- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
48 മണിക്കൂറിനിടെ അജിത് ഡോവല്‍ പ്രധാനമന്ത്രിയെ കണ്ടത് രണ്ടുതവണ; പാക് പിന്തുണയോടെ അഴിഞ്ഞാടുന്ന ലഷ്‌കറി തോയിബ ഭീകരരെ വകവരുത്താന്‍ ഉറച്ച് മോദി സര്‍ക്കാര്‍; തിരിച്ചടി ഉടനെന്ന സൂചനയുമായി മോക്ക് ഡ്രില്ലുകള്‍ ഇന്നും നാളെയുമായി; പഹല്‍ഗാം ഭീകരാക്രമണ സംഘത്തില്‍ പെട്ട ഒരാള്‍ അറസ്റ്റില്‍
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി ഉടനെന്ന സൂചനയുമായി മോക്ക് ഡ്രില്ലുകള്‍
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി ഉടനെന്ന് സൂചന നല്‍കി കൊണ്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവരങ്ങള്‍ ധരിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു കൂടിക്കാഴ്ച. 48 മണിക്കൂറിനിടെ, ഡോവല്‍ പ്രധാനമന്ത്രിയെ കണ്ട് ഒരുക്കങ്ങള്‍ അറിയിക്കുന്നത് രണ്ടാംവട്ടമാണ്. പാക് ഹാക്കര്‍മാര്‍ പ്രതിരോധ സ്ഥാപനങ്ങളില്‍ കടന്നുകയറിയതും സര്‍ക്കാര്‍ ഗൗരവതരമായി പരിശോധിച്ച് വരികയാണ്. പാക് പിന്തുണയോടെ അഴിഞ്ഞാടുന്ന ഭീകരരെ വകവരുത്തുക എന്നതുതന്നെയാണ് സൈനിക നടപടി കൊണ്ടുദ്ദേശിക്കുന്നത്.
1971 ലെ ഇന്തോ-പാക് യുദ്ധത്തിന് ശേഷം ഇതാദ്യമായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മോക്ക് ഡ്രില്ലുകള്‍ സംഘടിപ്പിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പ്രത്യാക്രമണം ഉണ്ടായാല്‍ പൗരന്മാരുടെ ഫലപ്രദമായ പ്രതിരോധം സജ്ജമാക്കുകയാണ് ലക്ഷ്യം.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഡോവല്‍, സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍, കര, നാവിക, വ്യോമസേനാ മേധാവിമാര്‍ എന്നിവരുടെ നിരവധി ഉന്നതതല യോഗങ്ങള്‍ മോദി വിളിച്ചുചേര്‍ത്തിരുന്നു. ഇതോടെ ലഷ്‌കറി തോയിബയ്‌ക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് തന്നെയാണ് സൂചന. സൈനിക തിരിച്ചടി ഏതുവിധം വേണമെന്ന് തീരുമാനിക്കാന്‍ സൈന്യത്തിന് പ്രധാനമന്ത്രി പൂര്‍ണ സ്വാതന്ത്ര്യം കഴിഞ്ഞാഴ്ച നല്‍കിയിരുന്നു.
ബുധനാഴ്ച എല്ലാം സ്ംസ്ഥാനങ്ങളിലും, കേന്ദ്രഭരണപ്രദേശങ്ങളിലും മോക്ക് ഡ്രില്ലുകള്‍ സംഘടിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. അതിര്‍ത്തി മേഖലകളും തന്ത്രപ്രധാന കേന്ദ്രങ്ങളും അടക്കം 259 ഇടങ്ങളില്‍ നാളെ മോക്ഡ്രില്‍ നടത്തും. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് മോക്ഡ്രില്‍ സംഘടിപ്പിക്കുക. മെട്രോകള്‍, ആണവ നിലയങ്ങള്‍, തുറമുഖങ്ങള്‍ അടക്കം 259 ഇടങ്ങളെ 3 വിഭാഗങ്ങളായി തിരിച്ച് നാളെ മോക്ഡ്രില്‍ നടത്തും. ഇതിനായി ആഭ്യന്തര സെക്രട്ടറി വിളിച്ച യോഗത്തില്‍ ചീഫ് സെക്രട്ടറിമാരും സിവില്‍ ഡിഫന്‍സ് മേധാവികളും പങ്കെടുത്തു. ജനങ്ങളെ ഒഴിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അപായ സൈറണുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തും.
അപായസൈറണുകള്‍ മുഴക്കുന്നതിനൊപ്പം ഒഴിപ്പിക്കലുകളും റിഹേഴ്‌സ് ചെയ്യും. ഇന്ത്യന്‍ വ്യോമസേനയുടെ റേഡിയോ, ഹോട്ട്‌ലൈന്‍ ലിങ്കുകളും കണ്‍ട്രോള്‍ റൂമുകളും ഷാഡോ കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തന സജ്ജമാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. വില്ലേജ് തലം വരെയാണ് മോക്ക് ഡ്രില്ലുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സിവില്‍ ഡിഫന്‍സ് വാര്‍ഡന്‍മാര്‍, വോളണ്ടിയര്‍മാര്‍, ഹോം ഹാര്‍ഡുകള്‍, എന്‍സിസി, എന്‍എസ്എസ്, നെഹ്രു യുവ കേന്ദ്ര സംഘാടന്‍, സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ എന്നിവരും മോക്ക് ഡ്രില്ലുകളില്‍ പങ്കെടുക്കും.
ആകാശമാര്‍ഗ്ഗമുള്ള ആക്രമണം തടയാന്‍ എയര്‍ സൈറന്‍, ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനും താമസിപ്പിക്കാനുമുള്ള സൗകര്യം, രാത്രി വിളക്കണച്ച് ബ്ലാക് ഔട്ട് ഡ്രില്‍ തുടങ്ങി 10 നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. കാര്‍ഗില്‍ യുദ്ധകാലത്ത് പോലും ഇത്രയും വിപുലമായ തയ്യാറെടുപ്പിന് നിര്‍ദ്ദേശം ഉണ്ടായിരുന്നില്ല. കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ തീര സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദ്ദേശം. ഇതിന് പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, ദാദ്ര നഗര്‍ ഹവേലി, മധ്യപ്രദേശ് എന്നീ പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്കും ഉയര്‍ന്ന ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.
മോക് ഡ്രില്ലിന്റെ ഭാഗമായി നാളെ 4 മണിക്ക് എയര്‍ റെയ്ഡ് വാണിങ് വരും. ആദ്യം വിവിധ കേന്ദ്രങ്ങളില്‍ സൈറന്‍ മുഴക്കും. തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് സംവിധാനം സജീവമാക്കാനാണ് മോക് ഡ്രില്ലിലൂടെ ലക്ഷ്യമിടുന്നത്. ആശയവിനിമയം നടത്താന്‍ ഹാം റേഡിയോയുടെയും മാധ്യമങ്ങളുടെയും സഹായം തേടും. തുടര്‍ന്ന് പ്രധാനപ്പെട്ട സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ച് സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റുകയും മുന്നറിയിപ്പു നല്‍കുകയും ചെയ്യും.
പഹല്‍ഗാം ഭീകരാക്രമണം: ഒരാള്‍ അറസ്റ്റില്‍
പഹല്‍ഗാം ഭീകരാക്രമണ സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തു. അഹമ്മദ് ബിലാല്‍ എന്നയാളാണ് അറസ്റ്റിലായത്. ബൈസരണ്‍ വാലിക്ക് സമീപത്ത് നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. ഇയാള്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് ധരിച്ചതെന്നാണ് വിവരം. എവിടെ നിന്നാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കിട്ടിയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
എന്നാല്‍ ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. നേരത്തെ ജമ്മു കാശ്മീലെ പൂഞ്ചിലെ നിയന്ത്രണരേഖയ്ക്ക് സമീപത്ത് നിന്ന് പാകിസ്ഥാന്‍ പൗരനെ പിടികൂടിയിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരിക്കെയാണ് അതിര്‍ത്തിയില്‍ നിന്ന് പാകിസ്ഥാന്‍ പൗരനെ ഇന്ത്യന്‍ സൈന്യം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.