ഡല്‍ഹി: രാജ്യത്തെ നടക്കിയ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെ അപകടകാരണത്തെ സംബന്ധിച്ച് ഒട്ടേറെ ചോദ്യങ്ങളാണ് ഉയരുന്നത്. അപകടത്തിനു തൊട്ടുമുന്‍പ് പൈലറ്റുമാര്‍ തമ്മില്‍ സംസാരിച്ചതിന്റെ ഏതാനും വാചകങ്ങളും വിമാനത്തിന്റെ എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ച് ഓഫായതിനെപ്പറ്റിയുമാണ് അന്വേഷണ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നത്. അപകടത്തിന്റെ ഏറ്റവും സാധ്യതയുള്ള പ്രാഥമിക കാരണമാകാം ഇതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ ഈ കണ്ടെത്തലുകള്‍ മനുഷ്യ പിഴവുകളുടെ സൂചനയായി വ്യാഖ്യാനിക്കാന്‍ ആരംഭിച്ചതോടെ ബോയിങ് കമ്പനിയെ രക്ഷിക്കാനുള്ള ശ്രമമാണോ എന്ന സംശയമാണ് ഉയരുന്നത്.

എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തിയ പ്രാഥമിക പരിശോധനയിലാണ് കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറില്‍ രേഖപ്പെടുത്തിയ പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണം പുറത്തായത്. എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്നതിനുള്ള സ്വിച്ചുകള്‍ ഓഫ് ചെയ്തതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍.

ഈ സ്വിച്ചുകളുമായി ബന്ധപ്പെട്ടായിരുന്നു പൈലറ്റുമാര്‍ തമ്മിലെ സംഭാഷണം.സ്വിച്ചുകള്‍ ഓഫ് ചെയ്തത് ആരാണെന്ന് പൈലറ്റുമാരില്‍ ഒരാള്‍ മറ്റേയാളോട് ചോദിക്കുന്നത് കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറില്‍ കേള്‍ക്കാം. ഓഫ് ചെയ്തത് താനല്ലെന്ന് പൈലറ്റ് മറുപടി നല്‍കുന്നുണ്ട്. സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഓണ്‍ ചെയ്തു. എന്നാല്‍, എന്‍ജിനുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതിനു മുന്‍പേ വിമാനം തകര്‍ന്നുവീഴുകയായിരുന്നു.

അതേസമയം, സ്വിച്ചുകള്‍ ആകസ്മികമായി ഓഫാകുന്നത് സാധ്യമല്ലെന്നാണ് വിലയിരുത്തല്‍. സ്പ്രിംഗ്-ലോഡഡ് സ്വിച്ചുകളില്‍, അവയെ സംരക്ഷിക്കാന്‍ ഇരുവശത്തും ബ്രാക്കറ്റുകളുണ്ട്. കൂടാതെ ഒരു സ്റ്റോപ്പ് ലോക്ക് സംവിധാനവുമുണ്ട്. ഇത് പൈലറ്റുമാര്‍ക്ക് സ്വിച്ച് മുകളിലേക്ക് ഉയര്‍ത്തുന്നതിന് മുമ്പ് അതിന്റെ രണ്ട് സ്ഥാനങ്ങളായ റണ്‍, കട്ട്-ഓഫ് എന്നിവയില്‍ ഒന്നിലേക്ക് നീക്കേണ്ടതുണ്ട്.

മാനുഷിക പിഴവെന്ന് വരുത്താന്‍ ശ്രമമോ?

വിമാനം പറന്നുയര്‍ന്നു വെറും 3 സെക്കന്‍ഡിനുള്ളില്‍, എന്‍ജിനിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ ഓഫ് ആയതാണ് അപകടത്തിനു കാരണമായതെന്നാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക നിഗമനം.

രണ്ട് ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുകളും ഒന്നിനു പിറകേ ഒന്നായി ഓണ്‍ ആക്കുകയും ഓഫാക്കുകയും ചെയ്തതെന്തിനെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. എന്‍ജിന്‍ റീ സ്റ്റാര്‍ട്ട് ചെയ്യാനാണു പൈലറ്റുമാര്‍ ഇവ ഓണും ഓഫും ചെയ്തതെങ്കില്‍, എന്തായിരുന്നു അതിനുള്ള സാഹചര്യമെന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്. എന്‍ജിന്‍ തകരാര്‍, വൈദ്യുതി തകരാര്‍ തുടങ്ങിയ സാധ്യതകളൊന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. ഇതെന്തുകൊണ്ടാണെന്നും വ്യക്തമല്ല.

വിമാനം പറന്നുയര്‍ന്ന വേഗം, ഫ്‌ലാപ് ക്രമീകരണം എന്നിവ തൃപ്തികരമായിട്ടും എന്‍ജിന്‍ റീ സ്റ്റാര്‍ട്ട് ചെയ്യേണ്ടി വന്നെങ്കില്‍ എന്താണു കാരണമെന്നും കണ്ടെത്തേണ്ടതുണ്ട്. ഒന്നാം എന്‍ജിന്‍ റീ സ്റ്റാര്‍ട്ട് ചെയ്ത ശേഷം രണ്ടാമത്തേത്ത് ഓണ്‍ ആക്കാന്‍ വീണ്ടും 4 സെക്കന്‍ഡ് എടുത്തു. ഓഫ് ചെയ്യുമ്പോള്‍ ഒരു സെക്കന്‍ഡ് മാത്രമായിരുന്നു ഇടവേള. എന്തിനു സ്വിച്ച് ഓഫ് ചെയ്തുവെന്ന് ഒരു പൈലറ്റ് ചോദിക്കുമ്പോള്‍, താന്‍ ചെയ്തില്ലെന്നു രണ്ടാമന്‍ മറുപടി പറയുന്നതില്‍ ദുരൂഹത സംശയിക്കുന്നുണ്ട്. സ്വാഭാവിക റീ സ്റ്റാര്‍ട്ട് ശ്രമമെങ്കില്‍ പിന്നെന്തുകൊണ്ട് ഇത്തരമൊരു ചോദ്യവും മറുപടിയുമെന്നാണ് ഉയരുന്ന ചോദ്യം. ചോദ്യവും ഉത്തരവും ആരുടേതെന്നു വ്യക്തമാക്കാത്തത് ഇരു പൈലറ്റുമാരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ്. കോക്പിറ്റിലെ പൂര്‍ണമായ സംഭാഷണം പുറത്തുവിടാതെ, ചില വാചകങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് റിപ്പോര്‍ട്ടില്‍ ചേര്‍ത്തത് എന്തിനെന്ന ചോദ്യവുമുയരുന്നു.

ലോക്കിങ് സിസ്റ്റത്തിന്റെ തകരാര്‍ മൂലം ബോയിങ് വിമാനങ്ങളില്‍ ഇന്ധന നിയന്ത്രണ സ്വിച്ച് നീങ്ങാനിടയുണ്ടെന്ന 2018ലെ എഫ്എഎ മാര്‍ഗരേഖയില്‍ എയര്‍ഇന്ത്യ പരിശോധന നടത്താതിരുന്നത് എന്തുകൊണ്ട് എന്നതിനും മറുപടി ലഭിക്കേണ്ടതുണ്ട്. അനുവദനീയമായ ഭാരം മാത്രമാണു വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴുണ്ടായിരുന്നത്. വിമാനത്തില്‍ അപകടകരമായ വസ്തുക്കളൊന്നുമുണ്ടായിരുന്നില്ല. വിമാനത്തില്‍ സഞ്ചാരവഴിയില്‍ പക്ഷിശല്യം ഉണ്ടായിരുന്നില്ല. വിമാനത്തിന്റെ ഇന്ധനത്തില്‍ മറ്റു വസ്തുക്കളൊന്നും കലര്‍ന്നിരുന്നില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. പൈലറ്റുമാരെ മാത്രം ബലിയാടാക്കി ബോയിങ് അടക്കമുള്ള കമ്പനികളെ രക്ഷിക്കാന്‍ ശ്രമമെന്ന ആക്ഷേപവും റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഉയരുന്നുണ്ട്.




വ്യോമയാന വിദഗ്ധര്‍ പറയുന്നത്:

പ്രാഥമിക റിപ്പോര്‍ട്ടിനെ മാത്രം അടിസ്ഥാനമാക്കി അപകടം മാനുഷിക പിഴവെന്ന നിഗമനത്തിലെത്തുന്നത് വളരെ അകാലമാണെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. റിപ്പോര്‍ട്ട് ചില പ്രധാന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നുണ്ടെങ്കിലും, സൂക്ഷ്മമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ വ്യക്തത വരുത്താന്‍ കഴിയൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം. വിഷയത്തില്‍ എടുത്തുചാടി നിഗമനങ്ങളില്‍ എത്തരുതെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി കെ റാം മോഹന്‍ നായിഡു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായം പറയുന്നതോ ഏതെങ്കിലും നിഗമനത്തിലെത്തുന്നതോ ഉചിതമല്ലെന്ന് സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മൊഹോള്‍ പറഞ്ഞു.

ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ കട്ട്-ഓഫ് മോഡിലേക്ക് പോയി എന്ന പ്രാഥമിക കണ്ടെത്തല്‍ ശരിക്കും ഞെട്ടിപ്പിക്കുന്നതാണെന്ന്, വിമാനാപകടം അന്വേഷക്കുന്ന മുന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇപ്പോള്‍ ഏറ്റവും സാധ്യതയുള്ള കാരണമുണ്ട്. എങ്ങനെ അപകടം ഉണ്ടായെന്നും എന്തുകൊണ്ട് സംഭവിച്ചെന്നും കണ്ടെത്താന്‍ അവര്‍ അന്വേഷിക്കണം. അന്തിമ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉത്തരം നല്‍കേണ്ട പ്രധാന ചോദ്യങ്ങളാണിവ. യഥാര്‍ത്ഥ അന്വേഷണം ഇപ്പോഴാണ് ആരംഭിച്ചത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ 12നായിരുന്നു രാജ്യത്തെ നടുക്കിയ ആകാശ ദുരന്തം ഉണ്ടായത്. ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു വിമാനം തകര്‍ന്നുവീണത്. ബിജെ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന ഹോസ്റ്റലിലേക്കും മെസ്സിലേക്കുമായിരുന്നു വിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ അടക്കം 242 പേരില്‍ 241 പേരും മരിച്ചു. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ അബദ്ധത്തില്‍ ഓഫാകുമോ?

അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നത് മുതല്‍ ഫ്യൂവല്‍ കണ്‍ട്രോള്‍ സ്വിച്ചുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ ചര്‍ച്ചകളും ഉയര്‍ന്നുവരുന്നത്. എന്താണ് വിമാനത്തിലെ ഫ്യൂവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ എന്താണെന്നും അവയുടെ പ്രവര്‍ത്തനം എങ്ങനെയാണെന്നും പരിശോധിച്ചാല്‍ അത്ര എളുപ്പത്തില്‍ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും കഴിയുന്ന സ്വിച്ചല്ലെന്ന് വ്യക്തമാകും.

കോക്ക്പിറ്റില്‍ പൈലറ്റുമാരുടെ സീറ്റുകള്‍ക്കിടയിലുള്ള സെന്‍ട്രല്‍ പെഡസ്റ്റലില്‍ ത്രോട്ടില്‍ ലിവറുകള്‍ക്ക് തൊട്ടുപിന്നിലായി ആണ് ബോയിംഗ് 787 ഡ്രീംലൈനറിലെ ഫ്യൂവല്‍ കണ്‍ട്രോള്‍ സ്വിച്ചുകളുള്ളത്. ഓരോ എഞ്ചിനും ഓരോ സ്വിച്ച് ആണ്. ഇവയില്‍ വ്യക്തമായി 'RUN' എന്നും 'CUTOFF' എന്നും അടയാളപ്പെടുത്തിയിട്ടുണ്ടാകും. റണ്‍ പൊസിഷനില്‍ ആയിരിക്കുമ്പോള്‍ എഞ്ചിനിലേക്ക് ഇന്ധനം ഒഴുകും. വിമാനം പറക്കുന്ന സമയത്ത് സ്വിച്ചുകള്‍ റണ്‍ പൊസിഷനില്‍ ആയിരിക്കും. കട്ട് ഓഫ് പൊസിഷനില്‍ ആയാല്‍ എന്‍ജിനിലേക്കുള്ള ഇന്ധന വിതരണം പൂര്‍ണ്ണമായും നിലയ്ക്കും. ഇതോടെ എഞ്ചിന്‍ ഷട്ട് ഡൗണ്‍ ആകും.

ഗ്രൗണ്ടില്‍ വെച്ച് എഞ്ചിനുകള്‍ സ്റ്റാര്‍ട്ട് ചെയ്യാനും ലാന്‍ഡിംഗിന് ശേഷം ഷട്ട്ഡൗണ്‍ ചെയ്യാനും പൈലറ്റുമാര്‍ ഈ സ്വിച്ചുകളാണ് ഉപയോഗിക്കുന്നത്. പറക്കുന്നതിനിടെ എഞ്ചിന്‍ തകരാറിലായാല്‍ ഉദാഹരണത്തിന്, എഞ്ചിന്‍ തീപിടിക്കുകയോ ഗുരുതരമായ തകരാറുകള്‍ സംഭവിക്കുകയോ ചെയ്താല്‍, പൈലറ്റുമാര്‍ക്ക് ഈ സ്വിച്ചുകള്‍ ഉപയോഗിച്ച് എഞ്ചിന്‍ ഷട്ട്ഡൗണ്‍ ചെയ്യാന്‍ കഴിയും. അത്യപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഇത് വേണ്ടിവരിക.

അബദ്ധത്തില്‍ ചലിപ്പിക്കാതിരിക്കാന്‍ പ്രത്യേക ഡിസൈന്‍ ആണ് സ്വിച്ചുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ചുറ്റും ബ്രാക്കറ്റുകള്‍ ഉണ്ട്. അതിനാല്‍ തന്നെ സ്വിച്ചുകള്‍ അറിയാതെ തട്ടുന്ന സാഹചര്യം ഉണ്ടാകുന്നില്ല. ഇനി റണ്‍ പൊസിഷനില്‍ നിന്ന് കട്ട് ഓഫ് പൊസിഷനിലേക്ക് മാറ്റണമെങ്കില്‍, പൈലറ്റ് ആദ്യം സ്വിച്ച് മുകളിലേക്ക് വലിക്കേണ്ട രീതിയില്‍ പ്രത്യേകമായിട്ടാണ് ക്രമീകരണം അബദ്ധത്തിലോ കൈ തട്ടിയോ രണ്ടു സ്വിച്ചുകളും ഒരുപോലെ ഓഫാകാനുള്ള സാധ്യത തീരെയില്ലെന്ന് പറയാം.

ഓരോ സ്വിച്ചും അവയുടെ ഇന്ധന വാല്‍വുകളും സ്വതന്ത്ര സംവിധാനമാണ്. ഒരു സ്വിച്ചിന് തകരാര്‍ വന്നാലും രണ്ടാമത്തേതിനെ ബാധിക്കാതിരിക്കാന്‍ ആണിത്. പറക്കുന്നതിനിടെ സ്വിച്ച് കട്ട് ഓഫിലേക്ക് മാറ്റി, പിന്നീട് റണ്ണിലേക്ക് തിരിച്ചിട്ടാല്‍ എഞ്ചിന്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങും. എന്നാല്‍, ഇതിന് രണ്ടു മിനിറ്റിലേറെ സമയം വേണം. അതിനാല്‍ തന്നെ വിമാനം വളരെ താഴ്ന്ന അവസ്ഥയില്‍ ആയിരിക്കുമ്പോള്‍ പൈലറ്റുമാര്‍ ഒരിക്കലും സ്വിച് ഓഫ് സാഹസത്തിന് മുതിരില്ല.