തിരുവനന്തപുരം: കേരളാ പോലീസിന്റെ സമ്പൂര്‍ണ്ണ ചുമതലയില്‍ പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ് എത്തും. ക്രമസമാധാന ചുമതലയില്‍ നിന്നും എഡിജിപി അജിത് കുമാറിനെ മാറ്റാനുള്ള ധാരണയില്‍ സര്‍ക്കാരെത്തുന്നത് പോലീസ് മേധാവിയുടെ നിര്‍ദ്ദേശം മാനിച്ചാണ്. പോലീസ് മേധാവി നിര്‍ദ്ദേശിക്കുന്ന ആളാകും പുതിയ പോലീസ് മേധാവി. ബല്‍റാംകുമാര്‍ ഉപാധ്യായയ്ക്കാണ് കൂടുതല്‍ സാധ്യത. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനേയും പരിഗണിക്കും.

നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ട ചുമതല വെങ്കിടേഷിനാണ്. അതുകൊണ്ട് ക്രൈംബ്രാഞ്ചില്‍ വെങ്കിടേഷ് തുടരാനാണ് സാധ്യത. ഇതുകൊണ്ടാണ് ബല്‍റാം കുമാര്‍ ഉപാധ്യായയ്ക്ക് സാധ്യത കൂടുന്നത്. ഈ മാറ്റത്തോടെ നിലമ്പൂര്‍ എംഎല്‍എയായ പിവി അന്‍വര്‍ ഉന്നയിച്ചതു പോലെ എഡിജിപിക്കതിരെ അന്വേഷണം വരികയാണ്. മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനായിരുന്നു അടുത്ത കാലം വരേയും അജിത് കുമാര്‍. ക്രമസമാധാന ചുമതലയില്‍ അജിത് കുമാര്‍ എത്തിയതോടെ മുഖ്യമന്ത്രിയുടെ കുടുംബത്തിലൊരാളെ പോലെ അജിത് കുമാര്‍ മാറിയിരുന്നു. ഈ അവസ്ഥയ്ക്കാണ് മാറ്റം വരുത്തുന്നത്. അന്‍വര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ പരിധി വിടാതിരിക്കാന്‍ കൂടിയാണ് വിശ്വസ്തനെ മുഖ്യമന്ത്രി കൈവിട്ടത്.

തനിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളുടേയും നിജസ്ഥിതി മനസിലാക്കി മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ച് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് ഡിജിപിക്കും കത്ത് നല്‍കിയതായി അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എം എല്‍ എ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അജിത് കുമാറിനെ മാറ്റണമെന്ന് പോലീസ് മേധാവി നിലപാട് എടുക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുപ്പം പുലര്‍ത്തിയ ഏറ്റവും ശക്തനായ പോലീസ് ഉദ്യോഗസ്ഥനാണ് അജിത് കുമാര്‍. ഇത് പോലീസ് ആസ്ഥാനത്ത് പല പ്രതിസന്ധികളുമുണ്ടാക്കി. ഈ സാഹചര്യത്തില്‍ കൂടിയാണ് പോലീസ് മേധാവി കര്‍ശന നിലപാട് എടുത്തത്.

പോലീസ് അസോസിയേഷന്‍ സമ്മേളന വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെ സംസാരിച്ചപ്പോള്‍ എഡിജിപി മുഖ്യമന്ത്രിയെ പ്രശംസിക്കുകയും തന്റെ നേട്ടങ്ങള്‍ എണ്ണിപറയുകയും ചെയ്തു. കഴിഞ്ഞ എട്ടുവര്‍ഷക്കാലമായി മുഖ്യമന്ത്രി പോലീസ് സേനയോട് അനുഭാവപൂര്‍വ്വമാണ് പെരുമാറയിട്ടുള്ളതെന്ന് പറഞ്ഞ എഡിജിപി, തനിക്കിനി ഇത് പറയാന്‍ അവസരം ലഭിക്കുമോയെന്ന് അറിയില്ലെന്നും കൂട്ടിചേര്‍ത്തു. അതായത് മാറ്റുമെന്ന സന്ദേശം നേരത്തെ തന്നെ അജിത് കുമാറിന് മുഖ്യമന്ത്രിയില്‍ നിന്നും കിട്ടിയിരുന്നു.

എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ വീണ്ടും ശബ്ദസന്ദേശം പുറത്തുവിട്ട് നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ ഇന്നും വിവാദങ്ങള്‍ക്ക് പുതിയ തലം നല്‍കിയിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥന്റേതെന്ന് അവകാശപ്പെടുന്ന ഓഡിയോയാണ് പുറത്തുവിട്ടത്. സ്വകാര്യതയ്ക്കുവേണ്ടി പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് സംസാരിക്കുന്നയാള്‍ പറയുന്നു. സ്വകാര്യതവെളിപ്പെടുത്താന്‍ സാധിക്കാത്തിനാല്‍ ശബ്ദത്തില്‍ മാറ്റംവരുത്തിയാണ് താന്‍ സംസാരിക്കുന്നതെന്നും ഓഡിയോയിലുണ്ട്. സോളാര്‍ കേസില്‍ പ്രമുഖര്‍ കുറ്റവിമുക്തരാക്കപ്പെട്ടതിലും കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തിലും സംസ്ഥാനത്തെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തുന്നതിലും അജിത് കുമാറിന് പങ്കുണ്ടെന്ന് ആരോപിക്കുന്നതാണ് ഓഡിയോ.

എടവണ്ണയിലെ റിദാന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഷാനുമായി അവിഹിതബന്ധമുണ്ടായിരുന്നെന്നും അതിന്റെ ഭാഗമായി ഒരുമിച്ച് ജീവിക്കാന്‍ ഭര്‍ത്താവിനെ ഷാന്‍ വെടിവെച്ചുകൊന്നുവെന്നും പറയിക്കാന്‍ റിദാന്റെ ഭാര്യയെ പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന് അന്‍വര്‍ ആരോപിച്ചു. പ്രതിചേര്‍ക്കപ്പെട്ട ഷാനിനെ മൂന്നരദിവസം ക്രൂരമായി മര്‍ദിച്ചു. മരിച്ച റിദാന് കരിപ്പൂരിലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഒരുപാട് വിവരങ്ങള്‍ അറിയാമായിരുന്നു. മറ്റൊരു കേസില്‍പ്പെടുത്തി ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നു. ചില പോലീസ് ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. ഈ മോട്ടീവിലാണ് കൊല്ലിച്ചതെന്നാണ് ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നതെന്നും അന്‍വര്‍ ആരോപിച്ചു.

ഓഡിയോ സന്ദേശം അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ മുഴുവനായും കേള്‍പ്പിച്ചു. പിന്നാലെ, വെളിപ്പെടുത്തലുകള്‍ തത്കാലം നിര്‍ത്തുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നാംഘട്ടം ഇവിടെ അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞാണ് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്. നാളെ മുഖ്യമന്ത്രിയെ കാണും. പരാതി കൊടുക്കും. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ പ്രത്യേക അന്വേഷണ സംഘം ഉണ്ടാക്കി, വിശ്വസ്തനായ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കഴിയുമെങ്കില്‍ വിരമിച്ച ജഡ്ജിയെ നിരീക്ഷണത്തിന് ഏര്‍പ്പെടുത്തി കേസുകള്‍ അന്വേഷിക്കണം. ചുമതലയില്‍നിന്ന് മാറ്റണോയെന്ന് മുഖ്യമന്ത്രിയും ഇടതുപക്ഷവും ആലോചിക്കട്ടെ. ദൂരഹമായ മരണങ്ങളും കാണാതായ സംഭവങ്ങളും വേറെയുമുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

എങ്ങനെയാണ് അജിത് കുമാറിന് 16 കോടിയോളം രൂപ വിലവരുന്ന ഭൂമി വാങ്ങാന്‍ കഴിയുന്നതെന്ന് കവടിയാറില്‍ പണികഴിക്കുന്നതായി നേരത്തെ ചൂണ്ടിക്കാട്ടിയ വീടിനേക്കുറിച്ച് സൂചിപ്പിച്ച് അന്‍വര്‍ ചോദിച്ചു. 'നമ്മള്‍ ലോകം മുഴുവന്‍ നടന്ന് ആഫ്രിക്കവരെ പോയി മലമ്പനിയും പിടിച്ചിട്ട് നമുക്കൊന്നും സാധിക്കുന്നില്ല. ഞാനിപ്പോഴും നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള, പിതാവ് ഉണ്ടാക്കിയ വീട്ടിലാണ് താമസിക്കുന്നത്', അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.