ലണ്ടന്‍: അഹമ്മദാബാദ് ദുരന്തം സൃഷ്ടിച്ച ഞടുക്കം എയര്‍ ഇന്ത്യ യാത്രക്കാരെ മാത്രമല്ല, ലോകമൊട്ടാകെ വിമാനയാത്രക്കാരെ ഇപ്പോഴും ഭയചകിതരാക്കുന്ന കാഴ്ചയും സമീപകാല ദുരന്തവുമാണ്. അപകടം നടന്നു ആറു മാസം പിന്നിടുമ്പോഴും അപകട വഴിയിലേക്ക് വിമാനത്തെ എത്തിച്ച കാര്യം എന്തെന്നതില്‍ എയര്‍ ഇന്ത്യക്കോ സര്‍ക്കാരിനോ വ്യക്തത വരുത്താനാകുന്നില്ല. ഏറ്റവും ഒടുവിലായി ഈ അപകടത്തെ കുറിച്ച് പുറത്തു വന്ന വിവരം വിമാനത്തിന്റെ എന്‍ജിനുകള്‍ ഓഫ് ചെയ്യപ്പെട്ടതുകൊണ്ടാണ് അപകടം ഉണ്ടായതെന്നാണ്. ഇക്കാര്യത്തില്‍ ഒരിക്കലും യഥാര്‍ത്ഥ കാരണം പുറത്തു വന്നില്ലെങ്കില്‍ പോലും അപകട ശേഷവും എയര്‍ ഇടയില്‍ കാര്യങ്ങള്‍ മെച്ചമായിട്ടില്ല എന്നാണ് മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രം പുറത്തു വന്ന മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത സൂചിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഡിജിസിഎ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ലോകം കണ്ട ഏറ്റവും വലിയ വിമാന അപകടങ്ങളില്‍ പലവട്ടം എയര്‍ ഇന്ത്യയുടെ പേര് പതിഞ്ഞ ശേഷവും ഇതാണ് നിലപാട് എങ്കില്‍ എയര്‍ ഇന്ത്യയുടെ ഭാവി തന്നെ വലിയ ചോദ്യമായി മാറിയേക്കാം എന്നാണ് ഇപ്പോള്‍ ഏവിയേഷന്‍ രംഗത്തുള്ള വിദഗ്ധര്‍ പോലും ആശങ്കപ്പെടുന്നത്.

എയര്‍ ഇന്ത്യയെ തേടി വീണ്ടും ഗുരുതര ആരോപണം, യാത്രക്കാരുടെ സുരക്ഷയില്‍ ഒരു ടെന്‍ഷനുമില്ലാത്ത ഏക വിമാനക്കമ്പനി

കാലാവധി കഴിഞ്ഞ സര്‍ട്ടിഫിക്കറ്റുമായി എയര്‍ ഇന്ത്യ വിമാനം ഇന്ത്യയില്‍ ആഭ്യന്തര റൂട്ടില്‍ കഴിഞ്ഞ മാസം 24, 25 തീയതികളില്‍ എട്ടു തവണ പറന്നുവെന്ന ഗുരുതരമായ ആരോപണമാണ് ടാറ്റയുടെ ഉടമസ്ഥതയില്‍ ഉള്ള കമ്പനി ഇപ്പോള്‍ നേരിടുന്നത്. സര്‍ക്കാര്‍ സ്ഥാപനം ആയിരുന്ന എയര്‍ ഇന്ത്യ സ്വകാര്യ മേഖലയില്‍ എത്തിയതോടെ കാര്യങ്ങള്‍ മെച്ചപ്പെടും എന്ന വിദൂര പ്രതീക്ഷ പോലും നഷ്ടപ്പെടുത്തുന്നതാണ് അഹമ്മദാബാദ് ദുരന്തവും തുടര്‍ന്നും എയര്‍ ഇന്ത്യ സ്വീകരിക്കുന്ന സുരക്ഷാ പാളിച്ചകളിലെ അലംഭാവവും.

മറ്റൊരു വിമാനക്കമ്പനിയും എടുക്കാത്ത നിലയ്ക്കുള്ള റിസ്‌ക് എടുത്താണ് ഓരോ വിമാനവും പറന്നുയരുന്നതും നിലത്തിറങ്ങുന്നതും എന്നതാണ് അനുമാനിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ അത്തരം ഒരു വിമാനക്കമ്പനിയെ കൈവിട്ടില്ലെങ്കില്‍ മാത്രമേ അതിശയിക്കേണ്ടൂ എന്നതാണ് ഇപ്പോള്‍ എയര്‍ ഇന്ത്യ നല്‍കുന്ന വമ്പന്‍ ഓഫറുകള്‍ നല്‍കുന്ന സൂചന.

ഇതിലും വലിയ ഓഫര്‍ സ്വപ്നങ്ങളില്‍ മാത്രമെന്ന് എയര്‍ ഇന്ത്യ

ആഭ്യന്തര, വിദേശ റൂട്ടുകളില്‍ വാരിക്കോരി ഓഫര്‍ നല്‍കിയ എയര്‍ ഇന്ത്യ യുകെയില്‍ നിന്നുള്ള സര്‍വീസുകള്‍ക്കും പ്രത്യേക ഇളവുകള്‍ നല്‍കിയിട്ടുണ്ട്. കുറഞ്ഞ നിരക്ക് നോക്കി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാരെ ആകര്‍ഷിക്കാന്‍ കൂടുതല്‍ നിരക്കിളവും ഒപ്പം വര്‍ധിപ്പിച്ച ബാഗേജ് അലവന്‍സും ആണ് എയര്‍ ഇന്ത്യ ഇപ്പോള്‍ മുന്നോട്ട് വയ്ക്കുന്നത്. കഴിഞ്ഞ ഏതാനും മാസമായി ഭൂരിഭാഗം എയര്‍ ലൈനുകളും ബാഗേജ് അലവന്‍സ് വെട്ടിച്ചുരുക്കി 20 കിലോയിലേക്ക് മാറ്റിയപ്പോഴാണ് എയര്‍ ഇന്ത്യ 46 കിലോഗ്രാം തൂക്കം അനുവദിച്ചു ഞെട്ടിപ്പിക്കുന്നത്.

യുകെയിലേക്കും മറ്റുമുള്ള ദീര്‍ഘ ദൂര സര്‍വീസുകള്‍ കുടുംബങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ 20 കിലോഗ്രാം എന്നത് ഏറ്റവും പ്രയാസം നിറഞ്ഞ ബാഗേജ് ആനുകൂല്യം ആണെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ അവസരം മുതലാക്കാന്‍ രംഗത്ത് വന്നിരിക്കുന്നത്. ഇതോടൊപ്പം വിദ്യാര്‍ത്ഥി വിസയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക നിരക്കുകളും ലഭ്യമാണ്. വിദ്യാര്‍ത്ഥി വിസക്കാരുടെ യാത്രകള്‍ക്ക് പത്തു ശതമാനം നിരക്കിളവാണ് നിലവിലെ ഓഫര്‍.

അമേരിക്ക, കാനഡ, ഓസ്ട്രേലിയ റൂട്ടുകളില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഏര്‍ലി ബേര്‍ഡ് ഓഫര്‍ എന്ന നിലയില്‍ അധികമായി 15 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. പക്ഷെ ഈ ആനുകൂല്യം യുകെ യാത്രക്കാര്‍ക്കില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മുതിര്‍ന്ന പ്രായത്തില്‍ ഉള്ള യാത്രക്കാര്‍ക്കും എയര്‍ ഇന്ത്യ പാക്കേജില്‍ നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്ലാഷ് സെയില്‍ വെഡ്നെസ്‌ഡേ എന്ന പ്രത്യേക ഓഫറില്‍ തിരഞ്ഞെടുത്ത റൂട്ടുകളില്‍ സ്‌പെഷ്യല്‍ നിരക്കുകള്‍ നല്‍കുന്ന ഓഫറും നിലവിലുണ്ട്. അമേരിക്കന്‍ എക്സ്പ്രസ്, സെഞ്ചൂറിയന്‍ തുടങ്ങിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ടിക്കറ്റ് വില്‍പ്പനയിലും ആനുകൂല്യം നല്‍കാന്‍ എയര്‍ ഇന്ത്യ തയ്യാറാണ്. ആദ്യം ടിക്കറ്റ് പിന്നെ തുക എന്ന നിരക്കില്‍ ഫ്ളൈറ്റ്സ് പ്രൊ പോലെയുള്ള വെബ്‌സൈറ്റുകള്‍ വഴിയും മറ്റും ബുക്ക് ചെയ്യാനുള്ള സൗകര്യവും എയര്‍ ഇന്ത്യ അനുവദിക്കുന്നുണ്ട്.

ഇന്‍ഡിഗോയുടെ വരവ് ആഘോഷമാക്കി യാത്രക്കാര്‍, സൂപ്പര്‍ പാക്കേജുകള്‍, നിനച്ചിരിക്കാതെ എത്തിയ യാത്ര തടസം യുകെ വിമാനങ്ങളെ ബാധിച്ചിട്ടില്ലെന്നു ആദ്യ റിപ്പോര്‍ട്ടുകള്‍

ഏതാനും മാസമായി മാഞ്ചസ്റ്ററിലേക്കും ലണ്ടനിലേക്കും മുംബൈയില്‍ നിന്നും സര്‍വീസ് നടത്തുന്ന ഇന്ത്യയിലെ ശക്തരായ വിമാനക്കമ്പനി ഇന്‍ഡിഗോയുടെ യുകെയിലേക്ക് ഉള്ള വരവും എയര്‍ ഇന്ത്യക്ക് യാത്രക്കാരെ നഷ്ടപ്പെടുത്താന്‍ കാരണമായിട്ടുണ്ട്. ഇടയ്ക്ക് പലപ്പോഴും മുംബയില്‍ നിന്നും വെറും 15,000 രൂപയ്ക്കു വരെ ഒരു ദിശയിലേക്കുള്ള ടിക്കറ്റിനു ഫ്ലാഷ് സെയില്‍ നടത്തി ഞെട്ടിച്ചാണ് ഇന്‍ഡിഗോ ബജറ്റ് ടിക്കറ്റ് യുദ്ധത്തിന് തുടക്കമിട്ടതും. ശരാശരി 20,000 രൂപ നിരക്കില്‍ ഒരു യാത്രയ്ക്കുള്ള ടിക്കറ്റ് എല്ലായ്പ്പോഴും ലഭ്യമാണ് എന്നതും യാത്രക്കാരെ ആകര്‍ഷിക്കുന്ന ഘടകമാണ്. ഇപ്പോള്‍ ഈ നിരക്കില്‍ ഇന്ത്യയില്‍ നിന്നും യുകെയിലേക്ക് പറക്കാനാകുന്ന ഏക സവീസും ഇന്‍ഡിഗോയുടേതാണ് എന്നാണ് കരുതപ്പെടുന്നത്.

മികച്ച നിലവാരത്തില്‍ സര്‍വീസ് നടത്തുന്ന ബജറ്റ് എയര്‍ ലൈന്‍ എന്നതും ഇന്‍ഡിഗോയിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്. അതേസമയം നിനച്ചിരിക്കാത്ത നേരത്തു എത്തിയ പ്രതിസന്ധി പോലെ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍ഡിഗോയെ ബാധിച്ച ജീവനക്കാരുടെ കുറവ് മൂലം കേവലം 35 ശതമാനം വിമാനം മാത്രമാണ് രണ്ടാം ദിവസമായ ഇന്നലെ കമ്പനിക്ക് ഓപ്പറേറ്റ് ചെയ്യാനായത്. ഈ പ്രതിസന്ധി യുകെ വിമാന സര്‍വീസിനെ ബാധിച്ചിട്ടില്ല എന്നാണ് സൂചന. എങ്കിലും ഈ ദിവസങ്ങളില്‍ ഇന്‍ഡിഗോ ഉപയോഗിക്കുന്ന യാത്രക്കാര്‍ വിമാനത്തിന്റെ സമയ ക്രമം മാറുന്നുണ്ടോ എന്നത് അടിക്കടി പരിശോധിക്കേണ്ടത് അടിയന്തിര ആവശ്യമായി മാറിയിരിക്കുകയാണ്.

എയര്‍ അറേബ്യ മാര്‍ച്ച് 26 മുതല്‍, മലയാളികള്‍ക്കും ഗുണകരമാകും, വിര്‍ജിന്‍ അറ്റ്ലാന്റിക് പരീക്ഷണ അടിസ്ഥാനത്തില്‍ ബാംഗ്ലൂരിലേക്ക് വിമാനങ്ങളുടെ എണ്ണം കൂട്ടുന്നു, സമ്മര്‍ നിരക്കുകളില്‍ അതിശയിപ്പിക്കുന്ന ഓഫറുകള്‍

ഇന്‍ഡിഗോയെ പോലെ ഗള്‍ഫ് സെക്ടറിലെ ബജറ്റ് എയര്‍ ലൈന്‍ എന്നറിയപ്പെടുന്ന എയര്‍ അറേബ്യ അടുത്ത മാര്‍ച്ച് 26 മുതല്‍ അവരുടെ ലണ്ടന്‍ - ഷാര്‍ജ സര്‍വീസ് ആരംഭിക്കുകയാണ്. ഇന്ത്യയിലേക്ക് കണക്ഷന്‍ ലഭിക്കുന്ന ഒരു വിമാനം കൂടി എത്തുമ്പോള്‍ അതിന്റെ ആനുകൂല്യവും തീര്‍ച്ചയായും യുകെ മലയാളികള്‍ക്ക് ലഭിക്കും. യുകെയില്‍ നിന്നും ഇന്ത്യയില്‍ എത്താന്‍ കുറഞ്ഞ നിരക്കില്‍ ഒരു വിമാനം എത്തുന്നു എന്നാകുമ്പോള്‍ എതിരാളികള്‍ക്ക് കുത്തനെ നിരക്കുയര്‍ത്തി പിടിച്ചു നില്‍ക്കാനാകില്ല എന്നതാണ് പ്രധാന ആനുകൂല്യം. ഷാര്‍ജയില്‍ നിന്നും കേരളത്തിലേക്ക് കണക്ഷന്‍ വിമാനം ലഭിക്കാന്‍ എയര്‍ അറേബിയയ്ക്ക് കോഡ് ഷെയര്‍ സൗകര്യം കൂടി ലഭിച്ചാല്‍ ലണ്ടന്‍ ഫ്ളൈറ്റിലേക്ക് മലയാളികളെ കൂടുതലായി ആകര്‍ഷിക്കാനാകും. നിലവില്‍ ആഴ്ചയില്‍ 23 വിമാനങ്ങളാണ് എയര്‍ അറേബ്യ ഷാര്‍ജയില്‍ നിന്നും കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്നത്. ദിവസം ഓരോ വിമാനം വീതം ആഴ്ചയില്‍ ഏഴു വിമാനങ്ങള്‍ ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യ തിരുവനന്തപുരത്തേക്കും സര്‍വീസ് നടത്തുന്നുണ്ട്.

അതിനിടെ നിലവില്‍ ഏഴു സര്‍വീസുകള്‍ നടത്തുന്ന വിര്‍ജിന്‍ അറ്റ്ലാന്റിസ് ആഴ്ചയില്‍ ഏഴു വിമാനങ്ങള്‍ക്ക് പകരം 11 വിമാനങ്ങള്‍ ബാംഗ്ലൂരിലേക്ക് പറത്തി അടുത്ത വര്‍ഷം ആദ്യം മൂന്നു മാസങ്ങളില്‍ തങ്ങള്‍ക്ക് കൂടുതല്‍ യാത്രക്കാരെ കണ്ടെത്താനാകുമോ എന്ന പരീക്ഷണത്തിന് ഇറങ്ങുകയാണ്. ഈ വിമാനത്തെയും മലയാളികള്‍ക്ക് ആശ്രയിക്കാവുന്നതാണ്. കാരണം നിലവില്‍ ഇന്‍ഡിഗോയുമായി കോഡ് ഷെയറിങ് ഉള്ള കമ്പനിയാണ് വിര്‍ജിന്‍ അറ്റ്ലാന്റിസ്. അതിനാല്‍ ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് ഏതു വിമാനത്താവളത്തിലേക്കും കണക്ഷന്‍ ലഭിക്കുക എന്നതും പ്രയാസമാകില്ല.

എയര്‍ അറേബ്യയും വിര്‍ജിന്‍ അറ്റ്ലാന്റിസും കൂടി എത്തുമ്പോള്‍ പുതു വര്‍ഷത്തില്‍ ആദ്യ മാസങ്ങളില്‍ കടുത്ത മത്സരമാകും ലണ്ടനില്‍ നിന്നും ഇന്ത്യയിലേക്കുള്ള റൂട്ടുകളില്‍ സംഭവിക്കാനിരിക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ട് ഇപ്പോള്‍ തന്നെ സമ്മര്‍ അവധിക്കുള്ള ടിക്കറ്റുകള്‍ 560 പൗണ്ട് നിരക്കില്‍ പോലും ലഭ്യമാണ്. സാധാരണ 800 പൗണ്ടിന് മുകളില്‍ മാത്രം കിട്ടിക്കൊണ്ടിരുന്ന സമ്മര്‍ ടിക്കറ്റുകളാണ് ഇപ്പോള്‍ അഞ്ഞൂറ് പൗണ്ടിന് മുകളില്‍ എന്ന നിലയിലേക്ക് എത്തിയിരിക്കുന്നത്. ഓഫ് സീസണ്‍ ടിക്കറ്റുകള്‍ 450 പൗണ്ടിന് പോലും ലഭ്യമാണ് എന്നതാണ് നിലവിലെ ട്രെന്‍ഡ്. കോവിഡിന് ശേഷം വിമാന യാത്രക്കാരെ കൊള്ള നടത്തിയ ടിക്കറ്റ് വില്‍പ്പനയ്ക്ക് താത്കാലിക അറുതി സംഭവിക്കുകയാണോ എന്ന ചോദ്യം ഉയര്‍ത്തുന്നതാണ് ഇപ്പോഴത്തെ ആകാശ യുദ്ധം.