- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലിരുന്ന് പണിയെടുത്ത എയര്‍ ട്രാഫിക് കണ്ട്രോളര് പാസ്സ്വേര്‍ഡ് മറന്നു; ബ്രിട്ടന്റെ ആകാശം മണിക്കൂറുകളോളം നിശ്ശബ്ദമായി; ടേക്ക് ഓഫ് ചെയ്യാനോ ലാന്‍ഡ് ചെയ്യാനോ ആവാതെ വിമാനങ്ങള്‍; എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയത് ഏഴ് ലക്ഷം പേര്
വീട്ടിലിരുന്ന് പണിയെടുത്ത എയര്‍ ട്രാഫിക് കണ്ട്രോളര് പാസ്സ്വേര്‍ഡ് മറന്നു
ലണ്ടന്‍: കഴിഞ്ഞ ഓഗസ്റ്റില്‍ ബ്രിട്ടനെ പിടിച്ചു കുലുക്കിയ ആകാശ പ്രതിസന്ധിയുടെ കാരണം ഒടുവില്‍ കണ്ടെത്തി. ഏഴ് ലക്ഷത്തോളം യാത്രക്കാരുടെ യാത്രാ പരിപാടികള്‍ താറുമാറാക്കിയതിന് പുറകില്‍ വീട്ടില്‍ നിന്നും ജോലി ചെയ്തിരുന്ന ഒരു എഞ്ചിനിയറുടെ മറവി ആയിരുന്നത്രെ കാരണം. ബാങ്ക് ഹോളി ഡെ ദിനത്തില്‍ വര്‍ക്ക് ഫ്രം ഹോം എടുത്ത എഞ്ചിനീയര്‍ പാസ്സ്വേര്‍ഡ് മറന്നു പോയതാണ് സകല കുഴപ്പങ്ങള്‍ക്കും വഴി തെളിച്ചത്. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഫ്‌ലൈറ്റ് പ്ലാനില്‍ ഉണ്ടായ ഒരു പിഴവ് നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസ് കമ്പ്യൂട്ടര്‍ സിസ്റ്റത്തെ നിശ്ചലമാക്കിയത്.
സിസ്റ്റം തകരാറിലായതോടെ വിമാനങ്ങള്‍ക്ക് ഇറങ്ങാനോ പറന്നുയരാനോ കഴിയാത്ത സാഹചര്യമായി. ഇതോടെ വിമാന സര്‍വ്വീസുകള്‍ വൈകുന്നതിനും റദ്ദാക്കപ്പെടുന്നതിനും ഇടയായി. ദിവസങ്ങളോളം നീണ്ടു നിന്ന ഈ പ്രതിസന്ധി എയര്‍ലൈനുകള്‍ ഏകദേശം 100 മില്യന്‍ പൗണ്ടോളം നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യത്തിലേക്ക് നയിച്ചു. സിവില്‍ ഏവിയേഷന്‍ അഥോറിറ്റി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്, ഏറെ തിരക്കു പിടിച്ച ഒരു ദിവസത്തില്‍ ഐ ടി സപ്പോര്‍ട്ട് എഞ്ചിനീയര്‍മാരെ വര്‍ക്ക് ഫ്രം ഹോം സൗകര്യം ഉപയോഗിക്കാന്‍ അനുവദിച്ചു എന്നാണ്.
ഈ പ്രശ്നം പരിഹരിക്കാന്‍ നിയോഗിക്കപ്പെട്ട എഞ്ചിനീയര്‍ക്ക് സിസ്റ്റം തകരാറില്‍ ആയതിനാലും, പാസ്സ്വേര്‍ഡ് മറന്നതിനാലും വീട്ടില്‍ ഇരുന്ന് ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് എഞ്ചിനീയര്‍മാര്‍ ഓഫീസുകളിലെത്തി സിസ്റ്റം പൂര്‍ണ്ണമായും റീസ്റ്റാര്‍ട്ട് ചെയ്തത്. എന്നാല്‍ അതുകൊണ്ടും പ്രശ്നം പരിഹരിക്കാനായില്ല. ആയിരക്കണക്കിന് യാത്രക്കാര്‍, വിമാനത്താവളത്തിലും, റണ്‍വേയിലെ വിമാനങ്ങളിലുമായി കുടുങ്ങിയപ്പോള്‍, ഒരു സീനിയര്‍ എഞ്ചിനീയറോട് ഉപദേശം ആരായുകയുണ്ടായി. എന്നാള്‍, അയാള്‍ക്കും ഇത്രയും നാടകീയമായി സിസ്റ്റം തകരാറിലാകാന്‍ കാരണമെന്തെന്ന് പിടികിട്ടിയില്ല.
അവസാനം, പിഴവ് കണ്ടെത്തി നാല് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആരോ സിസ്റ്റം രൂപകല്പന ചെയ്ത ജര്‍മ്മന്‍ കമ്പനിയുമായി ബന്ധപ്പെടുന്നതും തകരാറ് എന്തെന്ന് കണ്ടെത്തുന്നതും. ഇത് പരിഹരിച്ച് വന്നപ്പോഴേക്കുമ്മ് ബാക്ക്ലോഗ് കണക്കറ്റ് വലുതായി. പലര്‍ക്കും ദിവസങ്ങള്‍ക്ക് ശേഷമാണ് യാത്ര സാധ്യമായത്. പലര്‍ക്കും തങ്ങളുടെ ഒഴിവുകാല പദ്ധതികള്‍ വെട്ടിച്ചുരുക്കേണ്ടതായും വന്നു. അനുഭവത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട സിവില്‍ ഏവിയേഷന്‍ അഥോറിറ്റി, സീനിയര്‍ എഞ്ചിനീയര്‍മാര്‍ എന്‍ എ ടി എസ് ഓഫീസുകളില്‍ തന്നെ ജോലി ചെയ്യണമെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുകയാണ്.
മാത്രമല്ല, ഇപ്പോള്‍ പരിമിതമായ അധികാരം മാത്രമുള്ള എയര്‍ലൈന്‍ റെഗുലേറ്ററുമാര്‍ക്ക്, ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കുന്നതിനായി കൂടുതല്‍ അധികാരം നല്‍കണമെന്നും അന്വേഷണ സംഘം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് മതിയായ നഷ്ടപരിഹാരം, യഥാസമയം ലഭിക്കുന്നതിന് സഹായിക്കും. ഈ സംഭവത്തില്‍ ടിക്കറ്റിന്റെ പണം മടക്കി ലഭിക്കാന്‍ പോലും പലര്‍ക്കും ആഴ്ചകളും മാസങ്ങളും കാത്തു നില്‍ക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.