- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സഹപൈലറ്റിനായിരുന്നു വിമാനം പറത്തുന്ന ചുമതല; പൈലറ്റ് ഇന്‍ കമാന്‍ഡിന് പൈലറ്റ് മോണിറ്ററിങ് ചുമതലയും; പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം ഇന്ധന കട്ട് ഓഫ് സ്വിച്ചുകള്‍ പെട്ടെന്ന് 'റണ്‍' മോഡില്‍നിന്ന് 'സ്വിച്ച് ഓഫ്' മോഡിലേക്ക്; എഞ്ചിനുകള്‍ രണ്ടും ആകാശത്തുവെച്ച് നിലച്ചു; വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ല; ഫ്യൂവല്‍ സ്വിച്ചിന്റെ തകരാറോ മനഃപൂര്‍വം സ്വിച്ച് ഓഫാക്കിയതോ? ബോയിങ്ങിന്റെ പിഴവോ? അന്ന് അഹമ്മദബാദില്‍ സംഭവിച്ചതെന്ത്?
ഫ്യൂവല്‍ സ്വിച്ചിന്റെ തകരാറോ മനഃപൂര്‍വം സ്വിച്ച് ഓഫാക്കിയതോ? ബോയിങ്ങിന്റെ പിഴവോ? അന്ന് അഹമ്മദബാദില്‍ സംഭവിച്ചതെന്ത്?
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സംഭവത്തിന്റെ ദുരൂഹത വര്‍ധിക്കുകയാണ്. പറന്നുയര്‍ന്ന് സെക്കന്റുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എഞ്ചിനുകളുടേയും പ്രവര്‍ത്തനം നിലച്ചതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ വിമാനം പറന്നുയര്‍ന്ന ശേഷം ഓഫായതായി അന്വേഷണത്തില്‍ കണ്ടെത്തി. ആരാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതിന്റെയും 'താന്‍ ചെയ്തിട്ടില്ലെന്ന്' മറുപടി പറയുന്നതും വോയ്സ് റെക്കോഡില്‍ ഉണ്ട്. ഇതാണ് അപകടത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്. മനപൂര്‍വം ചെയ്തതാണോ, ആതോ ഫ്യൂവല്‍ സ്വിച്ചിന്റെ തകരാറോ, ബോയിങ്ങിന്റെ പരിശോധനയിലെ പിഴവോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് 32 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് എയര്‍ ഇന്ത്യവിമാനം തകര്‍ന്നു വീണത്. 270 ആളുകള്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. എന്‍ജിനുകളിലേക്ക് ഇന്ധനമെത്തിക്കുന്ന സ്വിച്ച് 'ഓഫ്' ആയി എന്നാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എഎഐബി) റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ധന സ്വിച്ച് ഓഫ് ആക്കിയത് ആരാണെന്ന് ഒരു പൈലറ്റ് ചോദിക്കുന്ന ശബ്ദരേഖ അന്വേഷണസംഘത്തിന് ലഭിച്ചു. മനഃപൂര്‍വം സ്വിച്ച് ഓഫാക്കിയതാണോ, സാങ്കേതിക തകരാറാണോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായ അന്വേഷണത്തിലൂടെയേ പുറത്തുവരൂ.
15 പേജുള്ള റിപ്പോര്‍ട്ടാണ് പ്രാഥമിക അന്വേഷണത്തിനൊടുവില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം എഞ്ചിനുകള്‍ രണ്ടും ആകാശത്തുവെച്ച് നിലച്ചു. ഫ്യൂവല്‍ സ്വിച്ചുകള്‍ ഒരു സെക്കന്‍ഡിനുള്ളില്‍ റണ്‍ പൊസിഷനില്‍ നിന്ന് കട്ട് ഓഫ് സ്ഥാനത്തേക്ക് നീങ്ങി. 'എന്തിനാണ് കട്ട് ഓഫ് ചെയ്തത്?' എന്ന് ഒരു പൈലറ്റ് ചോദിച്ചതായും മറ്റേയാള്‍ 'ഞാന്‍ ചെയ്തില്ല' എന്ന് മറുപടി പറഞ്ഞതായും കോക്ക്പിറ്റ് ഓഡിയോ സ്ഥിരീകരിക്കുന്നു. എഞ്ചിനുകള്‍ക്ക് ശക്തി നഷ്ടപ്പെട്ടപ്പോള്‍, അടിയന്തര ഹൈഡ്രോളിക് പവര്‍ നല്‍കുന്നതിനായി റാം എയര്‍ ടര്‍ബൈന്‍ ( RAT) സ്വയം വിന്യസിക്കപ്പെട്ടു. എഎഐബിക്ക് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ റാം എയര്‍ ടര്‍ബൈന്‍ പ്രവര്‍ത്തിക്കുന്നത് വ്യക്തമാണ്.
പൈലറ്റുമാര്‍ എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒന്നാം എഞ്ചിന്‍ ഭാഗികമായി പ്രവര്‍ത്തനക്ഷമമായെങ്കിലും രണ്ടാം എഞ്ചിന്‍ പ്രവര്‍ത്തനക്ഷമമായില്ല. വിമാനം 32 സെക്കന്‍ഡ് മാത്രമാണ് ആകാശത്തുണ്ടായിരുന്നത്. വിമാനത്തില്‍ നിറച്ച ഇന്ധനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടേക്ക് ഓഫിനുള്ള ഫ്‌ലാപ്പ് ക്രമീകരണവും ഗിയര്‍ പൊസിഷനും സാധാരണ നിലയിലായിരുന്നു. പക്ഷികളുടെ സാന്നിധ്യമോ കാലാവസ്ഥാ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല. അപകടകരമായ വസ്തുക്കളൊന്നും വിമാനത്തില്‍ ഉണ്ടായിരുന്നില്ല. തെളിഞ്ഞ ആകാശവും വ്യക്തമായ ദൃശ്യപരതയും നേരിയ കാറ്റുമായിരുന്നു ഉണ്ടായിരുന്നത്. പരിചയ സമ്പന്നരായ പൈലറ്റുമാരായിരുന്നു വിമാനം പറത്തിയതെന്നും കൃത്യമായ വിശ്രമം ലഭിച്ചിരുന്നതായും വൈദ്യപരിശോധനയില്‍ ഇവര്‍ക്ക് യാതൊരു ആരോഗ്യപ്രശ്‌നങ്ങളും കണ്ടെത്തിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.
അപകട ദിവസം വിമാനം പിന്തുടര്‍ന്ന നടപടിക്രമങ്ങള്‍
ജൂണ്‍ 12ന് എയര്‍ ഇന്ത്യയുടെ ബി 787-8 വിമാനം (എഐ423) ഡല്‍ഹിയില്‍നിന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ 11.17ന് ഇറങ്ങി ബേ 34ല്‍ പാര്‍ക്ക് ചെയ്തു. ഇതിലെ ജീവനക്കാര്‍ പൈലറ്റ് ഡിഫക്ട് റിപ്പോര്‍ട്ട് (പിഡിആര്‍) തയാറാക്കി. എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍ ഫ്ളൈറ്റ് ഇന്ററപ്ഷന്‍ മാനിഫെസ്റ്റ് (എഫ്ഐഎം) പ്രകാരം പരിശോധനകളും പരിഹാരനടപടികളും സ്വീകരിച്ച് 12.10ന് തുടര്‍യാത്രയ്ക്കായി വിട്ടു നല്‍കി.
എഐ171 എന്ന പേരില്‍ അഹമ്മദാബാദില്‍നിന്ന് ഗാറ്റ്വിക്കിലേക്ക് 1.10നാണ് പറക്കാന്‍ നിശ്ചയിച്ചിരുന്നത്. മുംബൈയില്‍നിന്നുള്ള രണ്ടു പൈലറ്റ്മാരും തലേന്നുതന്നെ അഹമ്മദാബാദില്‍ എത്തിയിരുന്നു. പത്ത് ക്യാബിന്‍ ക്രൂവാണ് ഇവര്‍ക്കു പുറമേ ഉണ്ടായിരുന്നത്. വിമാനം പറത്തുന്നതിനു മുന്‍പ് പൈലറ്റുമാര്‍ക്ക് ആവശ്യത്തിന് വിശ്രമസമയം ലഭിച്ചിരുന്നു. സഹപൈലറ്റിനായിരുന്നു വിമാനം പറത്തുന്ന (പൈലറ്റ് ഫ്ളൈയിങ്) ചുമതല. പൈലറ്റ് ഇന്‍ കമാന്‍ഡിന് പൈലറ്റ് മോണിറ്ററിങ് (പിഎം) ചുമതലയായിരുന്നു.
പൈലറ്റുമാര്‍ വിമാനത്താവളത്തില്‍ എത്തി 11.55ന് ബ്രത്ത് അനലൈസര്‍ പരിശോധന നടത്തി. ഇരുവരും വിമാനം പറത്താന്‍ യോഗ്യരാണെന്നു കണ്ടെത്തി. സിസിടിവി പ്രകാരം 12.35ന് ജീവനക്കാര്‍ ബോര്‍ഡിങ് ഗേറ്റിലെത്തി.
230 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 15 യാത്രക്കാര്‍ ബിസിനസ് ക്ലാസിലും ഇക്കണോമി ക്ലാസില്‍ 215 യാത്രക്കാരുമുണ്ടായിരുന്നു. രണ്ടു കുഞ്ഞുങ്ങളും വിമാനത്തിലുണ്ടായിരുന്നു.
54,200 കിലോ ഇന്ധനമാണ് വിമാനത്തില്‍ നിറച്ചിരുന്നത്. ടേക്ക് ഓഫ് ഭാരം 2,12,401 കിലോ ആയിരുന്നു. (പരമാവധി അനുവദനീയം - 2,18,183 കിലോ). ടേക്ക് ഓഫ് വെയ്റ്റ് നിശ്ചിതപരിധിക്കുള്ളിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്തില്‍ അപകടകരമായ വസ്തുക്കള്‍ ഉണ്ടായിരുന്നില്ല.
ബേ 34ല്‍നിന്ന് എത്തിച്ച വിമാനത്തിന് 1.37ന് ടേക്ക് ഓഫ് ക്ലിയറന്‍സ് നല്‍കി. എന്‍ഹാന്‍സ്ഡ് എയര്‍ബോണ്‍ ഫ്ളൈറ്റ് റെക്കോര്‍ഡര്‍ (ഇഎആര്‍എഫ്) പ്രകാരം 1.38ന് വിമാനം ടേക്ക് ഓഫ് ഡിസിഷന്‍ സ്പീഡ് കൈവരിച്ച് 153 നോട്സ് (മണിക്കൂറില്‍ 176.06 മൈല്‍) വേഗത്തിലെത്തി. തൊട്ടുപിന്നാലെ 155 നോട്സ് വേഗതയിലെത്തി. തുടര്‍ന്ന് 180 നോട്സ് വേഗത കൈവരിച്ച ഘട്ടത്തില്‍ എന്‍ജിന്‍ ഒന്നിന്റെയും രണ്ടിന്റെയും ഇന്ധന കട്ട് ഓഫ് സ്വിച്ചുകള്‍ പെട്ടെന്ന് 'റണ്‍' മോഡില്‍നിന്ന് 'സ്വിച്ച് ഓഫ്' മോഡിലേക്ക് ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ ഒന്നൊന്നായി മാറി. എന്‍ജിനുകളിലേക്കുള്ള ഇന്ധനവിതരണം തടസപ്പെട്ടതോടെ രണ്ട് എന്‍ജിനുകളുടെയും ടേക്ക് ഓഫ് ശേഷി കുറഞ്ഞു.
എന്തുകൊണ്ടാണ് സ്വിച്ച് കട്ട് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് ചോദിക്കുന്നത് കോക്പിറ്റ് വോയ്സ് റെക്കോര്‍ഡിങ്ങില്‍ കേള്‍ക്കാം. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് അടുത്ത പൈലറ്റ് മറുപടി പറയുകയും ചെയ്തു. വിമാനം പറന്നുയര്‍ന്നതിനു ശേഷം റാം എയര്‍ ടര്‍ബൈന്‍ (റാറ്റ്) പ്രവര്‍ത്തനക്ഷമമാകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്തിന്റെ പാതയില്‍ ഒരിടത്തും പക്ഷികളെ കാണാന്‍ കഴിയുന്നില്ല. വിമാനത്താവളത്തിന്റെ ഭിത്തി കടക്കുന്നതിനു മുന്‍പ് തന്നെ വിമാനം താഴ്ന്നു തുടങ്ങി.
എയര്‍ബോണ്‍ ഫ്ളൈറ്റ് റെക്കോര്‍ഡര്‍ (ഇഎആര്‍എഫ്) പ്രകാരം എന്‍ജിന്‍ ഒന്നിന്റെ ഫ്യുവല്‍ കട്ട് ഓഫ് സ്വിച്ച് പെട്ടെന്ന് കട്ട് ഓഫ് മോഡില്‍നിന്ന് റണ്‍ മോഡിലേക്ക് മാറിയിട്ടുണ്ട്. തൊട്ടുപിന്നാലെ രണ്ടാം എന്‍ജിന്റെയും സ്വിച്ച് പൂര്‍വസ്ഥിതിയിലെത്തി. ഇതിനിടെ ഇഎആര്‍എഫ് റെക്കോര്‍ഡിങ് നിര്‍ത്തി. 1.39ന് പൈലറ്റുകളില്‍ ഒരാള്‍ 'മേയ് ഡേ' സന്ദേശം അയച്ചു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഓഫിസര്‍ കോള്‍ സിഗ്‌നല്‍ സംബന്ധിച്ച് അന്വേഷിച്ചെങ്കിലും മറുപടി ലഭിച്ചില്ല. വിമാനത്താവളത്തിന്റെ അതിര്‍ത്തിക്കു പുറത്ത് വിമാനം തകര്‍ന്നു വീഴുന്നതാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്.
മുന്നറിയിപ്പുണ്ടായിട്ടും പരിശോധന നടത്തിയില്ല
അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ഇന്ത്യ വിമാനത്തില്‍ ഇന്ധന സ്വിച്ചിലുണ്ടാവാനിടയുള്ള തകരാര്‍ സംബന്ധിച്ച് മുന്നറിയിപ്പുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. വിമാനാപകടം സംബന്ധിച്ച എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി)യുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. ഫ്യൂവല്‍ സ്വിച്ചിന്റെ കാര്യത്തില്‍ യുഎസ് വ്യോമയാന അതോറിറ്റിയായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ ഒരു മുന്നറിയിപ്പ് നിലവിലുണ്ടായിരുന്നു. 2018ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇലക്ട്രോണിക്കിലെ തകരാര്‍ മൂലം ഫ്യൂവല്‍ സ്വിച്ചിന് മാറ്റമുണ്ടാകാമെന്ന് അന്നത്തെ മുന്നറിയിപ്പില്‍ പറയുന്നുണ്ട്. എന്നാല്‍ എയര്‍ ഇന്ത്യ ബോയിങ് കമ്പനിയുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്തിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
വിമാനത്തിന്റെ ഒന്നാം എഞ്ചിന്‍ ഭാഗികമായി പ്രവര്‍ത്തനക്ഷമമായെങ്കിലും, ഇടിക്കുന്നതിന് മുമ്പ് രണ്ടാം എഞ്ചിന്‍ പ്രവര്‍ത്തനക്ഷമമായില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ത്രസ്റ്റ് ലിവറുകള്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെങ്കിലും ടേക്ക് ഓഫ് ത്രസ്റ്റ് പ്രവര്‍ത്തിച്ചിരുന്നതായാണ് ബ്ലാക്ക് ബോക്‌സില്‍ നിന്നും കണ്ടെത്തിയത്. ഇത് ത്രസ്റ്റ് ലിവറുകള്‍ വിച്ഛേദിക്കപ്പെടുകയോ തകരാര്‍ സംഭവിക്കുകയോ ചെയ്തതിനാലാവാമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍
ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പുറത്തിറക്കിയ പ്രാഥമിക റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
ജൂണ്‍ 12 ന് അഹമ്മദാബാദിലാണ് എയര്‍ ഇന്ത്യ ബോയിങ് 7878-8 ഡ്രീംലൈവര്‍ വിമാനം അപകടത്തില്‍പെട്ടത്. വിമാനം പറന്നുയര്‍ന്ന ഉടന്‍ അപകടം സംഭവിച്ചു. 600 അടി ഉയരത്തില്‍ വെച്ചാണ് വിമാനം നിലംപതിച്ചത്. കെട്ടിടങ്ങളില്‍ ഇടിച്ച് തീപിടിച്ചതിനെത്തുടര്‍ന്ന് വിമാനം പൂര്‍ണ്ണമായി നശിച്ചു. റണ്‍വേ 23 ന്റെ അറ്റത്ത് നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലാണ് വിമാനം ഇടിച്ചത്. 1000 x 400 അടി വിസ്തീര്‍ണ്ണത്തില്‍ അവശിഷ്ടങ്ങള്‍ ചിതറിക്കിടന്നു.
വിമാനത്തില്‍ രണ്ട് എന്‍ഹാന്‍സ്ഡ് എയര്‍ബോണ്‍ ഫ്‌ലൈറ്റ് റെക്കോര്‍ഡറുകള്‍ ഉണ്ടായിരുന്നു. ഒരു ഇഎഎഫ്ആറില്‍ നിന്ന് ഏകദേശം 49 മണിക്കൂര്‍ ഫ്‌ലൈറ്റ് ഡാറ്റയും 2 മണിക്കൂര്‍ ഓഡിയോയും ലഭിച്ചു. എന്നാല്‍, പിന്‍ഭാഗത്തെ ഇഎഎഫ്ആറിന് കാര്യമായ തകരാര്‍ സംഭവിച്ചതിനാല്‍ വിവരങ്ങള്‍ വീണ്ടെടുക്കാനായില്ല. വിമാനം 08:07:37 സെക്കന്‍ഡില്‍ ടേക്ക് ഓഫ് റോള്‍ ആരംഭിച്ചു. 08:08:33 സെക്കന്‍ഡില്‍ വി1 സ്പീഡും 08:08:35 ന് വിആര്‍ സ്പീഡും കൈവരിച്ചു. 08:08:39 സെക്കന്‍ഡില്‍ വിമാനം ഉയര്‍ന്നു. 08:08:42 സെക്കന്‍ഡില്‍ വേഗത 180 നോട്ട്‌സ്ല്‍ എത്തിയതിന് തൊട്ടുപിന്നാലെ, എഞ്ചിന്‍ 1, എഞ്ചിന്‍ 2 എന്നിവയുടെ ഫ്യുവല്‍ കട്ട്ഓഫ് സ്വിച്ചുകള്‍ 'റണ്‍' പൊസിഷനില്‍ നിന്ന് 'കട്ട് ഓഫ്' പൊസിഷനിലേക്ക് മാറി. ഒരു പൈലറ്റ് എഞ്ചിന്‍ കട്ട്ഓഫ് ചെയ്തതിനെക്കുറിച്ച് ചോദിക്കുന്നതും, മറ്റേ പൈലറ്റ് താനല്ല ചെയ്തതെന്ന് മറുപടി പറയുന്നതും കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡിംഗില്‍ വ്യക്തമായി ഉണ്ട്.
റാം എയര്‍ ടര്‍ബൈന്‍ വിന്യസിക്കപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. വിമാനത്തില്‍ നിന്ന് 'മെയ് ഡേ' കോള്‍ ലഭിച്ചത് 08:09:05 സെക്കന്‍ഡില്‍ എഞ്ചിന്‍ ഫ്യുവല്‍ കട്ട്ഓഫ് സ്വിച്ചുകള്‍ 08:08:52 സെക്കന്റിലും 08:08:56 സെക്കന്റിലും 'റണ്‍' പൊസിഷനിലേക്ക് മാറ്റി എഞ്ചിനുകള്‍ക്ക് പൂര്‍ണ്ണമായി ത്രസ്റ്റ് വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ഉടന്‍ വിമാനം തകര്‍ന്നു. വിമാനത്തിന്റെ മെയിന്റനന്‍സ് ചരിത്രത്തില്‍ 2019 ലും 2023 ലും ത്രോട്ടില്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍ മാറ്റിയിട്ടുണ്ടെന്ന് കണ്ടെത്തി, എന്നാല്‍ ഇത് ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുമായി ബന്ധപ്പെട്ടായിരുന്നില്ല.
വിമാനത്തില്‍ ഉപയോഗിച്ച ഇന്ധനത്തിന്റെ സാമ്പിളുകള്‍ പരിശോധിക്കുകയും തൃപ്തികരമാണെന്ന് കണ്ടെത്തുകയും ചെയ്തു. വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ല. ഇരു പൈലറ്റുമാര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല, ആവശ്യത്തിന് വിശ്രമം ലഭിച്ചു. നിലവില്‍ ഈ വിമാനത്തിന്റെ എഞ്ചിന്‍ ഓപ്പറേറ്റര്‍മാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും പ്രത്യേക ശുപാര്‍ശകള്‍ ഒന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല. കൂടുതല്‍ വിവരങ്ങളും തെളിവുകളും പരിശോധിച്ചുള്ള സമഗ്ര അന്വേഷണം തുടരുന്നു.