ഷാങ്ഹായ്: ഹാങ്ഷൗവില്‍ നിന്ന് സിയോളിലേക്കുള്ള എയര്‍ ചൈനയുടെ എയര്‍ബസ് സിഎ139 വിമാനത്തില്‍ യാത്രക്കിടയില്‍ തീപിടുത്തം. ഇരിപ്പിടങ്ങളുടെ മുകളിലുള്ള ബാഗേജ് കംപാര്‍ട്ട്മെന്റിനുള്ളില്‍ സൂക്ഷിച്ചിരുന്ന ലിഥിയം ബാറ്ററിയിലാണ് തീപിടിച്ചത്. മുകളിലേക്കു തീ പടരുന്നതും പുക നിറയുന്നതും കണ്ട് യാത്രക്കാര്‍ നിലവിളിച്ച സാഹചര്യത്തില്‍ വിമാനം അടിയന്തിരമായി ഷാങ്ഹായിലേക്കു തിരിച്ചിറക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വിമാന ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. തീ പടരാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഉടന്‍തന്നെ ഫയര്‍ എക്സ്റ്റിങ്വിഷര്‍ ഉപയോഗിച്ച് തീ അണച്ചു. ആരും പരിക്കേല്‍ക്കാതെ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തില്‍ നിന്ന് ഇറക്കിയെന്നും അധികൃതര്‍ അറിയിച്ചു. സാധനങ്ങള്‍ക്കൊന്നും തകരാര്‍ സംഭവിച്ചിട്ടില്ല. വിമാനങ്ങളിലെ ചില പോര്‍ട്ടബിള്‍ ബാറ്ററികള്‍ക്ക് ചൈന നിരോധനം ഏര്‍പ്പെടുത്തി മാസങ്ങള്‍ക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്. ഈ ബാറ്ററികള്‍ വിമാനങ്ങളില്‍ അപകടഭീതി ഉയര്‍ത്തുന്നുവെന്ന് ചൈനീസ് സര്‍ക്കാരിന് സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മാധ്യമങ്ങളില്‍ വൈറലായതോടെ വിമാനസുരക്ഷയെക്കുറിച്ച് വീണ്ടും ചര്‍ച്ചയുയര്‍ന്നു. ലിഥിയം ബാറ്ററികള്‍ ഉള്‍പ്പെടുന്ന ഉപകരണങ്ങള്‍ വിമാനയാത്രയില്‍ അപകടഭീഷണി ഉയര്‍ത്തുന്നുവെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ വീണ്ടും ഉന്നയിക്കുന്നത്.

മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, പവര്‍ ബാങ്കുകള്‍, ഇ-സിഗരറ്റുകള്‍ തുടങ്ങിയ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികള്‍ കേടുപാടുകള്‍ സംഭവിക്കുകയോ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുകയോ ചെയ്താല്‍ തീപിടുത്തമുണ്ടാകാനിടയുണ്ടെന്ന് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സംഭവം അതിന്റെ യഥാര്‍ത്ഥ ഭീഷണി ലോകത്തിന് മുന്നില്‍ വീണ്ടും തെളിയിച്ചു.