- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മലയാളിയ്ക്ക് മനസ്സിലാകാത്ത പടങ്ങള്‍ നിര്‍മ്മിച്ച് മികച്ച സംവിധായകനെന്ന് പൊതുസമൂഹത്തെ കൊണ്ട് പറയിപ്പിച്ച പരനാറിയാണ് അടൂര്‍ ഗോപാലകൃഷ്ണന്'! സ്ഥിര ബുദ്ധി നഷ്ടപ്പെട്ട സംവിധായകനെ ചങ്ങലയ്ക്ക് ഇടണമെന്ന പരിഹാസവുമായി ആര്‍പിഐ നേതാവ്; രാജീവ് ദാസിന്റെ കുറിപ്പ് വിവാദത്തില്‍; തിരുത്തിയിട്ടും വിവാദങ്ങള്‍ അടൂരിനെ വിട്ടൊഴിയുന്നില്ല; വിശ്വവേദികളിലെ സംവിധായകന്‍ ഹൃദയ വികാസമില്ലേ?
കൊച്ചി: അടൂര്‍ ഗോപാലകൃഷ്ണനെതിരെ ആഞ്ഞടിച്ച് ആര്‍പിഐ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ആര്‍ സി രാജീവ് ദാസ്. സ്ഥിര ബുദ്ധി നഷ്ടപ്പെട്ട അടൂര്‍ ഗോപാലകൃഷ്ണനെ ചങ്ങലയ്ക്കിടണമെന്ന് രാജീവ് ദാസ് ഫെയ്‌സ് ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു. പരനാറിയെന്ന രാജീവ് ദാസിന്റെ പ്രസ്താവന വിവാദമാകാന്‍ സാധ്യത ഏറെയാണ്. അതിരൂക്ഷമായാണ് വിമര്‍ശനം. മലയാളിയ്ക്ക് മനസ്സിലാകാത്ത പടങ്ങള്‍ നിര്‍മ്മിച്ച് മികച്ച സംവിധായകനെന്ന് പൊതുസമൂഹത്തെ കൊണ്ട് പറയിപ്പിച്ച പരനാറിയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന പരാമര്‍ശവും ഫെയ്‌സ് ബുക്ക് പോസ്റ്റിലുണ്ട്. സിനിമാ കോണ്‍ക്ലേവിലെ ആക്ഷേപങ്ങളില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഇതിനിടെയാണ് മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന രാജീവ് ദാസിന്റെ അതിരൂക്ഷ പ്രതികരണം. കേരളം എല്ലാ അര്‍ത്ഥത്തിലും ബഹുമാനിക്കുന്ന സംവിധായകനാണ് അടൂര്‍. കലാമൂല്യമുള്ള ചിത്രങ്ങളാണ് അടൂര്‍ നിര്‍മ്മിച്ചത്. അതൊന്നും തിയേറ്റര്‍ ചലനമുണ്ടാക്കിയില്ലെന്നത് വസ്തുതയാണ്. അപ്പോഴും കലാപരമായി ആഗോള തലത്തില്‍ അംഗീകരിക്കപ്പെടുകയും ചെയ്തു.
കഴിഞ്ഞ ദിവസം അടൂര്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. സിനിമ നിര്‍മിക്കാന്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിലായിരുന്നു വിവാദ പരാമര്‍ശം. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിംഗ് കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. വിവാദത്തിന് ശേഷം സര്‍ക്കാര്‍ പണം മുടക്കുന്ന സിനിമകള്‍ എടുക്കുന്നവര്‍ക്ക് ബജറ്റിങ്ങിലും സിനിമ നിര്‍മാണ പ്രക്രിയയിലും സാങ്കേതിക വിദ്യകളിലും കൃത്യമായ ഓറിയന്റേഷന്‍ നല്‍കണമെന്നാണ് താന്‍ വ്യക്തമാക്കിയതെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വിശദീകരിച്ചിട്ടുണ്ട്. . ആര്‍ക്കും പണം കൊടുക്കുന്നതിന് എതിരല്ല. ഏതെങ്കിലും ജാതിയില്‍പെട്ടവരോ സ്ത്രീകള്‍ ആയതുകൊണ്ടോ അല്ല തന്റെ അഭിപ്രായം. മുന്‍പരിചയമോ പരിശീലനമോ ഇല്ലാത്തവരാണ് ഇതുപ്രകാരം സിനിമയെടുക്കുന്നത്. ഫിലിം മേക്കിങ്ങില്‍ പരിശീലനം നല്‍കുന്നതിലൂടെ അവരുടെ കഴിവുകള്‍ ഏറെ മെച്ചപ്പെടുത്താനാകും. സ്‌ക്രിപ്റ്റിന് അനുമതി കിട്ടിയതുകൊണ്ടുമാത്രം ആയില്ല. ബജറ്റ്, ക്യാമറ, ലൈറ്റിങ് തുടങ്ങിയ സാങ്കേതിക കാര്യങ്ങളിലും അറിവുനേടേണ്ടതല്ലേ എന്നും മലയാള മനോരമയോട് അദ്ദേഹം പ്രതികരിച്ചു.
ഒന്നരക്കോടി രൂപ കൊമേഴ്‌സ്യല്‍ സിനിമ നിര്‍മിക്കാനാവശ്യമായ പണമാണ്. ഇത് 50 ലക്ഷം വച്ച് മൂന്നുപേര്‍ക്ക് കൊടുത്താല്‍ കൂടുതല്‍ പേര്‍ക്ക് പ്രയോജനം ലഭിക്കും. പോസിറ്റീവായാണ് 50ലക്ഷം വീതം നല്‍കണമെന്ന് പറഞ്ഞത്. 'എന്റെ സിനിമകളുടെ ബജറ്റ് പോലും ഒരുകോടിക്ക് മുകളില്‍ പോയിട്ടില്ല. 10-15 ലക്ഷംവച്ച് പുതിയ കുട്ടികള്‍ സിനിമയെടുക്കുന്നു. സെല്‍ഫോണിലും സിനിമ വരുന്നു. ഈ സ്ഥിതിയില്‍ ഒന്നരക്കോടി വലുതാണ്. ഇക്കാര്യം മുഖ്യമന്ത്രിയോടും സൂചിപ്പിച്ചിരുന്നു. പണം സിനിമയുടെ നന്മയ്ക്ക് വേണ്ടി നല്ല രീതിയില്‍ ചെലവഴിക്കണം. 'ജാതിവെറിയന്‍' എന്ന് എന്നെപ്പറ്റി കേള്‍ക്കുന്നത് ആദ്യമായാണ്. ഞാന്‍ ജാതിവാദിയോ സ്ത്രീവിരോധിയോ അല്ല. മനുഷ്യരെ മനുഷ്യരായി മാത്രമേ കാണുന്നുള്ളൂ'- അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇതിന് ശേഷവും അടൂരിനെതിരെ വിമര്‍ശനം തുടരുകയാണ്. പല സംഘടനകളും അടൂരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
സിനിമാ കോണ്‍ക്ലേവിന്റെ സമാപന പരിപാടിയില്‍ ദളിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ വിവാദ പരാമര്‍ശം നടത്തിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് മറുപടി നല്‍കി മന്ത്രി ആര്‍.ബിന്ദുവും രംഗത്തു വന്നു. 'വിശ്വചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ട് കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം. മനുഷ്യനാകണം.'- മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
രാജീവിന്റെ വിവാദ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
സ്ഥിര ബുദ്ധി നഷ്ടപ്പെട്ട അടൂര്‍ ഗോപാലകൃഷ്ണനെ ചങ്ങലയ്ക്കിടണം ..
ദളിത് സമൂഹത്തെയും വനിതകളെയും അടച്ചാക്ഷേപിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ കേരള സമൂഹത്തിന് ആകത്തന്നെ അപമാനമായി .കന്യാസ്ത്രീ വിഷയത്തില്‍ നിലവിളിച്ചവര്‍ക്ക് ഗോപാലകൃഷ്ണന്‍ നല്‍കിയ തിരിച്ചടിയാണ് വിവാദ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത് .തീവ്ര സവര്‍ണ്ണ ചിന്താഗതിയാണ് അടൂരിന്റെ ഉള്ളിന്റെയുള്ളില്‍ നിന്നും പുറത്തേയ്ക്ക് വന്നത് . മലയാളിയ്ക്ക് മനസ്സിലാകാത്ത പടങ്ങള്‍ നിര്‍മ്മിച്ച് മികച്ച സംവിധായകനെന്ന് പൊതുസമൂഹത്തെ കൊണ്ട് പറയിപ്പിച്ച പരനാറിയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ .മാന്യനായ ഗോപാലകൃഷ്ണന്റെ സിനിമകള്‍ എല്ലാം അമ്പേ പരാജയപ്പെട്ടിട്ടും തലമുടിയും നീട്ടി വളര്‍ത്തി ജുബയുമിട്ട് നടന്നാല്‍ വലിയ കൊമ്പത്തെ സാഹിത്യകാരനാകുമെന്ന ചിന്താഗതി മാറ്റി വെക്കാതെ പുറത്തിറങ്ങാന്‍ പറ്റില്ലന്ന് തിരിച്ചറിയണം . ദളിത് സ്ത്രീകളെ അപമാനിച്ച് കേമനാകാമെന്ന് കരുതിയാല്‍ തെറ്റി ചോദ്യം ചെയ്യപ്പെടുമെന്ന് മനസ്സിലാക്കി വേണം പ്രതികരണങ്ങള്‍ നടത്തേണ്ടത് ?
കള്ളപ്പണം വെളുപ്പിക്കാന്‍ അവാര്‍ഡ് പടം പിടിക്കാന്‍ ക്വട്ടേഷന്‍ എടുത്തിട്ടുള്ള മാന്യനാണ് ദെളിത് വനിതകളെ പരിശീലിപ്പിക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്നത് .ഗോപാലകൃഷ്ണന്‍ സ്വന്തം കുടുംബത്ത് ആദ്യം പരിശീലനക്കളരി തുടങ്ങ് എന്നിട്ട് മതി ദെളിതരുടെ കാര്യത്തില്‍ ഇടപ്പെടുന്നത് .കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പണം എങ്ങനെ എവിടെ ചില വഴിക്കണമെന്നും ആര്‍ക്ക് നല്‍കണമെന്നും ഗോപാലകൃഷ്ണന്റ ഉപദേശം വേണ്ട .വിവാദ പരാമര്‍ശം പിന്‍വലിച്ച് ദളിത് സമൂഹത്തോട് മാപ്പ് പറയാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തയ്യാറാകണം അല്ലാത്തപക്ഷം നിയമ നടപടിയുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യാ ( അത്വാവാല) മുന്നോട്ട് പോകും .
ആര്‍.സി.രാജീവ് ദാസ്
സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ്
RPl (Athawale)