അടൂര്‍: പെട്രോള്‍ പമ്പിന് സമീപമുള്ള സ്റ്റുഡിയോയ്ക്കുള്ളില്‍ തീ ആളിപ്പടരുന്നു. തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നിന്ന് ഓടിയിറങ്ങി വന്ന പോലീസ് ഇന്‍സ്പെക്ടര്‍ പിന്നെ ഒന്നും നോക്കിയില്ല. ഒന്നാം നിലയിലുള്ള സ്റ്റുഡിയോയ്ക്ക് വെളിയില്‍ നിന്ന് തീ അണയ്ക്കാനുള്ള ശ്രമം അദ്ദേഹം തുടങ്ങി. താഴെയുള്ള കടയുടെ ദുര്‍ബലമായ മേല്‍ക്കൂരയില്‍ കയറി നിന്നായിരുന്നു അദ്ദേഹത്തിന്റെ രക്ഷാപ്രവര്‍ത്തനം. പൂട്ടിയിട്ടിരുന്ന സ്റ്റുഡിയോയുടെ ജനാല ഗ്ലാസ് അടിച്ചു പൊട്ടിച്ച് അകത്തേക്ക് വെള്ളമൊഴിച്ച് തീ കെടുത്താനായിരുന്നു ശ്രമം.

അടൂര്‍ ഏനാത്ത് എസ്എച്ച്ഓ അമൃത സിങ് നായകമാണ് വന്‍ തീ കണ്ടിട്ടും സമചിത്തത കൈവിടാതെ അണയ്ക്കാന്‍ ശ്രമിച്ചത്. ജനാലച്ചില്ല് ഫൈബര്‍ ആണെന്ന് കരുതിയാകണം അദ്ദേഹം കൈകൊണ്ടാണ് അടിച്ചു പൊട്ടിക്കാന്‍ ശ്രമിച്ചത്. ചില്ലു കൊണ്ട് കൈ ആഴത്തില്‍ മുറിഞ്ഞു. അതൊന്നെും വകവയ്ക്കാതെ ഒരു ചുറ്റിക കൊണ്ടു വന്ന് ജനാലച്ചില്ല് തകര്‍ത്തു. താഴെ നിന്നും നാട്ടുകാര്‍ ബക്കറ്റില്‍ ആക്കിക്കൊടുത്ത വെള്ളം ജനാലവഴി അകത്തേക്ക് ഒഴിച്ചു.

ഏനാത്ത് പെട്രോള്‍ പമ്പിന് സമീപം മണി എന്ന് വിളിക്കുന്ന ദാസ് നടത്തുന്ന ചെല്ലം സ്റ്റുഡിയോക്കാണ് ഇന്നലെ വൈകിട്ട് തീ പിടിച്ചത്. ബക്കറ്റില്‍ വെള്ളം നിറച്ച് അതിവേഗം ഒഴിച്ചതിനാല്‍ വന്‍ തോതില്‍ തീ പടര്‍ന്ന് വലിയ അപകടം ഉണ്ടായില്ല. തുടര്‍ന്ന്, അഗ്നിശമനസേന എത്തി തീ പൂര്‍ണമായും കെടുത്തി.