- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പ നദിയുടെ തീരപ്രദേശം പരിസ്ഥിതി ലോല മേഖല; അവിടെ സംഗമം നടത്തുന്നത് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള മുന്‍ നിര്‍ദേശങ്ങളുടെ ലംഘനം; ഇത് തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മത സംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താം; സുപ്രീംകോടതിയില്‍ ഹര്‍ജി; ആഗോള അയ്യപ്പ സംഗമം വീണ്ടും നിയമ കുരുക്കിലേക്ക്
ന്യൂഡല്‍ഹി : ആഗോള അയ്യപ്പസംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മറയാക്കി സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയാണെന്ന് ആരോപിച്ചാണ് ഹര്‍ജി. ദൈവത്തിന് അവകാശപ്പെട്ട ദേവസ്വം ഫണ്ട് രാഷ്ട്രീയ പരിപാടികള്‍ക്കായി വിനിയോഗിക്കാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം നാളെ സുപ്രീം കോടതിയില്‍ ഉന്നയിച്ചേക്കും. നേരത്തെ പമ്പാ തീരത്തെ അയ്യപ്പ സംഗമത്തിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.
ഈ സാഹചര്യത്തിലാണ് അയ്യപ്പ ഭക്തനായ ഡോ പി എസ് മഹേന്ദ്ര കുമാറാണ് അയ്യപ്പസംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. അയ്യപ്പസംഗമം സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പരിപാടിയാണ്. നിരീശ്വരവാദികളായ രാഷ്ട്രീയക്കാരെ സംഗമത്തിലേക്ക് ക്ഷണിച്ചതില്‍ നിന്ന് ഇക്കാര്യം വ്യക്തമാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ ഒന്ന് മതേതര്വതം ആണ്. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സീനിയര്‍ അഭിഭാഷകന്‍ പി ബി കൃഷ്ണന്‍, അഭിഭാഷകന്‍ എം എസ് വിഷ്ണു ശങ്കര്‍ തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടിഹാജരാകുന്നത്. ഈ മാസം 20നാണ് അയ്യപ്പ സംഗമം. അതുകൊണ്ട് തന്നെ സുപ്രീംകോടതിയില്‍ നാളെയുണ്ടാകുന്ന തീരുമാനം നിര്‍ണ്ണായകമാണ്.
ആഗോള അയ്യപ്പസംഗമം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മതസംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ കഴിയുമെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആഗോള മതസംഗമം നടത്താന്‍ ചട്ടപ്രകാരം കഴിയില്ല. ദേവസ്വം ബോര്‍ഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടത്തുന്ന പരിപാടിയില്‍ ക്ഷേത്ര ഫണ്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ഹര്‍ജിക്കാരുടെ മറ്റൊരു വാദം. ദേവസ്വം ഫണ്ട് ദൈവത്തിന് അവകാശപ്പെട്ടതാണ്. ദേവസ്വംബോര്‍ഡ് ഫണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കോ, പ്രചാരണങ്ങള്‍ക്കോ വിനിയോഗിക്കാന്‍ പാടില്ല. പമ്പ നദിയുടെ തീരപ്രദേശം പരിസ്ഥിതി ലോല മേഖലയാണ്. അവിടെ അയ്യപ്പ സംഗമം നടത്തുന്നത് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള മുന്‍ നിര്‍ദേശങ്ങളുടെ ലംഘനം ആണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം നടത്താന്‍ ഉപാധികളോടെ അനുമതി നല്‍കിയിരുന്നു ഹൈക്കോടതി. വരവ് ചെലവ് കണക്കുകള്‍ സുതാര്യമായിരിക്കണമെന്നും പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബഞ്ച് നിര്‍ദ്ദേശിച്ചു. പരിസ്ഥിതിയ്ക്കോ വനമേഖലയ്ക്കോ ഹാനികരമായതൊന്നും നടത്തരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. സാധാരണ അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ ഒരു വിധത്തിലും ഹനിക്കുന്നതാവരുത് പരിപാടി എന്നും കോടതി വ്യക്തമാക്കിയിരുന്നു. ആഗോള അയ്യപ്പസംഗമം നടത്തുന്നതില്‍ ഭരണഘടനാ തത്വങ്ങളുടെ ലംഘനമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അയ്യപ്പസംഗമത്തിനുവേണ്ടി ദേവസ്വംബോര്‍ഡോ സര്‍ക്കാരോ പണം ചെലവാക്കുന്നില്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം.
അയ്യപ്പ സംഗമം നടത്തുന്നത് സര്‍ക്കാരാണെന്ന വാദവുമായി ഹൈന്ദവീയം ഫൗണ്ടേഷന്‍ സെക്രട്ടറി കളമശേരി സ്വദേശി എം. നന്ദകുമാര്‍, അഡ്വ. അജീഷ് കളത്തില്‍ ഗോപി തുടങ്ങിയവരാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് വിധി പറഞ്ഞത്. ഇതിനെ തുടര്‍ന്നാണ് ഹര്‍ജി സുപ്രീംകോടതിയില്‍ എത്തുന്നത്.