- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി എസ് ഐ വിമതരുടെ പരാതിയിൽ കഴമ്പില്ലെന്ന് സർക്കാർ അറിയിട്ടിച്ചും ഒപ്പിട്ടില്ല; സുപ്രീംകോടതി വിധിക്ക് പിന്നാലെ അഡ്വ ജോഷിന് നിയമനം നൽകി ഗവർണ്ണർ; എന്നിട്ടും മനുഷ്യാവകാശ കമ്മീഷനിലെ മണികുമാറിന്റെ ഫയൽ തുറക്കാതെ രാജ് ഭവൻ; അഞ്ച് ബില്ലും രണ്ട് ഓർഡിനൻസും പാസാക്കിയേക്കും
തിരുവനന്തപുരം : സർവ്വകലാശാലയിലെ പരമാധികാരം സുപ്രീംകോടതി വിധിയോടെ കിട്ടിയതിന് പിന്നാലെ കേരള നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഒപ്പിട്ടു തുടങ്ങി. വ്യാഴാഴ്ച രണ്ടു ബില്ലുകളിലാണ് ഒപ്പിട്ടത്. രണ്ട് പിഎസ്സി അംഗങ്ങളുടെ നിയമന ശുപാർശയും അംഗീകരിച്ചു. മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി ജസ്റ്റിസ് എസ് മണികുമാറിനെ നിയമിക്കണമെന്ന സർക്കാർ ശുപാർശ ഇപ്പോഴും അംഗീകരിച്ചില്ല. ഇതു പുതിയ ചർച്ചയാകും.
ധന ബിൽ, ചില കോർപറേഷനുകളിലെയും കമ്പനികളിലെയും നിയമനം പിഎസ്സിക്കു വിടുന്ന രണ്ടാം ഭേദഗതി ബിൽ എന്നിവയാണ് ഒപ്പിട്ടത്. ജോസ് ഡിക്രൂസ്, എച്ച് ജോഷ് എന്നിവരെ പിഎസ്സി അംഗങ്ങളാക്കാനുള്ള ശുപാർശയാണ് അംഗീകരിച്ചത്. സി എസ് ഐ സഭാ നോമിനായിരുന്നു ജോഷ്. ജോഷിനെതിരെ ചില വ്യാജ ആരോപണങ്ങൾ സി എസ് ഐ സഭയിലെ വിമതർ ഉന്നയിച്ചു. ഈ പരാതി കിട്ടിയതിനെ തുടർന്ന് ഗവർണ്ണർ വിശദീകരണം നൽകി. എന്നാൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അടക്കം ക്ലീൻ ചിറ്റ് നൽകി. അതിന് ശേഷവും ഗവർണ്ണർ അംഗീകാരം നൽകിയില്ല.
സുപ്രീംകോടതിയിലെ ഇടപെടലിന് പിന്നാലെ ഗവർണ്ണർ ഒപ്പിട്ടു. ഇതോടെ പി എസ് സിയിലെ എല്ലാ ശുപാർശയും ഗവർണ്ണർ അംഗീകരിച്ചു. നേരത്തെ രണ്ടു പേരുടെ നിയമന ശുപാർശ ഗവർണ്ണർ അംഗീകരിച്ചിരുന്നു. എന്നിട്ടും ജോഷിന്റെ നിയമനം തടഞ്ഞു വച്ചു. ഇത് ആശങ്കയായി. എന്നാൽ അവസാനം ഗവർണ്ണർ ഒപ്പിട്ടു. ചൊവ്വാഴ്ച പൊതുജനാരോഗ്യ ബില്ലിൽ ഒപ്പിട്ട ഗവർണർ ഏഴു ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടാനും തീരുമാനിച്ചിരുന്നു. നിയമസഭ പാസാക്കിയ എട്ടു ബിൽ ദീർഘകാലമായി പിടിച്ചുവച്ചതിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി പരിഗണിക്കുന്നതിന്റെ തലേന്നായിരുന്നു ഇത്. തുടർന്ന് എട്ടു ബില്ലും പരിഗണിച്ചെന്ന് അറിയിച്ചിട്ടും സുപ്രീംകോടതി രൂക്ഷമായ ഭാഷയിലാണ് ഗവർണറെ വിമർശിച്ചത്.
നിയമസഭ പാസാക്കിയ ബില്ലിൽ തീരുമാനമെടുക്കാതെ രണ്ടു വർഷം എന്തിനാണ് അടയിരുന്നത് എന്നാണ് കോടതി ചോദിച്ചത്. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച രണ്ടു ബില്ലിൽകൂടി ഒപ്പിട്ടത്. തുടർന്ന് ഉച്ചയോടെ മഹാരാഷ്ട്രയിലേക്കു പോയ ഗവർണർ ശനിയാഴ്ച തിരികെ കൊച്ചിയിലെത്തും. അതിന് മുമ്പേ ഗവർണ്ണർ പി എസ് സി മെമ്പർമാരുടെ കാര്യത്തിൽ തീരുമാനം എടുത്തു. എന്നാൽ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ശുപാർശയിൽ തീരുമാനവും എടുത്തില്ല.
വ്യാഴാഴ്ച രണ്ടു ബിൽ ഒപ്പിട്ടതോടെ ഇനി ഗവർണറുടെ പരിഗണനയിലുള്ളത് അഞ്ച് ബില്ലും രണ്ട് ഓർഡിനൻസും. നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി ബിൽ, ക്ഷീരകർഷക ക്ഷേമനിധി ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ, കേരള കെട്ടിട നികുതി ബിൽ, ഭൂമി പതിച്ചുകൊടുക്കൽ നിയമ ഭേദഗതി ബിൽ എന്നിവയാണ് രാജ്ഭവനിലുള്ളത്. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്ക് ശിക്ഷ വർധിപ്പിക്കുന്നത് അടക്കമുള്ള വ്യവസ്ഥകൾ അടങ്ങുന്നതാണ് രണ്ട് ഓർഡിനൻസും. ഇതെല്ലാം ഗവർണ്ണർ ഉടൻ ഒപ്പിടുമെന്നാണ് സൂചന.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി നിയമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി ചേർന്ന യോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വിയോജിപ്പറിയിച്ചു. വിശദമായ വിയോജനക്കുറിപ്പ് സർക്കാരിന് കൈമാറി. ഈ ഫയൽ ഇപ്പോഴും ഗവർണ്ണറുടെ പരിഗണനയിലാണ്. ജസ്റ്റിസ് മണികുമാർ സർക്കാരിന് അനുകൂലമായ നിലപാടെടുക്കുന്നെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ഹൈക്കോടതിയിൽനിന്ന് വിരമിച്ചപ്പോൾ കോവളത്തെ ഹോട്ടലിൽെവച്ച് സർക്കാർ യാത്രയയപ്പ് നൽകിയതിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു. ആദ്യമായിട്ടായിരുന്നു വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് സർക്കാർ യാത്രയയപ്പ് നൽകിയത്. സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി നേതാവ് ആർ.എസ്. ശശികുമാർ ഇതേക്കുറിച്ച് ഗവർണർക്ക് പരാതിയും നൽകിയിരുന്നു. ഏതായാലും സുപ്രീംകോടതി വിധി മണികുമാർ വിവാദങ്ങൾക്ക് പുതിയ മാനം നൽകും.
കണ്ണൂർ സർവ്വകലാശാല വിഷയത്തിൽ ഹൈക്കോടതിയിൽ കേസ് വരുമ്പോൾ ചീഫ് ജസ്റ്റീസ് മണികുമാറായിരുന്നു. മണികുമാറിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വലിയ ആരോപണങ്ങൾ ഉയർത്തിയിരുന്നു. ചില കേസ് അട്ടിമറിയുടെ പ്രത്യുപകാരമായാണ് മനുഷ്യാവകാശ കമ്മീഷണറായി മണികുമാറിനെ സർക്കാർ നാമനിർദ്ദേശം ചെയ്തതെന്നായിരുന്നു ആരോപണം. മണിക് കുമാറിന് സർക്കാർ നൽകിയ സ്വീകരണവും ചർച്ചകളിലെത്തി. ഇതെല്ലാം കേട്ടു കേഴ് വിയില്ലാത്ത സംഭവങ്ങളായിരുന്നു. ഏതായാലും മണിക് കുമാറിന്റെ നാമനിർദ്ദേശം ഇനിയും ഗവർണ്ണർ അംഗീകരിച്ചിട്ടില്ല. ആ ഫയൽ രാജ്ഭവനിലുണ്ട്. സുപ്രീംകോടതിയുടെ ഈ വിധിയോടെ ഈ ഫയലിൽ ഗവർണ്ണർ എടുക്കുന്ന നിലപാട് നിർണ്ണായകമാകും.
സെനറ്റ് അംഗം ഡോക്ടർ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഡോക്ടർ ഷിനോ.പി.ജോസ് എന്നിവരാണ് കോടതിയെ സമീപിച്ചത്. സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. സർക്കാരിന്റെ വാദങ്ങൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് അംഗീകരിച്ചിരുന്നു. ഇത് ഡിവിഷൻ ബഞ്ചും ശരിവച്ചു. ഇതിനെയാണ് കുറ്റകരമായ വിധിയായി സുപ്രീംകോടതി നീരീക്ഷിക്കുന്നത്. ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശകമ്മീഷൻ ചെയർപേഴ്സണായി നിയമിക്കാനുള്ള മന്ത്രിസഭയുടെ ശുപാർശ സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകിയിരുന്നു. ഭരണകൂടത്തെ സംരക്ഷിക്കുന്നതിനായി മനുഷ്യാവകാശ സങ്കല്പങ്ങൾക്ക് വിപരീതമായ തരത്തിലുള്ള വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുള്ള ന്യായാധിപനാണ് ജസ്റ്റിസ് മണികുമാറെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
2018-ലെ മഹാപ്രളയം ഭരണകൂടത്തിന്റെ വീഴ്ചകൊണ്ടു സംഭവിച്ചതും മനുഷ്യനിർമ്മിതവുമായിരുന്നു. അന്ന് കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റീസായിരുന്ന ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരും ഇത് സംബന്ധിച്ച പൊതുതാത്പര്യഹർജികളിന്മേൽ സ്വമേധയാ നടപടി സ്വീകരിക്കുകയുണ്ടായി. സംസ്ഥാനത്തെ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ ഭരണകൂടത്തിന് സംഭവിച്ച വീഴ്ച കണ്ടെത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചു. എന്നാൽ, തുടർന്നുവന്ന ചീഫ് ജസ്റ്റിസ് ഇത് സംബന്ധിച്ച റിപ്പോർട്ടിന്മേൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ചെന്നിത്തല ആരോപിച്ചിരുന്നു. കോവിഡ് കാലത്ത് പൗരന്മാരുടെ വിലപ്പെട്ട ഡാറ്റ സ്പ്രിങ്ളർ കമ്പനിക്ക് മറിച്ചുകൊടുത്ത സംഭവത്തിലും ജസ്റ്റിസ് മണികുമാർ നടപടി സ്വീകരിക്കാൻ വിസമ്മതിച്ചുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.
സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിയമസഭയിൽവെച്ച റിപ്പോർട്ട് ഹൈക്കോടതിക്ക് സമർപ്പിക്കുകയും പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്. ഈ രണ്ടു കേസുകളിലും മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയാണ് ചെയ്തത്. മാത്രമല്ല, സർക്കാരിനെതിരായി വന്ന നിരവധി അഴിമതി കേസുകളിലും തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുകയാണ് അദ്ദേഹം ചെയ്തത്. ഇക്കാരണങ്ങളാൽ ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണായി നിയമിക്കാനുള്ള മന്ത്രിസഭയുടെ തീരുമാനം മനുഷ്യാവകാശ സങ്കല്പങ്ങൾക്ക് വിരുദ്ധമാണെന്നും ഇക്കാരണങ്ങളാൽ ശുപാർശ സ്വീകരിക്കരുതെന്നും രമേശ് ചെന്നിത്തല ഗവർണറോട് അഭ്യർത്ഥിച്ചിരുന്നു. ഈ പരാതി കാരണമാണ് തീരുമാനം ഗവർണ്ണർ നീട്ടിക്കൊണ്ടു പോയത്. ഇതിനിടെയാണ് സർവ്വകലാശാലാ കേസിൽ ഹൈക്കോടതിയുടെ കുറ്റകരമായ വിധിയെ സുപ്രീംകോടതിയും തിരിച്ചറിയുന്നത്. ഇതോടെ ചെന്നിത്തലയുടെ നിലപാടുകൾക്ക് പ്രസക്തി കൂടുകയാണ്.
മനുഷ്യാവകാശ സംരക്ഷണ നിയമം സെക്ഷൻ നാല് അനുസരിച്ച് സർക്കാരിന്റെ ശുപാർശ സ്വീകരിക്കാൻ ഗവർണർ ബാദ്ധ്യസ്ഥനുമല്ല. ശുപാർശ തള്ളുന്നത് ഗവർണറുടെ അധികാരപരിധിയിലുള്ള കാര്യവുമാണെന്ന് ചെന്നിത്തല ഗവർണ്ണർക്കുള്ള കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ ഗവർണ്ണർ ഈ വിഷയത്തിൽ എടുക്കുന്ന നിലപാട് നിർണ്ണായകമാകും. ഇവിടേയും താനാണ് നിയമനാധികാരി എന്ന നിലപാട് ഗവർണ്ണർ എടുക്കുമോ എന്നതും ശ്രദ്ധേയമാണ്.
പുതിയ പി എസ് സി മെമ്പർമാർ ഇവർ
കേരള പബ്ലിക് സർവിസ് കമീഷൻ അംഗങ്ങളായി ഡോ. ജോസ് ജി. ഡിക്രൂസ്, അഡ്വ. എച്ച്. ജോഷ് എന്നിവരെ നിയമിക്കുന്നതിന് ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭയോഗം തീരുമാനിച്ചത് മാസങ്ങൾക്ക് മുമ്പാണ്. ഈ ശുപാർശയാണ് അംഗീകരിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ അഡീഷനൽ ഡയറക്ടർ (വിജിലൻസ്) ആണ് ഡോ. ജോസ് ജി. ഡിക്രൂസ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ ഡോ. ജോസ് 1996ൽ ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് സർജൻ തസ്തികയിൽ നിയമനം നേടി.
വിവിധ ജില്ലകളിൽ ഡെപ്യൂട്ടി ഡി.എം.ഒ, അഡീഷനൽ ഡി.എം.ഒ, ഡി.എം.ഒ തസ്തികകളിലും ജോലി ചെയ്തു. കൊല്ലം ഈസ്റ്റ് പട്ടത്താനം വിദ്യാനഗർ സ്വദേശിയാണ്. ഭാര്യ: വിജയകുമാരി (അസി. പ്രഫസർ, ഓൾസെയിൻസ് കോളജ്). മക്കൾ: വിദ്യ, അപർണ, അപ്സര ജോസ്.
തിരുവനന്തപുരം തിരുമല സ്വദേശിയായ അഡ്വ.എച്ച്. ജോഷ് ഹൈക്കോടതിയിലും തിരുവനന്തപുരത്തെ കോടതികളിലും പ്രാക്ടീസ് ചെയ്യുകയാണ്. എസ്.ബി.ഐ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡാ, യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് കോർപറേഷൻ തുടങ്ങിയവയുടെ നിയമോപദേശകനായിരുന്നു. അഭിഭാഷകയായ മിഷാ റാണിയാണ് ഭാര്യ. അല്ലൻ ജോ, മില്ലൻ ജോ എന്നിവരാണ് മക്കൾ.
മറുനാടന് മലയാളി ബ്യൂറോ