ബെര്‍ലിന്‍: എഐ അതിരുവിട്ടതോടെ പലപ്പോഴും അതിന്റെ ദൂഷ്യവശങ്ങള്‍ക്ക് ഇരയാകുന്നത് നമ്മുടെ നാട്ടില്‍ സിനിമതാരങ്ങളാണെങ്കില്‍ ജര്‍മ്മനിയില്‍ പൊലീസുകാരും എഐകാരണം പൊറുതിമുട്ടിയിരിക്കുകയാണ്. അതും വനിതാ പൊലീസുകാര്‍. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ച് നടക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെയാണ് ജര്‍മ്മന്‍ പോലീസ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

വനിതാ പോലീസുകാരുടെ യൂണിഫോമിലുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന നിരവധി സാമൂഹിക മാധ്യമ പ്രൊഫൈലുകള്‍ അടുത്തിടെ വര്‍ദ്ധിച്ചതായി ഹാമ്പുര്‍ഗ് പോലീസ് അറിയിച്ചു. ഇത്തരം വ്യാജ അക്കൗണ്ടുകളിലൂടെ പുരുഷന്മാരെ പണം നല്‍കിയുള്ള വെബ്‌സൈറ്റുകളിലേക്ക് ആകര്‍ഷിച്ച് എഐയില്‍ സൃഷ്ടിച്ച കൂടതല്‍ ചിത്രങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി. പോലീസിന്റെ പ്രതിച്ഛായയ്ക്ക് ഇത് ദോഷകരമാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.

'ഹാമ്പുര്‍ഗ് പോലീസിലെ വനിതാ സഹപ്രവര്‍ത്തകരുടേതെന്ന് കരുതുന്ന നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച സാമൂഹിക മാധ്യമ പ്രൊഫൈലുകളെക്കുറിച്ച് വര്‍ദ്ധിച്ചുവരുന്ന പരാതികള്‍ ലഭിക്കുന്നുണ്ട്,' പോലീസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. പോലീസ് വക്താവ് ഫ്‌ലോറിയന്‍ അബ്ബെന്‍സെത്ത് കൂട്ടിച്ചേര്‍ത്തു: 'ഇത്തരം പ്രൊഫൈലുകള്‍ പോലീസിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നു, അതുകൊണ്ടാണ് ഞങ്ങള്‍ ഇവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുന്നത്. ശരീര ഭാ ഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ളതാണ് പല ചിത്രങ്ങളും.




ചില ചിത്രങ്ങളില്‍ യുവതികള്‍ പുരുഷന്മാരോട് ചേര്‍ന്ന നിന്ന് കൊണ്ട് പല പോസുകളില്‍ നില്‍ക്കുന്ന ചിത്രങ്ങളും വ്യാജമായി നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ചില ചിത്രങ്ങളില്‍ യൂണിഫോമിന്റെ സിപ്പ് തുറന്നിരിക്കുന്നതായും മറ്റു ചിലതില്‍ ഒരാള്‍ വനിതാ ഉദ്യോഗസ്ഥയുടെ പിന്നില്‍ നിന്ന് ഫോട്ടോയെടുക്കുന്നതായും കാണാം. എന്നാല്‍ ഫോട്ടോയിലുള്ള പുരുഷന്‍ യഥാര്‍ത്ഥമാണോ നിര്‍മ്മിത ബുദ്ധിയാണോ എന്ന് വ്യക്തമല്ല. സാമൂഹിക മാധ്യമങ്ങളിലെ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും, പോലീസിന്റെ പേരില്‍ വരുന്ന സംശയാസ്പദമായ അക്കൗണ്ടുകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനും അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥര്‍ തങ്ങള്‍ പോലീസുകാരാണെന്ന് വെളിപ്പെടുത്തുന്ന വിവരങ്ങള്‍ ഇന്‍സ്റ്റാഗ്രാം, ടിക് ടോക് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ പങ്കുവെക്കുന്നത് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കുറ്റവാളികള്‍ക്ക് അവരെ തിരിച്ചറിയാനും ടാര്‍ഗെറ്റ് ചെയ്യാനും എളുപ്പമാക്കും എന്നും അധികൃതര്‍ പറയുന്നു.