തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യാവസ്ഥയില്‍ വീണ്ടും ആശങ്ക. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് അഫാന്‍ പോലീസ് കസ്റ്റഡിയില്‍ കുഴഞ്ഞു വീണു. ബാത്‌റൂമില്‍ പോകാനായി വിലങ്ങ് അഴിച്ചു. ഇതിന് പിന്നാലെയാണ് വീണത്. ഉയരത്തിലുളള പ്ലാറ്റ് ഫോമില്‍ നിന്നാണ് വീണത്. ഇതോടെ അഫാന്‍ ചാടിയതാണോ എന്ന സംശയം ഉയര്‍ന്നു. ഉടനെ കല്ലറയിലെ ആശുപത്രിയില്‍ എത്തിച്ചു. രക്തസമ്മര്‍ദ്ദം തീരെ കുറവായിരുന്നു. ഇതുകൊണ്ടാണ് കുഴഞ്ഞു വീണതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. പോലീസ് അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ച ശേഷം അഫാന്‍ ഉറങ്ങുന്നത് കുറവാണ്. ഇതാണ് രക്തസമ്മര്‍ദ്ദം കുറച്ചതെന്നാണ് ഡോക്ടര്‍മാരുടെ നിരീക്ഷണം. ഈ സാഹചര്യത്തില്‍ അഫാന് ചികില്‍സ തുടരേണ്ട സാഹചര്യമുണ്ട്.

ശുചിമുറിയുടെ തിട്ടയില്‍ നിന്ന് ചാടിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് സംശയിച്ചിരുന്നു. പ്രതി ആത്മഹത്യാപ്രവണത കാണിക്കുന്നതായി പൊലീസ് പറയുന്നുണ്ട്. കൂട്ടക്കൊലക്കേസില്‍ തെളിവെടുപ്പ് നടക്കാനിരിക്കയാണ് നാടകീയ സംഭവങ്ങള്‍. പ്രതി അഫാനെ കൊല നടത്തിയ സ്ഥലങ്ങളില്‍ എത്തിച്ചു തെളിവെടുക്കാനായിരുന്നു പോലീസിന്റെ തീരുമാനം. മുത്തശ്ശി സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പാങ്ങോട് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുള്ളത്. അതിനാല്‍ ആ കേസിന്റെ തെളിവ് ശേഖരണമാണ് പ്രധാനമായി നടത്താനിരുന്നത്. തല കറങ്ങി വീണെങ്കിലും കാര്യമായ ആരോഗ്യ പ്രശ്‌നം അഫാനില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മാല ചോദിച്ചിട്ടു തരാത്തതിനാലാണ് മുത്തശ്ശി സല്‍മാ ബീവിയെ കൊലപ്പെടുത്തിയതെന്ന് അഫാന്‍ കഴിഞ്ഞ ദിവസം പോലീസിനോട് പറഞ്ഞിരുന്നു. കുഴിയില്‍ കാലും നീട്ടിയിരിക്കുന്ന കിളവി മാല ചോദിച്ചിട്ട് തന്നില്ല, അതുകൊണ്ടു കൊന്നതെന്നാണ് അഫാന്‍ പൊലീസിനോട് പറഞ്ഞത്. മൂന്നുദിവസത്തെ കസ്റ്റഡിയില്‍ കിട്ടിയ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് മുത്തശ്ശി കൊലപ്പെടുത്തിയത് എന്തിനെന്ന വിവരം പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിനു ശേഷം മാല ഊരിയെടുത്ത് വെഞ്ഞാറമൂട്ടിലെ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചുവെന്നും അഫാന്‍ പറഞ്ഞു. അഫാനുമായി പൊലീസ് കൊലപാതകം നടന്ന പാങ്ങോടുള്ള വീട്ടിലും, ധനകാര്യ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്താന്‍ പോലീസ് പദ്ധതിയിട്ടിരുന്നു. ഇതിനിടെയാണ് അഫാന്‍ കുഴഞ്ഞു വീണത്.

തന്റെ പേരില്‍ ഉണ്ടായിരുന്ന കാര്‍ നഷ്ടമായതായി അഫാന്റെ പിതാവ് അബ്ദുല്‍ റഹീം പൊലീസിനോട് പറഞ്ഞു. നെടുമങ്ങാട് റജിസ്ട്രേഷനുള്ള കാറാണ് നഷ്ടമായത്. കാര്‍ അഫാന്‍ പണയം വച്ചതാകാം എന്നാണ് നിഗമനം. കാറിനെപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂട്ടകൊലപാതക ദിവസം ഉമ്മയെ ആക്രമിച്ച പ്രതി ചുറ്റിക വാങ്ങി നേരെ പോയത് പിതൃമാതാവിന്റെ വീട്ടിലേക്കായിരുന്നു. അതിനിടെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഷെമിയോട് ഇളയ മകന്‍ മരിച്ച വിവരം കുടുംബം അറിയിച്ചു. മക്കളെ തിരക്കിയപ്പോള്‍ രണ്ടുപേരും അപകടത്തില്‍ പരിക്കേറ്റുവെന്നും, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലും എന്നാണ് പിതാവ് ആദ്യം പറഞ്ഞത്.

മെഡിക്കല്‍ കോളേജില്‍ നിന്ന് അവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഷെമി നിര്‍ദ്ദേശിച്ചപ്പോഴാണ് ഇളയ മകന്‍ മരിച്ച വിവരം അബ്ദുല്‍ റഹീം പറഞ്ഞത്. ഐസിയുവില്‍ തുടരുന്ന ഷെമിയോട് ഘട്ടം ഘട്ടമായി കുടുംബത്തില്‍ നടന്ന ദാരുണ സംഭവങ്ങള്‍ അറിയിക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തു തുടര്‍ന്നായിരുന്നു മരണ വിവരം പറഞ്ഞത്.