പത്തനംതിട്ട: ഏത് എസ്പി വന്നാലും പോലീസ് സംഘടനാ നേതാക്കളെ കണ്ടാല്‍ എണീറ്റ് നിന്ന് സല്യൂട്ട് ചെയ്യുമെന്നൊരു ട്രോള്‍ പോലീസുകാര്‍ക്കിടയിലുണ്ട്. ഇത് ചില എസ്പിമാരെ സംബന്ധിച്ചിടത്തോളം ശരിയാണു താനും. ഐപിഎസുകാരെ അടക്കം വിരട്ടി നിര്‍ത്തുന്ന കേരളാ പോലീസ് അസോസിയേഷനും പോലീസ് ഓഫീസേഴ്സ് അസോസിയേഷനും പത്തനംതിട്ട എസ്പി വി.ജി. വിനോദ്കുമാറിന് മുന്നില്‍ മുട്ടിടിച്ച് നില്‍ക്കുകയാണ്. നിരപരാധികളായ പോലീസുകാരെയും ഓഫീസര്‍മാരെയും തനിക്ക് രക്ഷപ്പെടാന്‍ വേണ്ടി ബലിയാടാക്കി മുന്നേറുന്ന എസ്.പിയുടെ രക്ഷാകവചം മന്ത്രി വി.എന്‍. വാസവനാണെന്ന ആക്ഷേപവും ശക്തമാകുന്നു.

ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്സോ അട്ടിമറി, കോയിപ്രം സ്റ്റേഷനില്‍ ദളിത് യുവാവിനെ കസ്റ്റഡിയില്‍ മര്‍ദിച്ച സംഭവത്തിലെ അട്ടിമറി എന്നിങ്ങനെ എസ്പിക്ക് നേരിട്ട് പങ്കുള്ള വിഷയങ്ങളില്‍ നടപടി നേരിടേണ്ടി വന്നത് പോലീസുകാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ ആണ്. ഡിഐജി വിളിപ്പിച്ച കോയിപ്രം കസ്റ്റഡി മര്‍ദനക്കേസിലെ ഫയലുമായി അഡീഷണല്‍ എസ്.പി ആര്‍. ബിനു നേരെ മന്ത്രി വാസവന്റെ ഓഫീസില്‍ പോയെന്ന വാര്‍ത്ത പുറത്തു വന്നതിന്റെ ചൊരുക്കില്‍ നടപടി നേരിടേണ്ടി വന്നത് 12 പോലീസുകാര്‍ക്കാണ്. പോക്സോ കേസ് അട്ടിമറിയില്‍ കോന്നി ഡിവൈ.എസ്പിയെയും എസ്എച്ച്ഓയെയും ബലിയാടാക്കി തലയൂരി. കോയിപ്രം കസ്റ്റഡി മര്‍ദനത്തില്‍ എസ്എച്ച്ഓയെ ബലി കൊടുത്തു. വിനോദ്കുമാറിനെതിരേ അഞ്ചോളം സ്പെഷല്‍ റിപ്പോര്‍ട്ടുകള്‍ ഡിഐജി നല്‍കിയെങ്കിലും അതെല്ലാം അട്ടിമറിക്കപ്പെട്ടു. ഏറ്റവുമൊടുവിലായി എഡിജിപിയുടെ ട്രാക്ടര്‍ യാത്രയുടെ പേരില്‍ ഒരു പാവം പോലീസ് ഡ്രൈവറെ ക്രൂശിക്കാന്‍ കളമൊരുക്കുകയാണ് എസ്പി.

ഇത്രയുമൊക്കെയായിട്ടും കേരളാ പോലീസ് അസോസിയേഷനോ ഓഫീസേഴ്സ് അസോസിയേഷനോ ഒരു ചെറിയ പ്രതിഷേധം പോലും ഉയര്‍ത്തിയിട്ടില്ല. പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, കമ്മറ്റി അംഗം എന്നിവര്‍ക്കെതിരേ വരെ നടപടി എടുത്ത എസ്പി അസോസിയേഷനെ വിറപ്പിക്കുന്നതും പാര്‍ട്ടിയില്‍ പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എന്‍. വാസവന്റെ പേര് പറഞ്ഞാണ്. ജില്ലയിലെ പോലീസ് ഓഫീസേഴ്സ് അസോസിയേഷനാകട്ടെ എസ്പിക്ക് മുന്നില്‍ വാലും ചുരുട്ടി നില്‍ക്കുന്നു. പോലീസുകാര്‍ക്കിടയിലെ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുന്നതും ഓഫീസേഴ്സ് അസോസിയേഷന്റെ നേതാവാണ് എന്ന് പറയുന്നു. പോലീസ് ഡ്രൈവറെ എഡിജിപിക്ക് പകരം പ്രതിയാക്കിയത് സേനയില്‍ പരക്കെ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. എസ്പിയുടെ പീഡനം മുലം തിരുവല്ല ട്രാഫിക് സ്റ്റേഷനിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട പോലീസുകാരന്‍ ആത്മഹത്യ ചെയ്തത് രണ്ടു മാസം മുന്‍പാണ്. ഇതിലും അന്വേഷണമോ നടപടിയോ വന്നിട്ടില്ല.

പമ്പയിലെ എഫ്ഐആര്‍: പോലീസ് പെട്ടിരിക്കുന്നത് ഊരാക്കുടുക്കില്‍

പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര നടത്തി വിവാദത്തിലായ എ.ഡി.ജി.പി എം.ആര്‍. അജിത്ത്കുമാറിനെ രക്ഷിക്കാന്‍ ഡ്രൈവറെ പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. പോലീസിനെ കൊണ്ടെത്തിച്ചിരിക്കുന്നത് ഊരാക്കുടുക്കില്‍. ഹൈക്കോടതിയില്‍ മറ്റു കാരണമൊന്നും ബോധിപ്പിക്കാനില്ലാത്തതിനാല്‍ ട്രാക്ടര്‍ ഓടിച്ചിരുന്ന ഡ്രൈവറെ പ്രതിയാക്കി 15 ന് രാത്രി 11 ന് എഫ്.ഐ.ആര്‍ ഇടുകയായിരുന്നു. പല വിധ നിയമപ്രശ്നങ്ങളാണ് ഈ ഒരൊറ്റ എഫ്.ഐ.ആറിലൂടെ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. ഏതു വിധേനെയും എ.ഡി.ജി.പിയെ ഹൈക്കോടതിയുടെ വിമര്‍ശനങ്ങളില്‍ നിന്നും രക്ഷിക്കാനുള്ള തത്രപ്പാടില്‍ തട്ടിക്കൂട്ടിയ എഫ്.ഐ.ആര്‍. ഡി.ജി.പിയെ വരെ പ്രത്യക്ഷത്തില്‍ ബാധിക്കുന്നതാണ്.

പോലീസ് ഡ്രൈവറുടെ വെഹിക്കിള്‍ ഡ്യൂട്ടി രജിസ്റ്ററില്‍ എഴുതിയിരിക്കുന്നത് പമ്പ എസ്.എച്ച്.ഓയുടെ നിര്‍ദേശപ്രകാരം സന്നിധാനത്തേക്ക് ട്രാക്ടറുമായി പോകുന്നുവെന്നാണ്. ജില്ലാ പോലീസ് മേധാവി ശബരിമല സ്പെഷല്‍ ഡ്യൂട്ടിക്ക് പമ്പയില്‍ ചുമതലപ്പെടുത്തിയ തിരുവല്ല സ്റ്റേഷനില്‍ നിന്നുള്ള ഡ്രൈവറായ വിവേകിനെ ട്രാക്ടര്‍ ഓടിക്കാന്‍ നിയോഗിച്ചത് പമ്പ എസ്.എച്ച്.ഓയാണ്. എന്ത് ആവശ്യത്തിനാണ് ട്രാക്ടര്‍ അയച്ചത് എന്നുള്ളതിന് മറുപടി പറയേണ്ടതും എസ്.എച്ച്.ഓയാണ്. ഡ്രൈവര്‍ക്ക് ട്രാക്ടര്‍ ഓടിക്കാനുള്ള ലൈസന്‍സ് ഉണ്ടോയെന്നും പരിശോധിക്കേണ്ടിയിരിക്കുന്നു.

സംഭവം നടന്ന് മൂന്നു ദിവസത്തിന് ശേഷം രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതി കുറ്റം ചെയ്തത് കണ്ടത് എന്നാണ്. പത്രമാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചത്. സി.സി.ടി.വിയുടെ ചുമതലക്കാരനായ പമ്പ എസ്.എച്ച്.ഓ അന്ന് തന്നെ ദൃശ്യങ്ങള്‍ കണ്ട് കേസ് എടുക്കാന്‍ വൈകിയതു വഴി കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തി. ഈ വിവരം ഒന്നും യഥാസമയം അറിയാതെ പോയ പത്തനംതിട്ട എസ്.പിക്ക് മേല്‍നോട്ട വീഴ്ചയും സംഭവിച്ചിട്ടുണ്ട്. രണ്ടു പേരും കോടതിക്ക് മുന്നില്‍ സമാധാനം പറയേണ്ടി വരും. സി.സി.ടി.വി ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കണം. ഇതോടെ ഇത് വിവരാവകാശത്തിന്റെ പരിധിയിലും വരും. മനുഷ്യജീവന് അപകടം വരത്തക്ക വിധം പൊതുവഴിയിലൂടെ അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചു, നിലവിലുള്ള ഹൈക്കോടതി വിധി ലംഘിച്ച് വാഹനത്തില്‍ ആളെ കയറ്റി, മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വകുപ്പുകള്‍ ലംഘിച്ചു എന്നിവയാണ് എഫ്.ഐ.ആറില്‍ ആരോപിക്കുന്ന കുറ്റം. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കേസില്‍ പ്രതിയായ നിലയ്ക്ക് പോലീസുകാരനെ അറസ്റ്റ് ചെയ്യണം. പിന്നാലെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയും വേണം. വാഹനം പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കണം. വാഹനത്തിന്റെ ഉടമയായ ഡി.ജി.പിക്ക് നോട്ടീസും അയയ്ക്കണം. എഫ്.ഐ.ആറില്‍ പറയുന്ന വകുപ്പുകള്‍ പ്രകാരം 1500 രൂപ വരെ പിഴ ഈടാക്കുന്നതോടെ കേസ് അവസാനിക്കും. എന്നാല്‍, ഇവിടുത്തെ പ്രശ്നം അതല്ല. നിയമം പാലിക്കേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ അത് ലംഘിച്ചുവെന്നതാണ്. പോലീസ് ഡ്രൈവര്‍ കൂടിയായ പ്രതിക്ക് ട്രാക്ടറില്‍ ആളെ കയറ്റാന്‍ പാടില്ലെന്നും ശബരിമല പാതയില്‍ ട്രാക്ടര്‍ ചരക്കു നീക്കത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് അറിയാം. ആ നിലയ്ക്ക് ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് കര്‍ശന നടപടി വേണ്ടതാണ്.

എഫ്.ഐ.ആറില്‍ ഒരിടത്തും എ.ഡി.ജി.പിയുടെ പേര് പരാമര്‍ശിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മൂന്നു പേരെ ട്രാക്ടറില്‍ കയറ്റി സന്നിധാനത്തേക്ക് 12 ന് രാത്രി 9.05 നും തിരികെ പമ്പയിലേക്ക് രണ്ടു പേരെ കയറ്റി 13 ന് ഉച്ചയ്ക്ക് 1.40 നും ഓടിച്ചു പോയെന്നാണ് പറയുന്നത്. പോലീസ് ഉന്നതന്‍ ട്രാക്ടറില്‍ സന്നിധാനത്തേക്കും തിരികെ പമ്പയിലേക്കും യാത്ര ചെയ്തുവെന്ന് പത്രമാധ്യമങ്ങളില്‍ കണ്ടാണ് സി.സി.ടി.വി പരിശോധിച്ചത് എന്നാണ് എസ്.എച്ച്.ഓ പറയുന്നത്. മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ച പോലീസുകാരനെ ബലിയാടാക്കുന്നതില്‍ പോലീസുകാര്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്. ആളറിയാതിരിക്കാന്‍ മങ്കി ക്യാപ് ധരിച്ചാണ് എ.ഡി.ജി.പി ട്രാക്ടറില്‍ കയറിയത്.