- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അജിത്തിന്റെ സാമ്രാജ്യം ഇനി സുനേത്രയ്ക്ക്? കണ്ണീരില്‍ കുതിര്‍ന്ന ബാരാമതിയില്‍ സഹതാപ തരംഗം ലക്ഷ്യം; സ്വാധീനശേഷിയില്‍ പിന്നിലായ മകന്‍ പാര്‍ത്ഥ് പതറുന്നു; പ്രഫുല്‍ പട്ടേലും ഭുജ്ബലും മുണ്ടെയും ഒപ്പത്തിനൊപ്പം; എന്‍സിപിയില്‍ അധികാരത്തിനായി മൂന്ന് ശക്തികേന്ദ്രങ്ങള്‍; മഹാരാഷ്ട്രയില്‍ അജിത് പവാറിന് ശേഷം ആര്?
മഹാരാഷ്ട്രയില്‍ അജിത് പവാറിന് ശേഷം ആര്?

മുംബൈ: കണിശക്കാരനും, കഠിനാദ്ധ്വാനിയും, കരുത്തനുമായ പ്രിയപ്പെട്ട നേതാവിനെയാണ് മഹാരാഷ്ട്രയില്‍, അജിത് പവാറിന്റെ അപ്രതീക്ഷിത വേര്‍പാടിലൂടെ എന്‍സിപിക്ക് സംഭവിച്ചിരിക്കുന്നത്. ബാരാമതിയിലെ വിമാന അപകടം, എന്‍സിപി (അജിത് പവാര്‍ വിഭാഗത്തെ) വലിയൊരു പ്രതിസന്ധിയിലേക്കാണ് നയിച്ചത്. പാര്‍ട്ടിയെ തന്റെ വ്യക്തിപ്രഭാവത്തിലൂടെയും എംഎല്‍എമാരുടെ മേലുള്ള അപാരമായ സ്വാധീനത്തിലൂടെയും നിയന്ത്രിച്ചിരുന്ന 'ദാദ'യുടെ വിയോഗം ഒരു അധികാര വടംവലിക്ക് കളമൊരുക്കിയിരിക്കുകയാണ്. മൂന്ന് വ്യത്യസ്ത ശക്തികേന്ദ്രങ്ങളാണ് പാര്‍ട്ടിയുടെ കടിഞ്ഞാണിനായി ഇപ്പോള്‍ രംഗത്തുള്ളത്.
പവാര്‍ കുടുംബത്തിന്റെ പാരമ്പര്യം: സുനേത്രയോ പാര്‍ത്ഥോ?
അജിത് പവാറിന്റെ രാഷ്ട്രീയ പാരമ്പര്യം കുടുംബത്തിനുള്ളില്‍ തന്നെ നിലനിര്‍ത്തണമെന്ന വാദം ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.
സ്വാധീനശേഷിയില്‍ സുനേത്ര പവാര്‍ മുന്നില്‍
അജിത് പവാറിന്റെ ഭാര്യ എന്ന നിലയില്‍ അനുഭാവ വോട്ടുകള്‍ നേടാന്‍ സുനേത്ര പവാറിന് സാധിക്കും. നിലവില്‍ രാജ്യസഭാംഗമായ സുനേത്രയ്ക്ക് ബാരാമതിയിലെ താഴെത്തട്ടിലുള്ള സംഘടനകളില്‍ വലിയ സ്വാധീനമുണ്ട്. എന്നാല്‍, ഭരണപരമായ പരിചയക്കുറവും പാര്‍ട്ടിയെ നയിക്കാനുള്ള രാഷ്ട്രീയ തന്ത്രജ്ഞതയും ഇവര്‍ക്ക് വെല്ലുവിളിയാണ്.
വെറുമൊരു രാഷ്ട്രീയക്കാരന്റെ ഭാര്യ എന്നതിലുപരി സ്വന്തമായൊരു വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് സുനേത്ര. മറാത്ത്വാഡയിലെ സ്വാധീനമുള്ള രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ് അവര്‍ വരുന്നത്. മുന്‍ മന്ത്രി പദംസിങ് പാട്ടീലിന്റെ സഹോദരിയാണ്. 2010 മുതല്‍ 'എന്‍വയോണ്‍മെന്റല്‍ ഫോറം ഓഫ് ഇന്ത്യ' (EFOI) എന്ന എന്‍ജിഒ വഴി പരിസ്ഥിതി സൗഹൃദ ഗ്രാമങ്ങള്‍ക്കായി അവര്‍ പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ ലഭിച്ച 'ഗ്രീന്‍ വാരിയര്‍' അവാര്‍ഡ് അവരുടെ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമാണ്.
ബാരാമതി ടെക്‌സ്‌റ്റൈല്‍ കമ്പനിയുടെ ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ വ്യവസായ മേഖലയിലും അവര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്. 25,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന 'വിദ്യാ പ്രതിഷ്ഠാന്റെ' ട്രസ്റ്റിയായും പൂനെ സര്‍വകലാശാലാ സെനറ്റ് അംഗമായും അവര്‍ പ്രവര്‍ത്തിക്കുന്നു.
പവാര്‍ കുടുംബത്തിലെ മരുമകളായി ഒതുങ്ങാതെ, സ്വന്തം നിലയില്‍ ഒരു നെറ്റ്വര്‍ക്ക് അവര്‍ കെട്ടിപ്പടുത്തിരുന്നു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുപ്രിയ സുലെയ്ക്കെതിരെ മത്സരിച്ചപ്പോള്‍ പരാജയപ്പെട്ടെങ്കിലും, അത് അവരെ സംസ്ഥാനം ശ്രദ്ധിക്കുന്ന ഒരു നേതാവാക്കി മാറ്റി. തൊട്ടുപിന്നാലെ രാജസഭയിലെത്തിയത് അവരുടെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണ്ണായക വഴിത്തിരിവായി.
എന്തുകൊണ്ട് സുനേത്ര മുന്നില്‍ നില്‍ക്കുന്നു?
അജിത് പവാറിന്റെ ദാരുണാന്ത്യം മഹാരാഷ്ട്രയിലുണ്ടാക്കിയ സഹതാപ തരംഗത്തെ ഏറ്റുവാങ്ങാന്‍ സുനേത്രയ്ക്ക് സാധിക്കും. ഇത് പുരുഷ നേതാക്കള്‍ക്ക് അസാധ്യമായ ഒന്നാണ്. ശരദ് പവാര്‍ - അജിത് പവാര്‍ തര്‍ക്കങ്ങള്‍ക്കിടയില്‍, അജിത്തിന്റെ പാരമ്പര്യം കാക്കാന്‍ മകന്‍ പാര്‍ത്ഥിനേക്കാള്‍ ഇന്ന് പാര്‍ട്ടി വിശ്വസിക്കുന്നത് സുനേത്രയെയാണ്. രാജ്യസഭാ എംപി എന്ന നിലയില്‍ അവര്‍ക്ക് ഡല്‍ഹിയിലുള്ള സ്വാധീനം ബിജെപിയുമായുള്ള സഖ്യചര്‍ച്ചകള്‍ക്ക് ഗുണകരമാകും.
എന്‍സിപിയുടെ രണ്ട് വിഭാഗങ്ങളും ലയിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്ന ഈ സാഹചര്യത്തില്‍, സുനേത്രയുടെ നിലപാട് നിര്‍ണ്ണായകമാകും. അവര്‍ അജിത് പവാറിന് പകരമായി ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമോ എന്നത് ഇപ്പോള്‍ തള്ളിക്കളയാനാവാത്ത ഒരു ചോദ്യമാണ്. പവാര്‍ കുടുംബത്തിലെ പുരുഷാധിപത്യ രാഷ്ട്രീയ പാരമ്പര്യത്തില്‍ നിന്ന് സ്ത്രീ നേതൃത്വത്തിലേക്കുള്ള വലിയൊരു മാറ്റമായിരിക്കും ഇത്. സുപ്രിയ സുലെയുടെ ശക്തയായ എതിരാളിയായി സുനേത്ര മാറിയാല്‍, മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ 'പവാര്‍ പോര്' പുതിയൊരു അധ്യായത്തിലേക്ക് കടക്കും
പാര്‍ത്ഥ് പവാര്‍ ചലനമുണ്ടാക്കുമോ?
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാവല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കുമ്പോള്‍, പവാര്‍ കുടുംബത്തിലെ മൂന്നാം തലമുറ നേതാവായാണ് പാര്‍ത്ഥ് പവാര്‍ വിഭാവനം ചെയ്യപ്പെട്ടത്. ആ വര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന ശരദ് പവാറിന്റെ തീരുമാനത്തിനൊപ്പമായിരുന്നു പാര്‍ത്ഥിന്റെ രാഷ്ട്രീയ പ്രവേശനവും. കുടുംബത്തിനുള്ളില്‍ സ്വന്തമായൊരു രാഷ്ട്രീയ വംശാവലി സ്ഥാപിക്കാനുള്ള അജിത് പവാറിന്റെ ശ്രമമായാണ് പാര്‍ത്ഥിന്റെ സ്ഥാനാര്‍ത്ഥിത്വം വ്യാപകമായി വീക്ഷിക്കപ്പെട്ടത്.
എന്നാല്‍, ആ തിരഞ്ഞെടുപ്പിലേറ്റ പരാജയവും അതിനുപിന്നാലെ സജീവ രാഷ്ട്രീയത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ പിന്‍വാങ്ങലും ആ പദ്ധതികളെ തകിടം മറിച്ചു. നിയമസഭാ രാഷ്ട്രീയത്തിലൂടെ ശക്തമായ അടിത്തറയുണ്ടാക്കിയ തന്റെ കസിന്‍ രോഹിത് പവാറിനെപ്പോലെയല്ല പാര്‍ത്ഥ്. സ്വന്തമായി ഒരു മണ്ഡലത്തിലോ അണികള്‍ക്കിടയിലോ സ്വാധീനം കെട്ടിപ്പടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. 'പവാര്‍' എന്ന കുടുംബപ്പേര് അദ്ദേഹത്തെ രാഷ്ട്രീയമായി പ്രസക്തനാക്കി നിര്‍ത്തുന്നുണ്ടെങ്കിലും, തിരഞ്ഞെടുപ്പിലെ വിജയങ്ങളുടെ അഭാവം അദ്ദേഹത്തെ ഒരു ഉടനടിയുള്ള പിന്‍ഗാമിയേക്കാള്‍ (Immediate successor), ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാത്രം പരിഗണിക്കാന്‍ കഴിയുന്ന ഒരാളായി മാറ്റുന്നു.
ബുദ്ധി കേന്ദ്രങ്ങളും സംഘാടകരും: പ്രഫുല്‍ പട്ടേലും തത്കരേയും
രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നതില്‍ അഗ്രഗണ്യരായ നേതാക്കളാണ് ഇവര്‍. ഡല്‍ഹിയിലെ രാഷ്ട്രീയ ഇടനാഴികളില്‍ സ്വാധീനമുള്ള പ്രഫുല്‍ പട്ടേല്‍, എന്‍സിപിയുടെ ചാണക്യനായാണ് അറിയപ്പെടുന്നത്. സഖ്യകക്ഷിയായ ബിജെപിയുമായുള്ള ബന്ധം സുഗമമായി കൊണ്ടുപോകാന്‍ ഇദ്ദേഹത്തിന്റെ നേതൃത്വം അനിവാര്യമാണ്. എന്നാല്‍ മഹാരാഷ്ട്രയില്‍ സ്വന്തമായി ഒരു വോട്ട് ബാങ്ക് ഇല്ലാത്തത് ഇദ്ദേഹത്തെ ഒരു താല്‍ക്കാലിക നേതാവായി ഒതുക്കിയേക്കാം.
സുനില്‍ തത്കരെ: പാര്‍ട്ടി സംവിധാനത്തിന്റെ കടിഞ്ഞാണ്‍ കൈവശമുള്ള സംസ്ഥാന അധ്യക്ഷന്‍. കൊങ്കണ്‍ മേഖലയിലെ കരുത്തനായ ഇദ്ദേഹത്തിന് പാര്‍ട്ടിയെ താഴെത്തട്ടില്‍ തളരാതെ പിടിച്ചുനിര്‍ത്താന്‍ കഴിയും.
ജനകീയ മുഖങ്ങള്‍: ഭുജ്ബലും മുണ്ടെയും
ഒബിസി വോട്ടുകള്‍ നിര്‍ണ്ണായകമായ മഹാരാഷ്ട്രയില്‍ ഈ രണ്ട് നേതാക്കളെയും തള്ളിക്കളയാനാവില്ല. ഛഗന്‍ ഭുജ്ബല്‍ ഭരണപരിചയത്തില്‍ ഒന്നാമനാണ്. മഹാരാഷ്ട്രയിലെ മുതിര്‍ന്ന ഒബിസി നേതാവായ ഭുജ്ബല്‍ ഒരു സംരക്ഷണ കവചമായി പാര്‍ട്ടിക്ക് ഒപ്പമുണ്ടാകും. എന്നാല്‍ പ്രായം ഇദ്ദേഹത്തിന് വില്ലനാകുന്നു.
ധനഞ്ജയ് മുണ്ടെ, ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിവുള്ള നേതാവാണെങ്കിലും, മുന്‍പത്തെ ക്രിമിനല്‍ കേസുകളും വിവാദങ്ങളും ഇദ്ദേഹത്തിന്റെ പദവിക്ക് മങ്ങലേല്‍പ്പിക്കുന്നു.
മുന്നിലുള്ള വെല്ലുവിളികള്‍
അജിത് പവാറിന്റെ മരണത്തോടെ ഷിന്‍ഡെ-ഫഡ്‌നാവിസ് സര്‍ക്കാരിനുള്ളിലെ 'മഹായുതി' സഖ്യത്തിലും ആശങ്ക പടരുകയാണ്. എന്‍സിപിയിലെ ഒരു വിഭാഗം എംഎല്‍എമാര്‍ ശരദ് പവാറിലേക്ക് തിരികെ പോകുമോ എന്ന ഭയവും ബിജെപി ക്യാമ്പിനുണ്ട്. അജിത് പവാറിന് പകരമായി ഒരു ഏകനേതാവിനെ ഉയര്‍ത്തിക്കാട്ടുന്നത് പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിയുണ്ടാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍, സുനേത്ര പവാറിനെ മുന്നില്‍ നിര്‍ത്തി പ്രഫുല്‍ പട്ടേലും തത്കരേയും അടങ്ങുന്ന ഒരു 'കൂട്ടായ നേതൃത്വം' എന്ന ഫോര്‍മുലയിലേക്കായിരിക്കും പാര്‍ട്ടി നീങ്ങുക.


