തിരുവനന്തപുരം: ബോഡി ബില്‍ഡര്‍മാരെ പോലീസിലേക്ക് നിയമിച്ച നടപടി കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു. ഷിനു ചൊവ്വ, ചിത്തരേശ് നടേശന്‍ എന്നിവരെ പോലീസ് സേനയിലെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജിയിലാണ് ട്രിബ്യൂണല്‍ സ്റ്റേ അനുവദിച്ചത്. നിയമനം നേടിയ ബോഡി ബില്‍ഡര്‍മാരില്‍ ഷിനു ചൊവ്വ പൊാലീസ് കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു. മറ്റൊരാള്‍ പങ്കെടുത്തുമില്ല. കായികതാരങ്ങള്‍ എന്ന കാറ്റഗറിയില്‍ ഇരുവരേയും പോലീസില്‍ നിയമിച്ചത് വലിയ വിവാദമായിരുന്നു.

കീഴ്വഴക്കങ്ങള്‍ ലംഘിച്ചുള്ള കായിക നിയമനം പൊലീസിലെ സീനിയോററ്റി തന്നെ കാര്യമായി ബാധിക്കുന്നതായിരുന്നു. പൊലീസ് നാലാം ബറ്റാലയിനിലെ സബ് ഇന്‍സ്‌പെക്ടര്‍ ബിജുമോന്‍ പി.ജെയാണ് നിയമനം ചോദ്യം ചെയ്ത് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ നിയമനം താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ട്രിബ്യൂണല്‍ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനും ഡിജിപിക്കും ബറ്റാലിയന്‍ എഡിജിപിക്കും നിയമനം നല്‍കുന്നവര്‍ക്കും നോട്ടീസ് അയച്ചു. നടപടി സ്റ്റേ ചെയ്തതോടെ അന്തിമ തീരുമാനമാകുന്നതുവരെ നിയമനവുമായി മുന്നോട്ടുപോകാനാകില്ല.

എസ്എപി ക്യാമ്പില്‍ നടന്ന കായിക ക്ഷമതാ പരീക്ഷയില്‍ ഷിനു ചൊവ്വ പരാജയപ്പെട്ടിരുന്നു. 100 മീറ്റര്‍ ഓട്ടം, ലോങ് ജംപ്, ഹൈ ജംപ്, 1500 മീറ്റര്‍ ഓട്ടം എന്നിവയിലാണ് പരാജയപ്പെട്ടത്. ഇതോടെ ബോഡി ബില്‍ഡിങ് താരങ്ങളായ ഷിനു ചൊവ്വയേയും ചിത്തരേഷ് നടേശനെയും ആംഡ് പൊലീസ് ഇന്‍സ്പെക്ടറാക്കാനുള്ള മന്ത്രിസഭാ തീരുമാനം പൊളിഞ്ഞിരുന്നു.

ബോഡി ബില്‍ഡിംഗ് താരമായ ഷിനുവിന് മന്ത്രിസഭയാണ് നിയമന ശുപാര്‍ശ നല്‍കിയത്. പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടിലാണ് കായികക്ഷമതാ പരീക്ഷ നടന്നത്. മന്ത്രിസഭാ നിയമന ശുപാര്‍ശ നല്‍കിയ മറ്റൊരു ബോഡിബില്‍ഡിംഗ് താരമായ ചിത്തരേശ് നടേശന്‍ പരീക്ഷയില്‍ പങ്കെടുത്തില്ല.

അതേസമയം, ഒളിമ്പിക്സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളില്‍ മെഡലുകള്‍ നേടിയ താരങ്ങള്‍ക്കാണ് സ്‌പോര്‍ട്സ് ക്വാട്ടയില്‍ സംസ്ഥാന പൊലീസ് സേനയില്‍ നിയമനം നല്‍കുന്നത്. ഇത് മറികടന്നെടുത്ത മന്ത്രിസഭ തീരുമാനത്തിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു.

ഫുട്ബോള്‍ താരങ്ങളായ അനസ് എടത്തൊടികയും റിനോ ആന്റോയും ഉള്‍പ്പെടെ അംഗീകൃത കായിക ഇനങ്ങളിലെ രാജ്യാന്തര താരങ്ങളടക്കം സ്പോര്‍ട്സ് ക്വോട്ട വഴിയുള്ള സര്‍ക്കാര്‍ ജോലിക്കായി വര്‍ഷങ്ങളായി കാത്തിരിക്കുമ്പോഴാണ് ഇത്തരത്തില്‍ പിന്‍വാതില്‍ നിയമനത്തിനുള്ള നീക്കമെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്.

ദേശീയ അന്തര്‍ദേശീയ തലത്തില്‍ രണ്ടുപേരുമുണ്ടാക്കിയ നേട്ടവും കുടുംബപശ്ചാത്തലവും പരിഗണിച്ച് നിയമനം നല്‍കുന്നുവെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്. ചട്ടങ്ങളില്‍ ഇളവ് വരുത്തി സൂപ്പര്‍ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം നല്‍കാന്‍ നീക്കം നടന്നത്. അന്തര്‍ദേശീയ ദേശീയ തലങ്ങളില്‍ മെഡലുകള്‍ കരസ്ഥമാക്കിയ താരങ്ങള്‍ നിയമനത്തിനായി കാത്തുനില്‍ക്കുമ്പോഴാണ് ചട്ടവിരുദ്ധനിയമന നീക്കം നടന്നത്.

കായിക പരീക്ഷ തോറ്റ ബോഡിബില്‍ഡിംഗ് താരം ഷിനു ചൊവ്വയ്ക്ക് വീണ്ടും അവസരം നല്‍കാന്‍ നീക്കമുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എസ് എ പി കമാന്‍ഡന്റിനും എഡിജിപി ബറ്റാലിയനുമാണ് ഒരു അവസരം കൂടി നല്‍കണമെന്ന് ഷിനു അപേക്ഷ നല്‍കിയത്. പരുക്കേറ്റത് കാരണമാണ് കായിക ക്ഷമത പരീക്ഷയില്‍ പരാജയപ്പെട്ടതെന്നാണ് ഷിനു ചൊവ്വയുടെ വിശദീകരണം. കായിക ക്ഷമത പരീക്ഷയുടെ കൃത്യമായ വിവരങ്ങള്‍ പോലീസ് നല്‍കിയില്ലെന്നും ഷിനു ചൊവ്വ ആരോപിച്ചിരുന്നു.