തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് സ്വന്തം പേരില്‍ പ്രത്യേക വഴിപാടുകളും നടത്തി എഡിജിപി അജിത്ത് കുമാര്‍. കണ്ണൂര്‍ ജില്ലയിലെ മാടായിക്കാവ്, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം,കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലാണ് എഡിജിപി എത്തിയത്.

പുലര്‍ച്ചെ അഞ്ചോടെയാണ് അജിത് കുമാര്‍ കണ്ണൂര്‍ മാടായിക്കാവിലെത്തിയത്.ഇവിടുത്തെ വഴിപാടിന് ശേഷം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ അദ്ദേഹം പട്ടംതാലി, നെയ്വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകള്‍ നടത്തി. ഇതിന് പിന്നാലെയായിരുന്നു കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രദര്‍ശനം.ജലധാര, ക്ഷീരധാര, ആള്‍രൂപം, നെയ്വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകള്‍ ഇവിടെ അദ്ദേഹം കഴിപ്പിച്ചത്.

ആര്‍.എസ്.എസ്. ബന്ധത്തിന്റെപേരില്‍ എം.ആര്‍. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് എ.ഡി.ജി.പി.യുടെ ക്ഷേത്രദര്‍ശനവും വഴിപാടുകളും.എ.ഡി.ജി.പിക്കെതിരായ പി.വി അന്‍വര്‍ എം.എല്‍.എയുടെ പരാതികളില്‍ നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനുള്ളില്‍ സര്‍ക്കാരിന് നല്‍കാനൊരുങ്ങിയിരിക്കുകയാണ് സംസ്ഥാന പൊലീസ് മേധാവി.

ക്രമസമാധാന ചുമതല മറ്റൊരു എ.ഡി.ജി.പി.യായ എച്ച്. വെങ്കിടേഷിന് കൈമാറി പ്രശ്നം തണുപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.തികച്ചും സ്വകാര്യ സന്ദര്‍ശനമായിരുന്നു എഡിജിപിയുടെത്.സുരക്ഷയ്ക്കായി ഒരു ഉദ്യോഗസ്തന്‍ മാത്രമാണ് ഉണ്ടായിരുന്നത്.ക്ഷേത്രസന്ദര്‍ശനത്തിന് ശേഷം എ ആര്‍ ക്യാമ്പിലെത്തിയ അദ്ദേഹം വൈകീട്ടോടെ തിരുവനന്തപുരത്തേക്ക് മടങ്ങി.

തൃശൂര്‍പൂരം കലക്കാന്‍ കൂട്ടുനിന്നെന്ന ആരോപണത്തിന് പിന്നാലെ അജിത്കുമാറിനെതിരെ വലിയ വിമര്‍ശനവുമായാണ് സിപിഐ നിലയുറപ്പിച്ചിരിക്കുന്നത്.ആര്‍.എസ്.എസ്. നേതാക്കളുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി. ക്രമസമാധാനച്ചുമതലയില്‍ തുടരില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.എ.ഡി.ജി.പി.ക്കെതിരേ ഉയര്‍ന്ന പരാതികളില്‍, അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.

ബുധനാഴ്ചയാണ് മന്ത്രിസഭായോഗം ചേരുന്നത്.വെള്ളിയാഴ്ച നിയമസഭാ സമ്മേളനം തുടങ്ങും.അതിനിടെ, എ.ഡി.ജി.പി.-

ആര്‍.എസ്.എസ്. കൂടിക്കാഴ്ച വിവാദത്തില്‍ പ്രതികരിച്ച് ആര്‍.എസ്.എസ്. സമ്പര്‍ക്ക് പ്രമുഖ് എ. ജയകുമാര്‍ രംഗത്തെത്തി. ഇത് ആദ്യമായിട്ടല്ല കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ആര്‍എസ്എസ് നേതാക്കളെ കാണുന്നതെന്നും, മുന്‍പും നിരവധി പേര്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

വിവാദങ്ങള്‍ക്കിടയാണ് കൂടിക്കാഴ്ച നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്ന തരത്തിലുള്ളഎ ജയകുമാറിന്റെ വെളിപ്പെടുത്തല്‍. ഐ.എ.എസുകാരും ഐപിഎസുകാരും ചീഫ് സെക്രട്ടറിയും വരെ ആര്‍.എസ്.എസ്. നേതൃത്വവുമായി സംഭാഷണം നടത്തിയിട്ടുണ്ടെന്നും ജയകുമാര്‍ ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.