍ റോഡില്‍ ഒന്നാം വളവില്‍ ഇറങ്ങി. പിന്നീട് പമ്പയ്ക്ക് പോയി. ഈ യാത്രയുടെ ഫോട്ടോ ഒരാളെടുത്തു. അത് പോലീസിലെ സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക് അയച്ചു കൊടുത്തുവെന്നാണ് സൂചന. ഇതാണ് ഈ വിഷയത്തില്‍ നിര്‍ണ്ണായകമായത്. ഹൈക്കോടതിയ്ക്ക് സ്‌പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ടും നല്‍കി. ഇതോടെ ഹൈക്കോടതി തീരുമാനം നിര്‍ണ്ണായകമാകും.

അജിത് കുമാര്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നാണ് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ശനിയഴ്ച്ച വൈകുന്നേരമാണ് എഡിജിപി പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറില്‍ യാത്ര ചെയ്തത്. അടുത്തദിവസം തിരിച്ചും ട്രാക്ടറില്‍ മലയിറങ്ങി. പോലീസിന്റെ ട്രാക്ടറില്‍ ആയിരുന്നു നവഗ്രഹ പ്രതിഷ്ഠാ ദര്‍ശനത്തിനുള്ള യാത്ര. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് അജിത് കുമാറിനെതിരായ റിപ്പോര്‍ട്ട്. ജില്ലാ പോലീസ് മേധാവിയും ഇതിന് ഒത്താശ ചെയ്തുവെന്ന് സൂചനകളുണ്ട്. ജില്ലാ പോലീസ് മേധാവിയും സന്നിധാനത്ത് എത്തുന്നത് ട്രാക്ടറിലാണെന്നും വിമര്‍ശനമുണ്ട്.

എഡിജിപിയുടെ ട്രാക്ടര്‍ യാത്രയുടെ ഫോട്ടോ ഒരാള്‍ എടുത്തതാണ്, വിഷയം ഹൈക്കോടതിവരെ എത്താനിടയാക്കുന്നത്. സ്പെഷ്യല്‍ കമ്മിഷണര്‍ക്ക് രഹസ്യമായി ഫോട്ടോ അയച്ചുകൊടുത്തെന്നാണ് വിവരം. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കാനാണ് കയറാനും ഇറങ്ങാനും നിശ്ചിതസ്ഥലങ്ങള്‍ തിരഞ്ഞെടുത്തതെന്നാണ് സൂചന. അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര മറുനാടനാണ് പുറത്തു വിട്ടത്. ഇതിന് പിന്നാലെയാണ് സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക് ഫോട്ടോ കിട്ടിയെന്ന വിവരവും ചര്‍ച്ചകളിലെത്തുന്നത്. അയ്യപ്പന്‍മാരെ കസേരയിലിരുത്തി ചുമത്ത് സന്നിധാനത്തെത്തിക്കുന്ന ഡോളി തൊഴിലാളികളുടെ ഹര്‍ജിയിലാണ് ട്രാക്ടറുകളില്‍ യാത്രക്കാരെ കൊണ്ടുപോകുന്നത് 12 വര്‍ഷം മുമ്പ് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തിയത്.

പണം വാങ്ങി സ്വാമിമാരെ കൊണ്ടുപോകുന്നത് തങ്ങളുടെ വരുമാനത്തെ ബാധിക്കുന്നു എന്നായിരുന്നു അവരുടെ വാദം. ട്രാക്ടര്‍ യാത്രാവാഹനമല്ലാത്തതും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ട് തന്നെ ട്രാക്ടറില്‍ യാത്ര ചെയ്യുന്ന വിവിഐപികള്‍ ഏറെ മുന്‍കരുതല്‍ എടുക്കും. ഇത്തരത്തില്‍ എഡിജിപിയും സിസിടിവി ഒഴിവാക്കാന്‍ ചിലതു ചെയ്തു. എന്നിട്ടും ഒരാള്‍ക്ക് ആളെ പിടി കിട്ടി ഫോട്ടോ എടുക്കാനായി എന്നതാണ് ശ്രദ്ധേയം. പോലീസിലെ ചേരി പോരുകളാണ് ഈ ഫോട്ടോ എടുക്കാന്‍ വഴിയൊരുക്കിയതെന്നും ചര്‍ച്ചയുണ്ട്. സിസിടിവി ഒഴിവാക്കുന്ന ബുദ്ധി പുറത്തെടുത്തിട്ടും ആ ഫോട്ടോ സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക എങ്ങനെ കിട്ടിയെന്നത് പോലീസിനും ഞെട്ടലായി. ഇത് കണ്ടെത്താനും നീക്കമുണ്ടെന്നാണ് സൂചന.

പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഹൈക്കോടതി വിധിച്ചതാണ്. ഞായറാഴ്ച സന്നിധാനത്തുനടന്ന നവഗ്രഹക്ഷേത്ര പ്രതിഷ്ഠ തൊഴാനാണ് എഡിജിപി ശനിയാഴ്ച വൈകീട്ട് എത്തിയത്. എഡിജിപിയുടെ ട്രാക്ടര്‍ യാത്രയെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടാണ് ശബരിമലയിലെ സ്പെഷ്യല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്ണന്‍ ഹൈക്കോടതിക്ക് നല്‍കിയത്. ജില്ലാ ജഡ്ജി കൂടിയാണ് സ്‌പെഷ്യല്‍കമ്മീഷണര്‍. ഈ റിപ്പോര്‍ട്ടില്‍ ഫോട്ടോ അടക്കമുണ്ടെന്നാണ് സൂചന.

അതുകൊണ്ട് തന്നെ ഈ റിപ്പോര്‍ട്ടിന് പ്രസക്തി ഏറെയാണ്. കോടതി പരിഗണിക്കുമ്പോള്‍ വിഷയത്തില്‍ സര്‍ക്കാരിനും മറുപടി നല്‍കേണ്ടി വരും. ശബരിമലയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന വ്യക്തിയാണ് അജിത് കുമാര്‍. അതുകൊണ്ട് കോടതി ഉത്തരവ് അറിയില്ലെന്ന് പറഞ്ഞ് തടിയൂരാനും കഴിയില്ല.