കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി വരാനിരിക്കയാണ്. ഗൂഢാലോചനാ കേസില്‍ ദിലീപ് ശിക്ഷിക്കപ്പെടുമോ എന്നതാണ് കേരളം കാതോര്‍ക്കുന്ന കാര്യം. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷകയുടെ പ്രതീക്ഷ. കടുത്ത മാനസിക സംഘര്‍ഷമാണ് അതിജീവിത അനുഭവിച്ചത്. ഒന്നാംപ്രതിക്ക് ഉറപ്പായും ശിക്ഷ ലഭിക്കും. ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കിക്കൊണ്ട് അതിജീവിതയ്ക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അതിജീവിതയുടെ അഭിഭാഷക ടി.ബി മിനി പ്രതികരിച്ചു.

'കേസില്‍ വിധി വരുന്നുവെന്നത് തന്നെ വളരെ പ്രധാനപ്പെട്ട കാര്യമാണ്. വിഷയത്തില്‍ ഒരു അവസാനം ഉണ്ടാകാന്‍ പോവുകയാണല്ലോ. കഴിഞ്ഞ എട്ട് വര്‍ഷമായി അതിജീവിത കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്.' 'പ്രോസിക്യൂഷന്‍ ഒരുപാട് തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ട്. ഹാജരാക്കിയ തെളിവുകള്‍ മുഴുവന്‍ കോടതി അംഗീകരിക്കണമെന്നില്ല.' അഭിഭാഷക വ്യക്തമാക്കി. തെളിയിക്കപ്പെടാന്‍ സാധ്യത കുറവുള്ള ഒന്നാണ് ഗൂഢാലോചന. ചെറിയ തെളിവ് ഉണ്ടെങ്കില്‍ തന്നെ ശിക്ഷിക്കപ്പെടാനും വെറുതെ വിടാനും സാധ്യതയുണ്ട്. മതിയായ തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.'

'താന്‍ തന്നെയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് ചാനലില്‍ വന്ന് ഒരു പ്രതി ഏറ്റുപറഞ്ഞത് ഈ കേസില്‍ മാത്രമാണ്. ഒന്നാംപ്രതിയെ ശിക്ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എട്ടാംപ്രതിയുടെ കാര്യത്തിലാണ് കോടതി കൂടുതല്‍ പരിശോധനകള്‍ നടത്തുന്നത്'. നീതി ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണുള്ളതെന്നും അഭിഭാഷക കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ എട്ടിനാണ് കേസില്‍ അന്തിമവിധി. എല്ലാ പ്രതികളും അന്നേ ദിവസം ഹാജരാകണം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ നടപടികള്‍ പുരോഗമിക്കുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവത്തിന് ഇനി രണ്ടുനാള്‍ മാത്രം ബാക്കിനില്‍ക്കെ വിചാരണയിലെ വിവരങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കയാണ്. ദിലീപ് മുഖ്യമന്ത്രിയ്ക്ക് മെസേജ് അയച്ചു എന്ന വിവരമാണ് പുറത്തുവന്നത്. നടി ആക്രമിക്കപ്പെട്ട് അഞ്ചാം ദിവസമാണ് പിണറായി വിജയന് മെസേജ് അയച്ചത്. തെറ്റുചെയ്യാത്ത താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ എന്നാണ് മെസേജ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ദിലീപ് മെസേജ് അയച്ചിരുന്നു. അന്വേഷണം തന്നിലേക്കെത്തുമെന്ന് ഭയന്നാണ് ദിലീപ് മെസേജ് അയച്ചതെന്നാണ് പ്രോസിക്യൂഷന്‍ വാദം.

2017 ഫെബ്രുവരി 22ന് രാവിലെ 09.22 നാണ് ദിലീപ് മെസേജ് അയച്ചത്. വീണ്ടെടുത്ത മേസേജ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പള്‍സര്‍ സുനിയാണ് പ്രതിയെന്ന് ആദ്യ ദിവസം തന്നെ പുറത്തുവന്നതോടെ ദിലീപ് സമ്മര്‍ദത്തിലായെന്നും ഇതോടെയാണ് മുഖ്യമന്ത്രിയടക്കമുളളവര്‍ക്ക് മെസേജ് അയച്ചതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. കാവ്യാ മാധവനുമായുളള ദിലീപിന്റെ ബന്ധം അന്നത്തെ ഭാര്യയായിരുന്നു മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുളള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കാവ്യാ മാധവനുമായുളള ദീലീപിന്റെ ചാറ്റുകള്‍ മഞ്ജു വാര്യര്‍ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം.

രാമന്‍, RUK അണ്ണന്‍, മീന്‍, വ്യാസന്‍ തുടങ്ങിയ പേരുകളിലാണ് കാവ്യയുടെ ഫോണ്‍ നമ്പരുകള്‍ ദിലീപ് തന്റെ ഫോണില്‍ സേവ് ചെയ്തിരുന്നതെന്നും പ്രേസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കി എന്നത് പൊലീസിന്റെ കെട്ടുകഥയെന്നാണ് ദിലീപ് നിലപാടെടുത്തത്. ആകെ പത്ത് പ്രതികളുളള കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്.