- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിലില്‍ സിനിമാനടന് മാത്രം കരിക്കിന്‍ വെള്ളം കൊടുത്ത നിഷ്പക്ഷത കയ്യില്‍ വെച്ചാല്‍ മതി; തന്നെ 'കമ്മി'യെന്ന് വിളിച്ച ആര്‍.ശ്രീലേഖയ്ക്ക് അഡ്വ.കുളത്തൂര്‍ ജയ്‌സിങ്ങിന്റെ മറുപടി; മുഖ്യമന്ത്രിക്ക് നല്കിയ പരാതി ഓലപ്പാമ്പല്ല; ചൂണ്ടിക്കാട്ടിയത് കൗണ്‍സിലറുടെ ചട്ടലംഘനം; ഓഫീസ് തുറന്നതും ബോര്‍ഡ് വച്ചതും ചട്ടലംഘനമെന്ന് അഭിഭാഷകന്‍
ആര്‍.ശ്രീലേഖയ്ക്ക് അഡ്വ.കുളത്തൂര്‍ ജയ്‌സിങ്ങിന്റെ മറുപടി
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ പ്രശാന്തും ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയും തമ്മിലുള്ള ശാസ്തമംഗലത്തെ കോര്‍പറേഷന്‍ ഓഫീസ് തര്‍ക്കം പുതിയ തലത്തിലേക്ക്. കോര്‍പറേഷന്‍ ചുമതലപ്പെടുത്താതെ, വി.കെ പ്രശാന്ത് എംഎല്‍എയുടെ ഓഫീസ് ഒഴിപ്പിക്കുവാന്‍ ശ്രീലേഖ ആവശ്യപ്പെട്ടതിലെ ചട്ടലംഘനം കാട്ടി അഡ്വ.കുളത്തൂര്‍ ജയ്‌സിങ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഏതോ കമ്മി വക്കീല്‍, തനിക്ക് എതിരെ പരാതി നല്‍കിയെന്നും ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാന്‍ നോക്കുകയാണെന്നും ശ്രീലേഖ പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയുമായി അഡ്വ.കുളത്തൂര്‍ ജയ്‌സിങ് എത്തിയതോടെ ഇരുവരും തമ്മിലുള്ള വാക്‌പോര് മുറുകുകയാണ്.
പരാതി 'ഓലപ്പാമ്പല്ല': അഡ്വ. കുളത്തൂര്‍ ജയ്സിങ്
ശ്രീലേഖയെ അറസ്റ്റ് ചെയ്യണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും നിയമപരമായ ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ അനുമതിയില്ലാതെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ അതിക്രമിച്ചു കയറി ബോര്‍ഡ് സ്ഥാപിച്ചത് കയ്യേറ്റമാണെന്ന് അദ്ദേഹം ആരോപിക്കുന്നു.
സ്വന്തം ചട്ടലംഘനങ്ങള്‍ മറയ്ക്കാനാണ് കൗണ്‍സിലര്‍ പരാതിയെ രാഷ്ട്രീയവല്‍ക്കരിക്കുന്നത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നവരെല്ലാം കമ്മ്യൂണിസ്റ്റുകാരല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ദിലീപ് വിവാദം ഓര്‍മ്മിപ്പിച്ച് മറുപടി
ശ്രീലേഖയുടെ മുന്‍കാല നിലപാടുകളെയും ജയ്സിങ് രൂക്ഷമായി വിമര്‍ശിച്ചു. 'ജയില്‍ സന്ദര്‍ശന വേളയില്‍ മറ്റു പ്രതികളെ അവഗണിച്ച് സിനിമാ നടന് (ദിലീപ്) മാത്രം കരിക്കിന്‍ വെള്ളം നല്‍കി നിഷ്പക്ഷത ലംഘിച്ച ശൈലി പൊതുപ്രവര്‍ത്തന രംഗത്ത് ഓടില്ല' എന്ന് അദ്ദേഹം പരിഹസിച്ചു.
ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ രണ്ട് മുറികളെ ചൊല്ലിയാണ് തര്‍ക്കം നിലനില്‍ക്കുന്നത്. എംഎല്‍എ ഓഫീസ് വര്‍ഷങ്ങളായി അവിടെ പ്രവര്‍ത്തിക്കുന്നുവെന്നും നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് പ്രശാന്തിന്റെ വാദം.
എന്നാല്‍, മുന്‍പ് ഇടത് കൗണ്‍സിലര്‍ ഉപയോഗിച്ചിരുന്ന മുറി തന്റെ അവകാശമാണെന്നും എംഎല്‍എ ഓഫീസ് ഒഴിപ്പിക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും ശ്രീലേഖ വാദിക്കുന്നു. ഇതിന്റെ ഭാഗമായാണ് എംഎല്‍എയുടെ ബോര്‍ഡിന് മുകളില്‍ സ്വന്തം പേര് വെച്ച് അവര്‍ വെല്ലുവിളിച്ചത്.
മറ്റ് കൗണ്‍സിലര്‍മാര്‍ക്ക് ലഭിക്കാത്ത പ്രത്യേക ആനുകൂല്യം ശ്രീലേഖയ്ക്കും വേണ്ടെന്ന് അഡ്വ.കുളത്തൂര്‍ ജയ്സിങ് പറഞ്ഞു. ശാസ്തമംഗലം ഓഫീസില്‍ നിന്ന് ശ്രീലേഖയെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കോര്‍പ്പറേഷന്‍ സെക്രട്ടറിയ്ക്ക് കത്ത് നല്‍കി. ഓഫീസ് തുടങ്ങാന്‍ അനുവാദം നല്‍കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ സെക്രട്ടറി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
അഡ്വ.കുളത്തൂര്‍ ജയ്‌സിങ്ങിന്റെ മറുപടിയുടെ വിശദ രൂപം:
കോര്‍പറേഷന്‍ വക കെട്ടിടത്തിലെ വി കെ പ്രശാന്ത് എം എല്‍ എയുടെ ഓഫസില്‍ അതിക്രമിച്ചുകയറിയെന്ന് ആരോപിച്ച് താന്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ കൗണ്‍സിലര്‍ ആര്‍.ശ്രീലേഖയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായ പ്രചാരണം തെറ്റെന്ന് അഡ്വ.കുളത്തൂര്‍ ജയ്‌സിങ്. കോര്‍പ്പറേഷന്റെ അനുമതി വാങ്ങാതെയുള്ള ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറുടെ ചട്ടലംഘനമാണ് താന്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ചൂണ്ടികാട്ടിയതെന്നും ഇത് സംബന്ധിച്ച് ആര്‍ ശ്രീലേഖയുടെ പ്രചാരണം അടിസ്ഥാനരഹിതമെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍ ശ്രീലേഖയെ അറസ്റ്റ് ചെയ്ത് തുറുങ്കില്‍ അടയ്ക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടില്ല. പരാതി അന്വേഷിക്കുവാന്‍ സംസ്ഥാന പോലീസ് മേധാവിയ്ക്ക് കൈമാറിയ നടപടിക്രമത്തില്‍ ശ്രീലേഖ അസ്വസ്ഥപ്പെടേണ്ടതില്ല. മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നയാളുകള്‍ മുഴുവന്‍ കമ്മ്യൂണിസ്റ്റുകാരല്ല. അന്യായങ്ങള്‍ക്ക് എതിരെ സര്‍ക്കാരില്‍ പരാതി നല്കുവാന്‍ മാത്രമേ പൗരന് കഴിയുകയുള്ളൂ. ഇതിനെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ ശ്രീലേഖ ഓലപ്പാമ്പായി ചിത്രീകരിക്കുന്നത് തെറ്റായ അനുഭവത്തിന്റെ അടിസ്ഥാനത്തിലാകാം.
മുഖ്യമന്ത്രിയ്ക്കു നല്കിയ പരാതിയെ രാഷ്ട്രീയവല്‍കരിക്കുവാന്‍ ശ്രമിക്കുന്നത് നടത്തിയ ചട്ടലംഘനം മറയ്ക്കുവാന്‍ വേണ്ടിയാണ്.തിരുവനന്തപുരം കോര്‍പ്പറേഷന്‍ ശാസ്തമംഗലം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാര്യാലയം പ്രവര്‍ത്തിക്കുന്ന ശാസ്തമംഗലത്തെ കെട്ടിടത്തിലെ രണ്ട് മുറികളില്‍ ഓരോന്ന് വീതം ഇടതുപക്ഷ എംഎല്‍എയും കൗണ്‍സിലറും കൂടി മുമ്പ് രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്വന്തമാക്കി. എംഎല്‍എമാര്‍ക്ക് ഓരോ വര്‍ഷവും അലവന്‍സ് അടക്കം ശമ്പളം വര്‍ധിപ്പിച്ച് നല്കിയിട്ടും വട്ടിയൂര്‍ക്കാവ് എംഎല്‍എയുടെ മണ്ഡല ഓഫീസിന്റെ തുച്ഛമായ വാടക തുകയില്‍ യാതൊരു വര്‍ദ്ധനവും ഉണ്ടായിട്ടില്ല.
കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്ക് ഒരേ ആനുകൂല്യമാണ് നിയമപരമായിട്ടുള്ളത്. ഇ്രൗ മാനദണ്ഡം ആര്യ രാജേന്ദ്രന്‍ മേയറായിരിക്കവെ അട്ടിമറിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശാസ്തമംഗലത്തെ കോര്‍പ്പറേഷന്റെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെട്ടിടത്തില്‍ ഇടതു കൗണ്‍സിലര്‍ക്ക് മറ്റ് അംഗങ്ങള്‍ക്ക് ഇല്ലാത്ത ഓഫീസ് സൗകര്യത്തിന് വഴിയൊരുങ്ങിയത്. 2020-2025 കാലയളവിലെ ഇടത് കൗണ്‍സിലര്‍ക്ക് ശാസ്തമംഗലത്ത് ഓഫീസ് ഉണ്ടെങ്കില്‍ അതിന്റെ പിന്തുടര്‍ച്ച തനിക്കും ഉണ്ടെന്ന് ശ്രീലേഖയുടെ വാദം തുല്യനീതിയ്ക്കും മാനദണ്ഡങ്ങള്‍ക്കും എതിരാണ്.
ശ്രീലേഖയ്ക്ക് ഓഫീസ് ശാസ്തമംഗലത്ത് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ തുറക്കണമെങ്കില്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ കൂടി അനുമതി നല്‌കേണ്ടതുണ്ട്. അനുമതി കിട്ടുന്നതിന് മുമ്പ് കെട്ടിടത്തില്‍ കയറി ബോര്‍ഡ് വച്ച് ഓഫീസ് തുറന്നത് കയ്യേറ്റത്തിന്റെ ഭാഗമായിട്ടെ നിയമപരമായി കാണുവാന്‍ കഴിയുകയുള്ളൂ. നിയമന ഉത്തരവ് കാണിക്കാതെ ജോലിയില്‍ പ്രവേശിച്ചതുപോലെയുള്ള നടപടി ക്രമങ്ങള്‍ ജനസേവനത്തില്‍ അപകടകരമായ സന്ദേശം സമൂഹത്തില്‍ പകരും.
വി.കെ പ്രശാന്ത് എംഎല്‍എയുടെ ഓഫീസ് ഒഴിപ്പിക്കുവാന്‍ ശ്രീലേഖയ്ക്ക് കോര്‍പ്പറേഷന്‍ ചുമതല നല്കിയിട്ടില്ല. ഇത്തരം സാഹചര്യത്തില്‍ എംഎല്‍എയോട് ഓഫീസ് ഒഴിയുവാന്‍ ആവശ്യപ്പെട്ടത് ചട്ടലംഘനമാണ്. എംഎല്‍എയെ കോര്‍പ്പറേഷന്‍ ഓഫീസില്‍ നിന്ന് ഇറക്കണമെന്ന് കാണിച്ചോ തുച്ഛമായ തുകയില്‍ എംഎല്‍എ ഓഫീസ് പ്രവര്‍ത്തിപ്പിച്ച് കോര്‍പ്പറേഷന് നഷ്ടമുണ്ടാക്കുന്നതിനെതിരെയോ എവിടെയെങ്കിലും പരാതി നല്കിയതായി ശ്രീലേഖ ഇതുവരെ അവകാശപ്പെടുന്നില്ല. ഇതില്‍ നിന്ന് അഴിമതിയ്ക്ക് എതിരെയുള്ള പോരാട്ടമല്ല വീട്ടിലെ സന്ദര്‍ശക ശല്യം ഒഴിവാക്കുവാന്‍ പേര് പ്രദര്‍ശിപ്പിച്ച് സൗജന്യമായിരിക്കുവാന്‍ ഒരു ഇടം എന്നതിന് അപ്പുറം ഒന്നുമില്ലെന്ന് തെളിയുന്നു.
ഓഫീസ് തുടങ്ങുവാന്‍ അനുവാദം ശ്രീലേഖയ്ക്ക് ഇതുവരെ നല്‍കിയതായി കോര്‍പ്പറേഷന്‍ സെക്രട്ടറി അവകാശപ്പെടുന്നില്ല. ഈ സാഹചര്യത്തില്‍ ശ്രീലേഖ ശാസ്തമംഗലത്ത് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ ഓഫീസ് തുറന്നതും ചട്ടലംഘനമാണ്. കഴിഞ്ഞ 31ന് ഓഫീസ് തുടങ്ങുവാനും എംഎല്‍എ ഓഫീസ് ഒഴിപ്പിക്കുവാനും ശ്രീലേഖയെ കോര്‍പ്പറേഷന്‍ ചുമതലപ്പെടുത്തിയ രേഖയാണ് ആദ്യം ശ്രീലേഖ പുറത്തുവിടേണ്ടത്. ഇത് ചെയ്യാത്ത സാഹചര്യത്തില്‍ ശ്രീലേഖയുടെ പ്രവൃത്തി ചട്ടലംഘനം തന്നെയെന്നാണ് ശ്രീലേഖയ്ക്ക് അഡ്വ. കുളത്തൂര്‍ ജയ്‌സിങിന്റെ മറുപടി.
തന്റെ സഹപ്രവര്‍ത്തകരായ മറ്റ് കൗണ്‍സിലര്‍മാര്‍ക്ക് ഇല്ലാത്ത പ്രത്യേക ആനുകൂല്യം തനിക്കും വേണ്ടെന്നും തുല്യനീതി എല്ലാ അംഗങ്ങള്‍ക്കും ഉറപ്പാക്കുന്നവരെ സൗജന്യ ഓഫീസ് വേണ്ടെന്ന് വച്ച് കോര്‍പ്പറേഷന് വരുമാനം ലഭിക്കുന്ന വാടക കരാറിന് റൂം വിട്ട് നല്‍കുകയാണ് ശ്രീലേഖ ചെയ്യേണ്ടത്.
ജയില്‍ സന്ദര്‍ശന വേളയില്‍ മുഴുവന്‍ പ്രതികള്‍ക്കും ജയിലില്‍ കരിക്കിന്‍ വെള്ളം വാങ്ങി കൊടുക്കാതെ ജയിലില്‍ ഉണ്ടായിരുന്ന സിനിമാനടന്റെ ക്ഷീണം മാത്രം മാറ്റുവാന്‍ ശ്രമിച്ച് നിഷ്പക്ഷത കാണിക്കാതെ വിവാദം ഉണ്ടാക്കിയ തുല്യനീതിയുടെ ലംഘനശൈലി പൊതു പ്രവര്‍ത്തനരംഗത്ത് ഓടില്ലെന്ന് അഡ്വ. കുളത്തൂര്‍ ജയ്‌സിങ് വ്യക്തമാക്കി.
കോര്‍പ്പറേഷന്റെ എല്ലാ കൗണ്‍സിലര്‍മാര്‍ക്കും കോപ്പറേഷന്‍ കെട്ടിടത്തില്‍ സൗജന്യമായി ഓഫീസ് തുറക്കുവാന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ അംഗങ്ങള്‍ക്ക് തുല്യനീതി ഉറപ്പാക്കാന്‍ ശാസ്തമംഗലം കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ നിന്ന് ശ്രീലേഖയെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കുളത്തൂര്‍ ജയ്‌സിങ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറിയ്ക്ക് കത്തും നല്കിയിട്ടുണ്ട്.
ശ്രീലേഖയുടെ പ്രതികരണം
അതേസമയം, ശാസ്തമംഗലത്തെ ഓഫീസില്‍ എംഎല്‍എ വി.കെ. പ്രശാന്തിന്റെ നെയിംബോര്‍ഡിന് തൊട്ട് മുകളില്‍ സ്വന്തം നെയിംബോര്‍ഡ് സ്ഥാപിച്ച് കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ. ഓഫീസിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി പ്രശാന്തുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കിടെയാണ് ഈ നടപടി. ബോര്‍ഡ് സ്ഥാപിക്കുന്നതിന്റെ ചിത്രങ്ങള്‍ ശ്രീലേഖ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.
ശാസ്തമംഗലം ഓഫീസുമായി ബന്ധപ്പെട്ട് വി.കെ. പ്രശാന്തും ആര്‍. ശ്രീലേഖയും തമ്മില്‍ നേരത്തെയും വലിയ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഈ സംഭവങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് ശ്രീലേഖയുടെ ഭാഗത്തുനിന്ന് വീണ്ടും പുതിയ നീക്കം ഉണ്ടായിരിക്കുന്നത്.
ഇതിനിടെ, തനിക്കെതിരെ മുഖ്യമന്ത്രിക്ക് ഒരു അഭിഭാഷകന്‍ പരാതി നല്‍കിയ സംഭവത്തില്‍ വീഡിയോ പ്രതികരണവുമായി ശ്രീലേഖ രംഗത്തെത്തി. എംഎല്‍എയുടെ ഓഫീസില്‍ അതിക്രമിച്ചു കയറി എന്നാണ് പരാതിയില്‍ പറയുന്നതെന്ന് ശ്രീലേഖ ചൂണ്ടിക്കാട്ടി.
ഏതോ ഒരു കമ്യൂണിസ്റ്റ് വക്കീല്‍ മുഖ്യമന്ത്രിക്ക് തനിക്കെതിരെ പരാതി നല്‍കി. എംഎല്‍എയുടെ ഓഫീസില്‍ അതിക്രമിച്ചു കയറിയെന്നാണ് പരാതി. അനന്തര നടപടിക്ക് പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി എന്നാണ് അറിയുന്നത്. ഇതിനെയാണ് ഓല പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്ന് പറയുന്നതെന്നും അവര്‍ ഫേസ്ബുക്കില്‍ പറഞ്ഞു.




