ഡല്‍ഹി: രാജ്യത്തെ തന്നെ ഒന്നടങ്കം നടുക്കിയ അഹമ്മദബാദ് വിമാന അപകടത്തിന് പിന്നാലെ യാത്രക്കാർക്ക് എയർ ഇന്ത്യയിൽ സഞ്ചരിക്കുന്നത് ഒരു വലിയ പേടി സ്വാപ്നമായി മാറിയിരിക്കുകയാണ്. ഒരു വലിയ അപകടം നടന്നിട്ടു പോലും ഇപ്പോഴും ചെറിയ തോതിലുള്ള ആശങ്കകൾ യാത്രക്കിടെ സംഭവിക്കുന്നുണ്ട്.

ഇപ്പോഴിതാ, പ്രകൃതിയും എയർ ഇന്ത്യക്ക് പണി കൊടുത്തിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു. റിയാദില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എഐ 926 എയര്‍ ഇന്ത്യാ വിമാനമാണ് പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ജയ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടത്.

ജൂലൈ ഏഴിന് പുലര്‍ച്ചെ ഒരു മണിയോടെയാണ് വിമാനം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്നത്. പക്ഷെ, കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ അവസാനനിമിഷം ജയ്പൂര്‍ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ജയ്പൂരില്‍ ഇറങ്ങിയ ശേഷം യാത്രക്കാര്‍ റോഡ് മാര്‍ഗം ഡല്‍ഹിയിലേക്ക് തിരിച്ചു. ഇവര്‍ക്ക് ഡല്‍ഹിയിലേക്ക് പോകാന്‍ വിമാനങ്ങള്‍ അനുവദിച്ചിരുന്നെങ്കിലും മിക്ക യാത്രക്കാരും ഇത് ഉപയോഗപ്പെടുത്തിയില്ല.

അതേസമയം, ബെംഗളൂരുവില്‍ നിന്നുള്ള ഡല്‍ഹി എഐ 2414 വിമാനവും അപ്രതീക്ഷിതമായി വൈകിയിരുന്നു. വിമാനത്തിന്‍റെ പൈലറ്റ് കോക്ക്പിറ്റില്‍ കുഴഞ്ഞുവീണതിനെ തുടർന്നായിരുന്നു ഇത്. തുടർന്ന് പകരം പൈലറ്റിനെ നിയോഗിച്ചശേഷമാണ് വിമാനം യാത്ര തുടങ്ങിയത്. വിമാനത്തില്‍ പൈലറ്റുമായി ബന്ധപ്പെട്ട് മെഡിക്കല്‍ എമര്‍ജന്‍സി ഉണ്ടായിരുന്നതായി എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

അഹമ്മദാബാദിൽ നടന്ന വിമാനാപകടത്തിനു ശേഷം എയര്‍ ഇന്ത്യ വിമാനങ്ങള്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(AIIB)യുടെ കര്‍ശന നിരീക്ഷണത്തിലാണ്. ജൂണ്‍ 12-ന് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ 171 ബോയിങ് 787-8 ഡ്രീം ലൈനര്‍ വിമാനം ടേക്ക്ഓഫിനിടെ തകര്‍ന്നുവീഴുകയും 260 യാത്രക്കാര്‍ വളരെ ദാരുണമായിട്ടാണ് മരിച്ചത്. അതിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടതും വലിയ വർത്തയായിരുന്നു. സംഭവത്തില്‍ ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണ്.