തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറ് വയസ്സ് ആക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി) ശിപാര്‍ശ. ദേശീയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് പഠിച്ച സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ശിപാര്‍ശ ചെയ്യുന്നത്. നിലവില്‍ സംസ്ഥാനത്ത് അഞ്ചുവയസ്സ് പൂര്‍ത്തിയായാല്‍ ഒന്നാം ക്ലാസ് പ്രവേശനം നല്‍കുന്നുണ്ട്.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമവും ദേശീയ വിദ്യാഭ്യാസ നയവും ആറുവയസ്സാണ് ഒന്നാം ക്ലാസ് പ്രവേശനത്തിനായി നിര്‍ദേശിക്കുന്നത്. പലതവണ ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയെങ്കിലും പ്രായോഗിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേരളം നടപ്പാക്കിയിരുന്നില്ല. ലോക രാജ്യങ്ങളിലെല്ലാം സ്‌കൂള്‍ പ്രവേശനത്തിനുള്ള പ്രായം ആറുവയസ്സോ അതില്‍ കൂടുതലോ ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിലും വിദ്യാഭ്യാസ നയത്തിലും ആറുവയസ്സ് നിര്‍ദേശിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ അടിയന്തരമായി തീരുമാനമെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.

ദേശീയ നിയമങ്ങള്‍, നയങ്ങള്‍ ആറുവയസ്സ് നിഷ്‌കര്‍ഷിക്കുന്നു എന്നതാണ് പ്രധാന കാര്യം. കേരളത്തിലെ കുട്ടികള്‍ ചെറിയ പ്രായത്തില്‍ തന്നെ വലിയ പരീക്ഷകളെ അഭിമുഖീകരിക്കേണ്ടിവരും. നിശ്ചിത പ്രായം തികഞ്ഞവര്‍ ഉന്നത പ്രവേശന പരീക്ഷകള്‍ എഴുതിയാല്‍ മതിയെന്ന് കേന്ദ്രം നിര്‍ദേശിച്ചാല്‍ കേരളത്തിലുള്ളവര്‍ക്ക് ഒരു വര്‍ഷം നഷ്ടപ്പെടുന്ന അവസ്ഥ വരും.

2026-27 അധ്യയ വര്‍ഷം മുതല്‍ ആറു വയസ് പൂര്‍ത്തിയായ കുട്ടികള്‍ക്ക് മാത്രം സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് പ്രവേശനമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികള്‍ നിലവില്‍ ആറു വയസിന് ശേഷമാണ് സ്‌കൂളില്‍ എത്തുന്നത്.

വരുന്ന അധ്യയ വര്‍ഷത്തില്‍ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം. ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷയും തലവരിപ്പണവും അംഗീകരിക്കില്ല. ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്ന കുട്ടികളെ പീഡിപ്പിക്കുന്നതിന് തുല്യമാണ്. നിയമം കാറ്റില്‍ പറത്തി ചില വിദ്യാലയങ്ങള്‍ ഇത് തുടരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയില്‍ അവര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വി. ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂള്‍ പ്രവേശന പ്രായം കേരളത്തില്‍ 5 വയസ്സാണ്. ശാസ്ത്രീയ പഠനങ്ങളും മറ്റും നിര്‍ദേശിക്കുന്നത് ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സജ്ജമാകുന്നത് 6 വയസ്സിന് ശേഷമാണ് എന്നതാണ്. അതുകൊണ്ടാണ് വിദ്യാഭ്യസപരമായി വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം 6 വയസ്സോ അതിന് മുകളിലോ ആക്കുന്നത്. പക്ഷേ കേരളീയ സമൂഹം എത്രയോ കാലങ്ങളായി കുട്ടികളെ 5 വയസ്സിലാണ് ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കുന്നത്. എന്നിരുന്നാലും വലിയൊരു വിഭാഗം കുട്ടികളെ 6 വയസ്സില്‍ സ്‌കൂളില്‍ ചേര്‍ക്കുന്ന അവസ്ഥ നിലവിലുണ്ട്. ഇത് ഔദ്യോഗികമാക്കാനാണ് സര്‍ക്കാറും ഒരുങ്ങുന്നത്.

സംസ്ഥാനത്ത് ഒന്നാം ക്ലാസില്‍ ചേരാനുള്ള കുറഞ്ഞ പ്രായം 6 വയസ്സാക്കുന്നതിന് 2027 വരെ സാവകാശം വേണമെന്ന ആവശ്യവും ശ്ക്തമാണ്. നിലവിലുള്ള 5 വയസ്സ് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ പ്രീപ്രൈമറിയില്‍ ചേര്‍ത്ത രക്ഷിതാക്കളാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. ഈ കുട്ടികളില്‍ 2026 ജൂണിനു മുന്‍പ് 6 വയസ്സ് തികയാത്തവര്‍ ഒരു വര്‍ഷം കൂടി യുകെജിയില്‍ ഇരിക്കേണ്ടി വരുമെന്നും പ്രീപ്രൈമറിയില്‍ ഒരുമിച്ചു പഠിച്ചവരില്‍ ഒരു കൂട്ടര്‍ ഒന്നാം ക്ലാസിലേക്ക് എത്തുന്ന സാഹചര്യമുണ്ടെന്നുമാണ് പരാതി.

ജനന തീയതിയില്‍ ദിവസങ്ങളുടെ വ്യത്യാസം കൊണ്ടു പോലും ഒരു അധ്യയന വര്‍ഷം പിന്നിലാകുന്ന സാഹചര്യമുണ്ടാകുമെന്നും രക്ഷിതാക്കള്‍ പറയുന്നു. 2026 ജൂണിനു പകരം 2027 ജൂണില്‍ ആരംഭിക്കുന്ന അധ്യയന വര്‍ഷം മുതല്‍ 6 വയസ്സ് പരിഷ്‌കാരം നടപ്പാക്കിയാല്‍ അതിനനുസരിച്ച് കുട്ടികളെ പ്രീപ്രൈമറിയില്‍ ചേര്‍ക്കാമെന്നാണ് ഇവരുടെ വാദം. ഇത്തരത്തില്‍ സാങ്കേതിക പ്രശ്‌നങ്ങളുള്ള ഒരു വിഷയം വേണ്ടത്ര സമയം അനുവദിക്കാതെ നടപ്പാക്കുന്നത് ശരിയല്ലെന്നും രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.