- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാടമ്പിത്തരമാണെങ്കിൽ ചോദ്യം ചെയ്യും; പത്തൊമ്പതാം നൂറ്റാണ്ട് അവാർഡിൽ നിന്ന് ഒഴിവാക്കാനായി രഞ്ജിത്ത് പദവി ദുരുപയോഗം ചെയ്തു ശ്രമിച്ചു എന്നത് അത്യന്തം പ്രതിഷേധാർഹം; രഞ്ജിത്തിന് എതിരെ സമഗ്ര അന്വേഷണം വേണം; വിനയന് പിന്തുണയെന്ന് എഐവൈഎഫ്
കൊച്ചി: ചലച്ചിത്ര അവാർഡ് വിവാദത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്തിന് എതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് എഐവൈഎഫ്. വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് അവാർഡിൽ നിന്ന് ഒഴിവാക്കാനായി രഞ്ജിത്ത് പദവി ദുരുപയോഗം ചെയ്തു ശ്രമിച്ചു എന്നത് അത്യന്തം പ്രതിഷേധാർഹമാണ്. ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുന്ന രഞ്ജിത്ത് സ്വന്തം തീരുമാനങ്ങൾ നടപ്പിലാക്കാൻ വേണ്ടി അക്കാദമിയെ ദുരുപയോഗം ചെയ്യുകയാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോനും പ്രസിഡന്റ് എൻ അരുണും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജനാധിപത്യ ബോധവും കലാപരമായ മികവുമാണ്ചലച്ചിത്ര അക്കാദമി പോലുള്ള സ്ഥാപനങ്ങളിലെ ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് വേണ്ടത്. അല്ലാതെ മാടമ്പിത്തരമാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നതെങ്കിൽ എഐവൈഎഫിന് അത് ചോദ്യം ചെയ്യേണ്ടിവരും. ജൂറി അംഗമായ നേമം പുഷ്പരാജിന്റെ വെളിപ്പെടുത്തലുകൾ അടക്കം പുറത്തുവന്നത് സർക്കാർ ഗൗരവമായി കാണണം. രഞ്ജിത്തിനെതിരെ സമഗ്രമായ അന്വേഷണത്തിന് സർക്കാർ തയ്യാറാകണം.
ഈ വിഷയത്തിൽ എഐവൈഎഫ് സംവിധായകൻ വിനയന് പൂർണ്ണപിന്തുണ പ്രഖ്യാപിക്കുകയാണ്. വിഷയത്തിൽ ഇതുവരെയും പ്രതികരിക്കാൻ രഞ്ജിത്ത് തയ്യാറായിട്ടില്ല. ഇത് ആരോപണങ്ങളെ കൂടുതൽ ബലപ്പെടുത്തുന്നതാണ്. മൗനം വെടിഞ്ഞു രഞ്ജിത്ത് വിഷയത്തിൽ പ്രതികരണം നടത്തണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.
അതേസമയം ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ അക്കാദിമി ചെയർമാൻ രഞ്ജിത് സ്വയം രാജിവയ്ക്കില്ല. പക്ഷേ പുറത്താക്കാൻ സാധ്യത ഏറെയാണ്. വിവാദത്തിൽ പ്രതികരിക്കാൻ ഉദ്ദേശ്യമില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു. ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ജൂറിയെ സ്വാധീനിക്കാൻ ഇടപെട്ടു എന്ന ആരോപണം ശക്തമായിട്ടും രഞ്ജിത്ത് പ്രതികരിക്കാൻ വിസമ്മതിച്ചു. അതിനിടെ വിവാദം കോടതി കയറാനുള്ള സാധ്യത ഏറെയാണ്. രണ്ടും കൽപ്പിച്ചാണ് വിനയന്റെ യാത്ര. ഈ വിഷയം ഇടതു മുന്നണിക്കുള്ളിൽ സിപിഐ ചർച്ചയാക്കും.
ഈ വിവാദത്തിൽ രഞ്ജിത്തിനെ പരസ്യമായി പിന്തുണച്ച മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം ഇതിൽനിന്ന് പിറകോട്ടു പോയിരുന്നു. 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന തന്റെ സിനിമയെ അവഗണിച്ചെന്നും കിട്ടിയ അവാർഡുകൾ പിൻവലിപ്പിക്കാൻ ജൂറി അംഗങ്ങളുടെ മേൽ അക്കാദമി ചെയർമാൻ സ്വാധീനം ചെലുത്താൻ ശ്രമിച്ചെന്നുമാണ് സംവിധായകൻ വിനയൻ ആരോപിച്ചത്. മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും വിനയൻ പരാതിയും നൽകി. ഈ പരാതി ഗൗരവത്തോടെ എടുക്കണമെന്ന് സിപിഐ ആവശ്യപ്പെടും. അതിനിടെ രഞ്ജിത്തിനോട് രാജിവയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിക്കുമെന്നും സൂചനകളുണ്ട്.
പുരസ്ക്കാര നിർണയത്തിൽ ബാഹ്യഇടപെടലോ സമ്മർദമോ ഉണ്ടായിട്ടില്ലെന്ന് വിവാദമുയർന്നപ്പോൾ ചലച്ചിത്ര അക്കാദമി വകുപ്പുമന്ത്രിക്ക് വിശദീകരണം നൽകിയിരുന്നു. അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണത്തിൽ പുതിയ ശബ്ദരേഖ പുറത്ത് വന്നിരുന്നു. വിനയനും ജൂറി അംഗമായ നേമം പുഷ്പരാജും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. 'പത്തൊമ്പതാം നൂറ്റാണ്ടിന്' അവാർഡ് നൽകാതിരിക്കാൻ രഞ്ജിത്ത് ഇടപെട്ടെന്നായിരുന്നു വിനയന്റെ ആരോപണം. വിനയൻ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. 'പത്തൊമ്പതാം നൂറ്റാണ്ട്' ചവറ് സിനിമയാണെന്ന് രഞ്ജിത്ത് പറഞ്ഞതായി നേമം പുഷ്പരാജ് സംഭാഷണത്തിൽ പറയുന്നുണ്ട്.
രഞ്ജിത്തിനെതിരായ വെളിപ്പെടുത്തൽ നടത്തിയ ജൂറിയംഗം നേമം പുഷ്പരാജിനെ നേരിട്ട് വിളിച്ച് മന്ത്രി വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. രഞ്ജിത്ത് അവാർഡ് നിർണയത്തിൽ ഇടപെട്ടിട്ടില്ലെന്നായിരുന്നു വിവാദമുണ്ടായപ്പോൾ മന്ത്രി സജി ചെറിയാൻ ആദ്യം പ്രതികരിച്ചത്. എന്നാൽ, ഈ പ്രസ്താവനയ്ക്കെതിരേ സിപിഐ. നേതാക്കൾ പരസ്യമായി രംഗത്തുവരുകയും മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതോടെ നിലപാട് തിരുത്താൻ മന്ത്രി നിർബന്ധിതനാകുകയായിരുന്നുവെന്നാണ് വിവരം. മന്ത്രിയോടും നേമം പുഷ്പരാജ് എല്ലാം ആവർത്തിച്ചതായാണ് സൂചന.
നേമം പുഷ്പരാജും വിനയനും തമ്മിലുള്ള ഫോൺ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ
'അക്കാദമി ചെയർമാൻ ചർച്ചയിൽ വരാൻ പാടില്ലാത്തതാണ്. പക്ഷേ രഞ്ജിത്ത് അനാവശ്യമായി ഇടപെടൽ നടത്തി. പത്തൊമ്പതാം നൂറ്റാണ്ട് പോലുള്ള ചവറ് സിനിമകളൊക്കെ തിരഞ്ഞെടുത്ത് ഫൈനൽ ജൂറിയെ ബുദ്ധിമുട്ടിക്കരുതെന്ന് രഞ്ജിത്ത് എന്നോട് പറഞ്ഞു. എന്ത് ബുദ്ധിമുട്ടാണെന്ന് ഞാൻ ചോദിച്ചു. അതിൽ പരിഗണിക്കാൻ എന്തെല്ലാമുണ്ടെന്ന് ഞാൻ ചോദിച്ചു. ആർട് ഡയറക്ഷൻ, മേക്കപ്പ്, കൊറിയോഗ്രാഫി എന്നിങ്ങനെ എന്തെല്ലാമുണ്ടെന്ന് ഞാൻ പറഞ്ഞു. സെറ്റിടൽ അല്ല ആർട് ഡയറക്ഷൻ എന്ന് അദ്ദേഹം പറഞ്ഞു. ആർട് ഡയറക്ഷനെക്കുറിച്ച് എന്നോടൊന്നും പറയേണ്ട, കഥ ആവശ്യപ്പെടുന്നത് ചെയ്യുകയാണ് വേണ്ടതെന്നും അത് ആ സിനിമയിൽ ഭംഗിയായി ചെയ്തിട്ടുണ്ടെന്നും ഞാൻ മറുപടിയായി പറഞ്ഞു. ഗൗതമി ഒക്കെ നിൽക്കുമ്പോഴാണ് ഞാനിത് പറയുന്നത്. അത് രഞ്ജിത്തിന് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല എന്നെനിക്കുറപ്പാണ്. പിന്നെ ഞാൻ അയാളെ മൈൻഡ് ചെയ്യാൻ പോയില്ല. എന്നെ അപമാനിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്.
അതിന് ശേഷമാണ് സംഗീതത്തെക്കുറിച്ചുള്ള അവാർഡ് നിർണയം വരുന്നത്. ജെൻസി ഗ്രിഗറിയാണ് എം. ജയചന്ദ്രന്റെ കാര്യം പറയുന്നത്. മാറ്റം വരുത്തണ്ടെന്ന് പറഞ്ഞ് ഞാൻ ധൈര്യം കൊടുത്തു. ആർട്ട് ഡയറക്ഷനെക്കുറിച്ചുള്ള തർക്കം നിന്നതിനാൽ ഇത് ശ്രദ്ധിക്കാതെ പാസ്സായി പോയി. എല്ലാരും റൂമിലേയ്ക്ക് പോയതിന് ശേഷമാണ് ചിത്രത്തിന് മൂന്ന് അവാർഡ് കിട്ടിയത് രഞ്ജിത്ത് അറിഞ്ഞത്. പോയ ആൾക്കാരെ തിരിച്ച് വിളിച്ചു. ഗ്രിഗറി വന്നിട്ട് എന്താണ് സംഗീതത്തിന് അവാർഡ് കൊടുത്തതിൽ പ്രശ്നമെന്ന് ചോദിച്ചു. അപ്പോഴാണ് ഇത് രഞ്ജിത്തിന്റെ കളിയാണെന്ന് എനിക്ക് മനസിലായത്. നമ്മളെടുത്ത തീരുമാനം ശരിയാണെന്നും അതിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്ന് ഞാൻ പറഞ്ഞു. ഗൗതം ഘോഷും തിരിച്ചുവന്നു.
പാട്ടിന്റെയും സംഗീതത്തിന്റെയും അവാർഡ് ഒന്നു കൂടി പുനഃപരിശോധിക്കണമെന്ന അഭിപ്രായം വന്നു. ജെൻസി ഗ്രിഗറിയുടെ കണ്ണൊക്കെ നിറഞ്ഞു. ഗൗതം ഘോഷിന്റേയും മുഖം മാറി. എന്താണ് പ്രശ്നമെന്ന് ഞാൻ ചോദിച്ചു. അത് കണ്ട് ഇനി മാറ്റേണ്ടെന്ന് ഗൗതം ഘോഷ് പറഞ്ഞു. രഞ്ജിത്ത് ചെയർമാനായി ഇരിക്കുന്ന കാലത്തോളം ഇയാൾക്ക് ശത്രുത ഉള്ളയാൾക്ക് നീതി കിട്ടില്ല'
മറുനാടന് മലയാളി ബ്യൂറോ