ബാംഗ്ലൂര്‍: സമയനിഷ്ഠയുടെ കാര്യത്തില്‍ ഇന്ത്യക്കാര്‍ അല്‍പം പുറകോട്ടാണെന്നാണ് പൊതുവേയുള്ള ലോക ധാരണ. പ്രത്യേകിച്ചും ഇന്ത്യയിലെ റെയില്‍വേയുടെ കാര്യത്തില്‍. മണിക്കൂറുകളോളം വൈകിയെത്തുന്ന ട്രെയിനുകളുള്ള രാജ്യത്തിന് കൂടുതല്‍ നാണക്കേടായി എയര്‍ ഇന്ത്യയുടെ ഒരു വിമാനം കൂടി ഇടംപിടിച്ചിരിക്കുകയാണ്. ഗാറ്റ്‌വിക്ക് ബാംഗ്ലൂര്‍വിമാനത്തിനാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നടത്തിയ ഒരു പുതിയ പഠനം പ്രകാരം വൈകിയോടുന്ന കാര്യത്തില്‍ ലോക റിക്കോര്‍ഡ് തന്നെ ലഭിച്ചിരിക്കുന്നത്. യുകെ വിമാനത്താവളങ്ങളില്‍ നിന്നും ഏറ്റവും വൈകി പുറപ്പെടുന്ന വിമാനങ്ങളുടെ പട്ടികയിലാണ് എയര്‍ ഇന്ത്യ ആദ്യ സ്ഥാനം നേടിയത്.

2024ല്‍ ഏതാണ്ട് 46 മിനിറ്റോളം വൈകിയാണ് വിമാനം പുറപ്പെട്ടത് എന്നാണ് കണക്കുകള്‍. 50 യാത്രകളുടെ കണക്കെടുത്താല്‍ ശരാശരി 80 മിനിറ്റോളമാണ് വിമാനം വൈകിയത്. ഇതാണ് യുകെയിലെ ഏറ്റവുമധികം വൈകുന്ന വിമാന റൂട്ടായി എയര്‍ ഇന്ത്യ ഇടംപിടിക്കുവാന്‍ കാരണമായത്. എയര്‍ ഇന്ത്യയുടെ ഈ സമീപനം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് കണ്‍സ്യൂമര്‍ മാസികയായ 'വിച്ചി'ന്റെ ട്രാവല്‍ എഡിറ്റര്‍ റോറി ബോളണ്ട് വ്യക്തമാക്കി.

കണക്കുകള്‍ പ്രകാരം സമയനിഷ്ഠയില്‍ കൃത്യത പാലിക്കാത്ത രണ്ടാമത്തെ എയര്‍ലൈന്‍സ് ഗ്വെന്‍സി ആസ്ഥാനമായുള്ള ഓറിഗ്‌നി എയര്‍ലൈനാണ്. ശരാശരി അരമണിക്കൂറിലധികമാണ് വിമാനങ്ങള്‍ വൈകിയിരിക്കുന്നത്. തുര്‍ക്കിയില്‍ കുറഞ്ഞ നിരക്കില്‍ വിനോദ സഞ്ചാരത്തിന് അവസരമൊരുക്കുന്ന വിമാന കമ്പനിയായ സണ്‍ എക്സ്പ്രസ് 29 മിനിട്ടും, എയര്‍ പോര്‍ട്ടുഗല്‍ 25 മിനിട്ടുമാണ് വര്‍ഷത്തില്‍ ശരാശരി വൈകിയിരിക്കുന്നത്.

2024ല്‍ യുകെയില്‍ നിന്ന് പുറപ്പെട്ട വിമാനങ്ങളില്‍ ഐറിഷ് വിമാന കമ്പനിയായ എമറാള്‍ഡ് എയര്‍ലൈന്‍സാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. വര്‍ഷത്തില്‍ ശരാശരി 10 മിനിട്ട് മാത്രമായിരുന്നു ഈ വിമാനങ്ങള്‍ വൈകിയത്. 2024ല്‍ യുകെയില്‍ നിന്ന് 2,500ലധികം സര്‍വീസുകള്‍ നടത്തിയ വിമാനക്കമ്പനികളെ ഉള്‍പ്പെടുത്തിയായിരുന്നു പഠനം നടത്തിയത്. ഇതില്‍ റദ്ദാക്കിയ വിമാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

കോടിക്കണക്കിന് പൗണ്ടിന്റെ നഷ്ടമുണ്ടായിരുന്ന എയര്‍ ഇന്ത്യയെ 2022 ജനുവരിയില്‍ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. എയര്‍ ഇന്ത്യ ബര്‍മിംഗ്ഹാം, ഗാറ്റ്വിക്ക്, ഹീത്രൂ എന്നീ യുകെ വിമാനത്താവളങ്ങളില്‍ നിന്ന് ഡെല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തുന്നത്. ഏവിയേഷന്‍ അനലിറ്റിക്സ് കമ്പനിയായ സിറിയത്തിന്റെ ഡാറ്റ പ്രകാരം 2019നെ അപേക്ഷിച്ച് 2024ല്‍ എയര്‍ ഇന്ത്യ 56% കൂടുതല്‍ സര്‍വീസുകള്‍ നടത്തിയിട്ടുണ്ട്.

2024ല്‍ യുകെയിലേക്കുള്ള വിമാനങ്ങള്‍ക്ക് കാലതാമസമുണ്ടായിരുന്നു, എന്നാല്‍ ഇതില്‍ അധികവും തങ്ങളുടെ നിയന്ത്രണ പരിധിയിലുള്ള കാരണങ്ങള്‍ മൂലമായിരുന്നില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. യുകെയിലേക്കുള്ള റൂട്ടുകളില്‍ എ350, ബി 797-9 തുടങ്ങിയ വിമാനങ്ങള്‍ വിന്യസിച്ചിരുന്നു. ഇത് എയര്‍ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട കൃത്യനിഷ്ഠ തിരികെ പിടിക്കാന്‍ സഹായിക്കുമെന്നും എയര്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു. 2025ലെ ആദ്യ മൂന്ന് മാസങ്ങളില്‍ യുകെയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

യുകെയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തില്‍ സീറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് റൂട്ടിന്റെ ദൂരവും, സംഭവിച്ചേക്കാവുന്ന കാലതാമസവും അനുസരിച്ച് ഭക്ഷണം, ആശയവിനിമയത്തിനുള്ള മാര്‍ഗം തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. ഏതെങ്കിലും സമയത്ത് എയര്‍ലൈന്‍സിന്റെ പിഴവ് മൂലം വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് 520 പൗണ്ട് വരെ നഷ്ടപരിഹാരം ലഭിക്കാനും അര്‍ഹതയുണ്ട്.