മാവേലിക്കര: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ധനകാര്യ സ്ഥാാപനത്തിലെ കളക്ഷന്‍ ഏജന്റുമാരുടെ ഭീഷണിയെത്തുടര്‍ന്ന് ചാരുംമൂട് വള്ളികുന്നം കടുവിനാല്‍ മലവിളയില്‍ മരംകയറ്റ തൊഴിലാളിയായ ശശി വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ കുടുംബത്തിന് ഇനിയും നീതി അകലെ. സംഭവം നടന്നിട്ട്് 18 ദിവസമായെങ്കിലും കുടുംബത്തിന് നഷ്ടപരിഹാരം കിട്ടിയിട്ടില്ല. മുത്തൂറ്റില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി കഴിഞ്ഞ 16 ദിവസമായി സമരത്തിലാണ്.

ശശിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ദേശീയ പട്ടികജാതി കമ്മീഷന്റെ കേരള റീജ്യണല്‍ ഓഫീസിലെത്തി ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ അദ്ധ്യക്ഷന്‍ സന്ദീപ് വാചസ്പതി പരാതി പരാതി നല്‍കി. പട്ടികജാതി പീഡന നിരോധന നിയമം അനുസരിച്ച് കേസെടുത്ത സംഭവങ്ങളില്‍ അടിയന്തിര ധനസഹായത്തിന് മരണപ്പെട്ടയാളുടെ കുടുംബത്തിന് അര്‍ഹതയുണ്ട്. ഇത് നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം എന്നാണ് സന്ദീപ് പരാതിയില്‍ ആവശ്യപ്പെട്ടത്.

ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബി.ജെ.പി ആലപ്പുഴ സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശശിയുടെ മൃതദേഹവുമായി കായംകുളത്തെ ഷോപ്പിംഗ് കോംപ്ളക്സും പൊലീസ് സ്റ്റേഷനും ഉപരോധിച്ചിരുന്നു. താമരക്കുളത്തെ ബാങ്ക് പൂട്ടിച്ചത് കൊണ്ട് മാത്രം ബിജെപി സമരം അവസാനിപ്പിക്കില്ലെന്നും ശശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നത് വരെ സമരം തുടരുമെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.

ബിജെപി സമരത്തെ തുടര്‍ന്ന് 3 മുത്തൂറ്റ് ജീവനക്കാര്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. എന്നാല്‍, നാളിതുവരെ പ്രതികളെ പിടികൂടാതെ അവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നേടാന്‍ ഹൈക്കോടതിയില്‍ പോകാന്‍ അവസരമൊരുക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു.

പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള കേസുകളില്‍ നേരിട്ട് ജാമ്യം നല്‍കാന്‍ ഹൈക്കോടതിക്ക് അധികാരം ഇല്ലെന്നിരിക്കെ ഈ കേസില്‍ എസ് സി/ എസ്ടി അട്രോസിറ്റി വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന കാര്യം കോടതിയില്‍ നിന്ന് മറച്ചു വെച്ചു. ബിജെപിയുടെ അഭിഭാഷകന്‍ കേസിന്റെ സ്വഭാവം ശ്രദ്ധയില്‍പ്പെടുത്തിയതോടെ ഹൈക്കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കേസ് തീര്‍പ്പാക്കുകയാണ് ഉണ്ടായത്.

സംഭവം ഇങ്ങനെ:

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ് കുറത്തികാട് ബ്രാഞ്ചില്‍ നിന്നും കളക്ഷന്‍ ഏജന്‍ുമാര്‍ മരണപെട്ട വള്ളിക്കുന്നം പള്ളിക്കത്തറ മേലത്തറയില്‍ ശശിയുടെ വീട്ടിലേക്ക് കയറിവരുകയും 50000/രൂപ ലോണ്‍ എടുത്തതില്‍ അടക്കാനുള്ള 692 രൂപ ചോദിച്ച് ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം. കേട്ടാല്‍ അറയ്ക്കുന്ന വാക്കുകളാള്‍ അധിക്ഷേപിക്കുകയും ചെയ്തു. വീടിനുള്ളില്‍ ഇരുന്ന മൊബൈല്‍ ഫോണ്‍ അകത്ത് കയറി എടുത്ത് ശശിയുടെ മരുമകളുടെ വീട്ടിലേക്ക് വിളിക്കുകയും അവരെയും ആക്ഷേപിക്കുകയും ചെയ്തതായും പരാതിയുണ്ട്. ഒന്നര മണിക്കൂറോളം ഇവരുടെ വീട്ടില്‍ നിന്നും ബഹളം വെക്കുകയും തെണ്ടി ആയാലും പണം തരണമെന്നും തെണ്ടികള്‍ ആയിട്ടും എന്തിനാണ് പണം എടുക്കുന്നത് എന്നും ചോദിച്ചു ഇവരെ ആക്ഷേപിക്കുകയും ചെയ്തു. ഉച്ചക്ക് ശേഷം വീണ്ടും വരുമെന്നും പണം തന്നില്ലങ്കില്‍ നിനക്കൊക്കെ കാണിച്ചു തരാം എന്നും ഭീഷണിപ്പെടുത്തിയ

ഉച്ചക്ക് ശേഷം താമരക്കുളം മുത്തൂറ്റ് മൈക്രോഫിന്‍ കോര്‍പ്പ് ബ്രാഞ്ചില്‍ നിന്നും എടുത്ത 95000/രൂപയുടെ അടവില്‍ 1102രൂപയുടെ കളക്ഷനായി ഒരു സംഘം ആളുകള്‍ വീണ്ടും വീട്ടില്‍ വരുകയും പുറത്തേക്ക് പോകാന്‍ ശ്രമിച്ച ശശിയുടെ സൈക്കിള്‍ ബലമായി പിടിച്ചു വാങ്ങി തടഞ്ഞു വെക്കുകയും ചെയ്തു. ക്ളീനിംഗ് തൊഴിലാളിയായ ഭാര്യ വൈകിട്ട് പണം അടക്കുമെന്ന് അറിയിച്ചിട്ടും കളക്ഷന്‍ കിട്ടാതെ നിന്നെ വിടില്ല എന്ന് ഭീഷണി മുഴക്കി. ഈ രണ്ടു സംഭവങ്ങളില്‍ മനംനൊന്ത ശശി വീടിനുള്ളില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് കുറിപ്പുകള്‍ കൂടി വായിക്കാം

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വള്ളികുന്നം സ്വദേശി ശശിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ദേശീയ പട്ടികജാതി കമ്മീഷന്റെ കേരള റീജ്യണല്‍ ഓഫീസിലെത്തി പരാതി നല്‍കി. സീനിയര്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസര്‍ ജി ധന്യ പരാതി സ്വീകരിച്ചു. പട്ടികജാതി പീഡന നിരോധന നിയമം അനുസരിച്ച് കേസെടുത്ത സംഭവങ്ങളില്‍ അടിയന്തിര ധനസഹായത്തിന് മരണപ്പെട്ടയാളുടെ കുടുംബത്തിന് അര്‍ഹതയുണ്ട്. ഇത് നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം എന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. അനുകൂല തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.


ചാരുംമൂട് വള്ളികുന്നത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഗുണ്ടകളുടെ ഭീഷണിയെത്തുടര്‍ന്ന് പട്ടികജാതിക്കാരനായ ശശി ആത്മഹത്യ ചെയ്ത സംഭവം നടന്നിട്ട് ഇന്നേയ്ക്ക് 18 ദിവസമാകുന്നു. മുത്തൂറ്റില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി കഴിഞ്ഞ 16 ദിവസമായി സമരത്തിലുമാണ്.

ബിജെപിയുടെ സമരത്തെ തുടര്‍ന്ന് 3 മുത്തൂറ്റ് ജീവനക്കാര്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. പക്ഷേ നാളിതുവരെ പ്രതികളെ പിടികൂടാതെ അവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നേടാന്‍ ഹൈക്കോടതിയില്‍ പോകാന്‍ അവസരമൊരുക്കുകയായിരുന്നു പിണറായി പൊലീസ്. കേസ് കോടതിയിലെത്തിയപ്പോഴാണ് പട്ടികജാതി സംരക്ഷകരായി നടിക്കുന്ന ഇടത് സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞത്.

പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള കേസുകളില്‍ നേരിട്ട് ജാമ്യം നല്‍കാന്‍ ഹൈക്കോടതിക്ക് അധികാരം ഇല്ലെന്നിരിക്കെ ഈ കേസില്‍ എസ് സി/ എസ്ടി അട്രോസിറ്റി വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന കാര്യം കോടതിയില്‍ നിന്ന് മറച്ചു വെച്ചായിരുന്നു സര്‍ക്കാര്‍ വക്കീലിന്റെ പ്രകടനം. എങ്കിലും ബഹുമാനപ്പെട്ട ഹൈക്കോടതി കൂടുതല്‍ വാദം കേള്‍ക്കാന്‍ കേസ് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു.

ഇക്കാര്യം അറിഞ്ഞതോടെയാണ് കേസില്‍ ഇടപെടാന്‍ ബിജെപിക്ക് അവസരം കിട്ടിയത്. ബിജെപിയുടെ അഭിഭാഷകന്‍ കേസിന്റെ സ്വഭാവം ശ്രദ്ധയില്‍പ്പെടുത്തിയതോടെ ബഹുമാനപ്പെട്ട ഹൈക്കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കേസ് തീര്‍പ്പാക്കുകയാണ് ഉണ്ടായത്.

ഇനി ചില ചോദ്യങ്ങള്‍.

സര്‍ക്കാരോ സിപിഎം പ്രവര്‍ത്തകരോ പ്രതിസ്ഥാനത്ത് വരാത്ത ഈ കേസില്‍ സര്‍ക്കാര്‍ ആരുടെ ഒപ്പമാണ്? സര്‍ക്കാര്‍ ഏജന്റായ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് സര്‍ക്കാര്‍ നയം നടപ്പാക്കാന്‍ ഉത്തരവാദിത്തമില്ലേ? അതോ മുതലാളിക്കൊപ്പം എന്നതാണോ പിണറായി സര്‍ക്കാര്‍ നയം?

പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്നവര്‍ എന്ന് അവകാശവാദം ഉന്നയിക്കുന്ന ഇടത് സര്‍ക്കാരിന് കൂലിത്തൊഴിലാളിയായ പട്ടികജാതിക്കാരന്റെ കുടുംബത്തിന് നീതി കിട്ടണമെന്ന് താത്പര്യം ഇല്ലാത്തത് എന്തു കൊണ്ടാണ്? പ്രതികള്‍ അനായാസമായി ജാമ്യം കിട്ടി ഇറങ്ങിപ്പോകണമെന്ന് തീരുമാനിച്ചത് ആരാണ്? പട്ടികജാതിക്കാരന്‍, കര്‍ഷകത്തൊഴിലാളി എന്നിവയൊന്നും പിണറായി സര്‍ക്കാരിന്റെ പരിഗണനാ പട്ടികയില്‍ ഇല്ലാത്തത് എന്തുകൊണ്ട്? നിങ്ങളുടെ നയം എന്തായാലും ബിജെപി ഇരകള്‍ക്കൊപ്പമാണ്. നീതി ഉറപ്പാക്കാന്‍ ബിജെപി ഉണ്ടാകും.

ഒപ്പമുണ്ട്, ബിജെപി