- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കില്‍ അടിമുടി ദുരൂഹതകള്‍; നിയമസഭയില്‍ മന്ത്രി വാസവന്‍ പറഞ്ഞത് ദേവസ്വം ബോര്‍ഡ് മുന്‍കൂറായി നല്‍കിയ തുക തിരിച്ചടച്ചെന്ന്; ദേവസ്വം നല്‍കിയ തുക തിരിച്ചടച്ചില്ലെന്ന് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടും; നടത്തിപ്പിലും ഗുരുതര ക്രമക്കേടുകള്‍; 500 താഴെ ആളുകള്‍ ഭക്ഷണം കഴിച്ചിടത്ത് 3000 പേര്‍ കഴിച്ചെന്ന് കണക്ക്
ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കില്‍ അടിമുടി ദുരൂഹതകള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മുഖംമിനുക്കാന്‍ വേണ്ടി സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന്റെ മറവില്‍ നടന്നത് ഗുരുതര ക്രമക്കേടുകളെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന്റെ കണക്കുകള്‍ക്ക് വ്യക്തകള്‍ ഇല്ലെന്നാണ് പുറത്തുവരുന്ന വിവരം. മാത്രമല്ല, ഈവിഷയത്തില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചോ എന്ന സംശയവും ഉയരുന്നുണ്ട. സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടു പുറത്തുവുമ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ കള്ളത്തരങ്ങള്‍ ഒന്നൊന്നായി പൊളിയുകയാണ്.
ആഗോള അയ്യപ്പ സംഗമത്തിന് ദേവസ്വം ബോര്‍ഡ് മുന്‍കൂറായി നല്‍കിയ തുക തിരിച്ചുകിട്ടിയിട്ടില്ലെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍, സ്‌പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയ പണം ഉപയോഗിച്ച് ദേവസ്വത്തിന്റെ പണം തിരിച്ചടച്ചെന്നാണ് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ നിയമസഭയില്‍ മറുപടി നല്‍കിയത്. കഴിഞ്ഞ മാസം 28നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇത്തരത്തില്‍ മറുപടി നല്‍കിയത്. ഓഡിറ്റ് വിവരങ്ങള്‍ അടക്കം പരാമര്‍ശിച്ച് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ദേവസ്വം മുന്‍കൂറായി നല്‍കിയ രണ്ടു കോടി തിരിച്ചടച്ചിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ യഥാര്‍ത്ഥ വിവരം സഭയില്‍നിന്ന് മറച്ചാണോ മറുപടി നല്‍കിയതെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.
സ്‌പെഷ്യല്‍ കമ്മീണഷറുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മന്ത്രിയുടെയും സര്‍ക്കാരിന്റെയും വാദമാണ് ഇതോടെ പൊളിഞ്ഞു വീഴുന്നതും. ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കില്‍ അടിമുടി ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ഭക്ഷണത്തില്‍ അടക്കം കണക്കില്‍ ഒട്ടേരെ പൊരുത്തക്കേടുകളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ആഗോള അയ്യപ്പ സംഗമത്തിന് ചെലവഴിച്ച തുകയുടെ ജി എസ് ടി ഇന്‍പുട്ട് ക്രെഡിറ്റ് ലഭിക്കുന്ന കാര്യത്തില്‍ വ്യക്തതയില്ല. ഹോട്ടല്‍ ബില്ലുകളില്‍ പലതിലും ജി എസ് ടി നമ്പര്‍ ഇല്ല.
അതിനാല്‍ ഇന്‍പുട്ട് ക്രെഡിറ്റ് ആയി കിട്ടേണ്ട തുക വാങ്ങാനാവില്ല. കലാ പരിപാടികള്‍ക്ക് എസ്റ്റിമേറ്റിനേക്കാള്‍ കൂടുതല്‍ തുക ചെലവിട്ടു. വി ഐ പി ഏരിയയില്‍ ഭക്ഷണം വിളമ്പിയതിനും കണക്കില്‍ പെടുത്താത്ത തുക ചെലവിട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ദേവസ്വം മുന്‍കൂറായി നല്‍കിയ രണ്ടു കോടി സ്‌പോണ്‍സര്‍ഷിപ്പിലൂടെ തിരിച്ചടച്ചില്ലെന്നും രണ്ടു കോടിയുടെ സ്‌പോണ്‍സര്‍ ആരെന്നതില്‍ അവ്യക്തതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
അതേസമയം, സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മന്ത്രി വിഎന്‍ വാസവന്‍ പ്രതികരിച്ചില്ല. എല്ലാം ദേവസ്വം ബോര്‍ഡ് വിശദീകരിക്കുമെന്ന് പറഞ്ഞ് മന്ത്രി ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു.കണക്കുകള്‍ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒന്നും മറുപടി പറയാന്‍ മന്ത്രി തയ്യാറായില്ല.
ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പില്‍ ഗുരുതര ക്രമക്കേടെന്നും സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമക്കുന്നു. കോടതി ഉത്തരവ് ലംഘിച്ചാണ് പരിപാടി നടന്നതെന്നും സാമ്പത്തിക സുതാര്യതയില്ലെന്നും കൃത്യമായ കണക്കും ബില്ലുകളും ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് പന്തല്‍ നിര്‍മാണം അടക്കം നല്‍കിയത് ടെന്‍ഡര്‍ ഇല്ലാതെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഊരാളുങ്കലിന്റെ സഹസ്ഥാപനമായ ഇവന്റ് കമ്പനിക്കാണ് പത്തു ശതമാനം അധിക തുകയ്ക്ക് കരാര്‍ നല്‍കിയത്. കണക്കുകളില്‍ ജിഎസ്ടി ബില്ലുകള്‍ അടക്കമില്ലാത്തത് ദേവസ്വം ബോര്‍ഡിന് വലിയ നഷ്ടമുണ്ടാക്കുമെന്നും ഉപകരാര്‍ നല്‍കിയതില്‍ കൃത്യമായ കണക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉപകരാറുകള്‍ ഒന്നും ഓഡിറ്റിങിന് ഹാജരാക്കിയിട്ടില്ല. ബില്ലുകള്‍ ഒന്നും ശരി അല്ലെന്നും ഓഡിറ്റര്‍ക്ക് കൃത്യമായ കണക്ക് തിട്ടപ്പെടുത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്
അയ്യപ്പ സംഗമത്തിന്റെ അന്ന് രാത്രിയില്‍ 3000 പേര്‍ ഭക്ഷണം കഴിച്ചെന്നാണ് കണക്ക്. എന്നാല്‍, 500 താഴെ ആളുകള്‍ മാത്രമാണ് ശരിക്കും ഭക്ഷണം കഴിച്ചത്. സംഗമം ദിവസം ഉച്ചയ്ക്ക് 5000 പേര്‍ കഴിച്ചതിന് എട്ടര ലക്ഷം ചെലവായെന്നും കണക്കിലുണ്ട്. എന്നാല്‍, അയ്യപ്പ സംഗമത്തില്‍ ആകെ നാലായിരം പേര്‍ മാത്രം എത്തിയെന്നാണ് സര്‍ക്കാര്‍ കണക്ക്.
150 കിടക്കകള്‍ വാങ്ങിയതില്‍ 50 എണ്ണം കാണാനില്ലെന്നും ബോര്‍ഡില്‍ നിന്നും എടുത്ത രണ്ടുകോടി തിരിച്ചടച്ചില്ലെന്നും കോടതിയിലെത്തി റിപ്പോര്‍ട്ടിലുണ്ട് ഗുരുതര സാമ്പത്തിക അച്ചടക്കമില്ലായ്മയെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടിയിരിക്കയാണ്.
ജിഎസ്ടി ഇനത്തിലും പ്രശ്‌നങ്ങളുണ്ട്. ഇന്‍പുട്ട് ക്രെഡിറ്റായി ബോര്‍ഡിന് അര്‍ഹതയുള്ളത് 1.07 കോടിയ്ക്കാണ്. റിട്ടേണില്‍ കാണിച്ചിരിക്കുന്നത് 45.76 ലക്ഷം മാത്രമാണ്. 61 ലക്ഷത്തോളം രൂപ ബോര്‍ഡിന്റെ ഫണ്ടിലേക്ക് വകയിരുത്തിയിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. 2.80 ലക്ഷത്തിന്റെ കേബിളിങ് വര്‍ക്കുകള്‍ ബില്ലിലുണ്ട്. എന്നാല്‍ അത് നടന്നതായി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
അയ്യപ്പസംഗമം നടത്തിയതുവഴി 3.40 കോടി രൂപയുടെ നഷ്ടം ദേവസ്വം ബോര്‍ഡിനുണ്ടായിട്ടുണ്ടെന്നാണ് വിവരം. ദേവസ്വം ബോര്‍ഡിന്റെയോ സര്‍ക്കാരിന്റെയോ പണം അയ്യപ്പസംഗമത്തിനായി ഉപയോഗിക്കരുതെന്ന നിര്‍ദേശം ഹൈക്കോടതി നല്‍കിയിരുന്നു. സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താമെന്ന് കരുതിയ പണം ലഭിക്കാത്തതിനാല്‍ ദേവസ്വം ബോര്‍ഡിന്റെ സര്‍പ്ലസ് ഫണ്ടില്‍ നിന്ന് മൂന്നുകോടിയിലധികം രൂപ ചെലവാക്കിയയെന്നാണ് റിപ്പോര്‍ട്ട്.


