കോട്ടയം: കോട്ടയം എസ്എംഇ കോളേജിലെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ (എസ്.എം.ഇ) വിദ്യാര്‍ത്ഥിയായിരുന്ന അജാസ് ഖാന്റെ ആത്മഹത്യയില്‍ ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ നടപടിയുമായി കോളേജ് അധികൃതര്‍. ആരോപണ വിധേയരായ രണ്ട് അധ്യാപകരെയും സ്ഥലംമാറ്റാന്‍ തീരുമാനമായി. ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്താനും തീരുമാനമായിട്ടുണ്ട്. സീന, റീനു എന്നി അധ്യാപകര്‍ക്കാണ് സ്ഥലം മാറ്റം.

ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും സമരം നടത്തിയതിന് പിന്നാലെയാണ് തീരുമാനം. ഈ മാസം രണ്ടാം തീയ്യതിയായിരുന്നു കോട്ടയം എസ്എംഇ കോളേജിന്റെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ഒന്നാം വര്‍ഷ എംഎല്‍ടി വിദ്യാര്‍ത്ഥിയായ അജാസ് ഖാനെ കാണാതായത്. പിറ്റേ ദിവസം മീനച്ചിലാറില്‍ മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടത്തില്‍ അജാസിന്റെ മരണം ആത്മഹത്യയാണെന്ന് തെളിഞ്ഞിരുന്നു.

ഒന്നാം സെമസ്റ്റര്‍ പരീക്ഷ കടുപ്പമായതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ അജാസിന്റെ കുടുംബം ഇത് അംഗീകരിക്കാന്‍ തയ്യാറല്ല. അജാസ് ഖാന്റെ ആത്മഹത്യയില്‍ കോളേജ് അധികൃതര്‍ക്ക് പങ്ക് ഉണ്ടെന്നാണ് കുടംബം ആരോപിക്കുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദമല്ല, കോളേജ് അധികൃതരില്‍ നിന്നും അധ്യാപകരില്‍ നിന്നും മകന് മാനസിക പീഡനം എല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.

സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ സമഗ്രമായ അന്വേഷണമാണ് നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു. അജാസിന്റെ പരീക്ഷാസമയം കഴിയുന്നതിന് അരമണിക്കൂര്‍ മുമ്പേ വിദ്യാര്‍ഥിയില്‍നിന്ന് ഉത്തരക്കടലാസ് ബലമായി പിടിച്ചുവാങ്ങിയെന്നും സഹപാഠികള്‍ ആരോപിച്ചിരുന്നു.

മരണശേഷം എസ്.എം.ഇ അധികൃതര്‍ ആരും അജാസ് ഖാന്റെ വീട്ടുകാരെ ഫോണില്‍പോലും ബന്ധപ്പെട്ടില്ലെന്നും പറയുന്നു. സീന, റീനു എന്നീ അധ്യാപകരാണ് കുട്ടികളോട് ഏറെ മോശമായി പെരുമാറുന്നതെന്നും ഇവരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും എസ്.എം.ഇ പ്രിന്‍സിപ്പല്‍ ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. സപ്ലിമെന്ററി പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നല്‍കുന്നില്ല, നിത്യേന ഹാജര്‍ രേഖപ്പെടുത്തുന്നില്ല, ചോദ്യംചെയ്യുന്ന വിദ്യാര്‍ഥികളുടെ തുടര്‍ന്നുള്ള ദിവസങ്ങളിലെ ഹാജര്‍ നഷ്ടപ്പെടുത്തുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തുന്നു, അകാരണമായി ഇന്റേണല്‍ മാര്‍ക്ക് കുറക്കുന്നു, കുട്ടികളോട് അസഭ്യം പറയുന്നു, സര്‍വകലാശാല പരീക്ഷകളില്‍ കുട്ടികളെ വിലക്കുന്നു, കുട്ടികളുടെ പഠനനിലവാരവും മനോധൈര്യവും ദുര്‍ബലപ്പെടുത്തുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉന്നയിക്കുന്നത്.